Advertisement

‘സിനിമയിൽ തഴയപ്പെട്ട കാലത്ത് അദ്ദേഹം ലോണെടുത്ത് ഒരു സിനിമ ചെയ്തു’; സേതുമാധവന്റെ ജീവിതത്തിലെ അധികമാർക്കുമറിയാത്ത ചില ഏടുകളെ കുറിച്ച് ശ്രീകുമാരൻ തമ്പി

December 24, 2021
Google News 2 minutes Read
sreekumaran thambi about sethumadhavan

അന്തരിച്ച സംവിധായകൻ സേതുമാധവനെ കുറിച്ച് പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. ട്വന്റിഫോറിലൂടെയായിരുന്നു ശ്രീകുമാരൻ തമ്പിയുടെ പ്രതികരണം. ( sreekumaran thambi about sethumadhavan )

‘എല്ലാ വലിയ കലാകാരന്മാർക്കും ഒരു കാലത്ത് ജനപിന്തുണ നഷ്ടപ്പെടും. സേതുമാധവനും സിനിമകൾ ഇല്ലാതായി. ആ സമയത്ത് നാഷണൽ ഫിലിം ഡവലപ്‌മെന്റ് കോർപറേഷനിൽ നിന്ന് ലോൺ എടുത്ത് ‘മറുപുറം’ എന്ന തമിഴ് സിനിമ നിർമിച്ചു. അതിന് ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള സ്വർണ താമര ലഭിച്ചു. ജയഭാരതിയായിരുന്നു അതിലെ നായിക’- ശ്രീകുമാരൻ തമ്പി പറയുന്നു.

പി. ഭാസ്‌കരൻ ഓർഗനൈസേഷൻ നൽകുന്ന സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം സേതുമാധവന് തന്റെ കൈകൊണ്ട് നൽകാൻ കഴിഞ്ഞതിലുള്ള സന്തോഷവും ശ്രീകുമാരൻ തമ്പി ഓർക്കുന്നു. ‘തമ്പിയെ കൊണ്ട് ഞാൻ പാട്ടെഴുതിച്ചിട്ടില്ല, എങ്കിലും എന്നെ ആദരിച്ചതിൽ സന്തോഷം’ എന്ന് സേതുമാധവൻ തന്നോട് പറഞ്ഞതായി ശ്രീകുമാരൻ തമ്പി പറയുന്നു. സേതുമാധവൻ എന്നത് സിനിമാ സംവിധാനം പഠിക്കാനുള്ള സർവകലാശാലയാണെന്ന് അദ്ദേഹം മറപടിയായി പറഞ്ഞു. അദ്ദേഹമെടുക്കുന്ന ഓരോ ഷോട്ടും കണ്ട് പഠിച്ചാൽ പോലും ഒരാൾക്ക് സിനിമ ചിത്രീകരിക്കാൻ കഴിയും.

സത്യൻ, പ്രേംനസീർ എന്നിവരുടെ അഭിനയ സാധ്യതകൾ ഏറ്റവും കൂടുതൽ ഉപയോഗിച്ച വ്യക്തിയാണ് സേതുമാധവൻ എന്ന് ശ്രീകുമാരൻ തമ്പി പറയുന്നു. ഓടയിൽ നിന്ന് സിനിമ ആയാൽ ആര് അഭിനയിക്കും എന്ന് പഠിക്കുന്ന കാലത്ത് കുറേ ആലോചിച്ചിട്ടുണ്ട്. പപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ സത്യന് മാത്രമേ സാധിക്കൂവെന്ന് അദ്ദേഹം തെളിയിച്ചു. സേതുമാധവൻ സാറിന്റെ സിനിമയിൽ ചെറിയ വേഷങ്ങൾ പോലും അഭിനയിക്കാൻ നടന്മാർ തയാറായിരുന്നു എന്നത് അദ്ദേഹത്തിന്റെ മഹത്വം കാണിക്കുന്നു.

Read Also : വിടവാങ്ങിയത് ഏറ്ററവും കൂടുതൽ സാഹിത്യകൃതികൾ സിനിമയാക്കിയ സംവിധായകൻ

അമ്മയെ ഒരുപാട് സ്‌നേഹിച്ച വ്യക്തിയായിരുന്നു സേതുമാധവൻ. പ്രൊഡക്ഷൻ ഹൗസ് തുടങ്ങി ആദ്യം പുറത്തിറക്കിയ സിനിമയ്ക്കും അദ്ദേഹം അമ്മ എന്ന് തുടങ്ങുന്ന പേരാണ് നൽകിയത്.

ഒരു സംവിധായകന് നേടാൻ കഴിയുന്ന എല്ലാം നേടിയെടുത്ത് പൂർണജീവിതം ജീവിച്ചാണ് അദ്ദേഹം വിടവാങ്ങുന്നതെന്നും ശ്രീകുമാരൻ തമ്പി ട്വന്റിഫോറിനോട് പറഞ്ഞു.

ഇന്ന് പുലർച്ചെയോടെയാണ് പ്രശസ്ത സംവിധായകൻ കെ എസ് സേതുമാധവൻ (90) അന്തരിച്ചുവെന്ന വാർത്ത പുറത്ത് വരുന്നത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നെയിൽ ആയിരുന്നു അന്ത്യം. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, തമിഴ്, കന്നഡ എന്നീ ഭാഷകളിലും സേതുമാധവൻ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ചലച്ചിത്ര ലോകത്ത് നൽകിയ സമഗ്രസംഭാവനയ്ക്ക് 2009 ൽ ജെസി ഡാനിയേൽ പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.

Story Highlights : sreekumaran thambi about sethumadhavan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here