22
Jan 2022
Saturday

ഇന്നത്തെ പ്രധാന വാർത്തകൾ (30-12-21)

ഒമിക്രോൺ ജാഗ്രത; രാത്രികാല നിയന്ത്രണം ഇന്ന് മുതൽ

രാജ്യത്ത് ഏർപ്പെടുത്തിയ രാത്രികാല നിയന്ത്രണങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ. രാത്രി പത്ത് മുതൽ രാവിലെ അഞ്ച് വരെയാണ് നിയന്ത്രണം. ഡിസംബർ 30 മുതൽ ജനുവരി 2 വരെ ദേവാലയങ്ങളിലും മറ്റ് പൊതുയിടങ്ങളിലും ഉൾപ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകൾ അടക്കം ആൾക്കൂട്ട പരിപാടികൾക്ക് കർശന നിയന്ത്രണമാണ്.

ജമ്മുവിൽ ആറ് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരിൽ വ്യത്യസ്‍ത സംഭവങ്ങളിലായി സുരക്ഷാ സേന ആറ് ഭീകരരെ വധിച്ചു. ജെയ്ഷ മുഹമ്മദ് ഭീകരരെയാണ് സൈന്യം വധിച്ചത്. വധിക്കപ്പെട്ടവരിൽ രണ്ട് പാക്കിസ്ഥാൻ ഭീകരർ ഉണ്ടായിരുന്നതായി ജമ്മു സോൺ പൊലീസ് അറിയിച്ചു. അനന്ത്‌നാഗിലും കുൽഗ്രാമിലും നടന്ന ഏറ്റുമുട്ടലിലാണ് ഭീകരർ കൊല്ലപ്പെട്ടത്.

സിപിഐഎമ്മിന് എന്നോടുള്ള വിശ്വാസം നഷ്ടപ്പെട്ടു’; പ്രതികരണവുമായി എസ് രാജേന്ദ്രൻ

ദേവികുളം തെരഞ്ഞെടുപ്പിൽ വോട്ട് ഭിന്നിപ്പിക്കാൻ ശ്രമിച്ചെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ പാർട്ടിയിൽ നിന്ന് പുറത്തക്കാൻ സിപിഐഎം ജില്ലാ കമ്മിറ്റി ശുപാർശ ചെയ്തതിൽ മറുപടിയുമായി എസ് രാജേന്ദ്രൻ. മെന്പർഷിപ്പ് കൊടുക്കുന്നതും ഒഴിവാക്കുന്നതുമെല്ലാം പാർട്ടിയുടെ അവകാശമാണെന്നും അവരുടെ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ അവരെന്തും ചെയ്യുമെന്നും രാജേന്ദ്രൻ ട്വന്റിഫോറിനോട് പറഞ്ഞു. ( s rajendran about suspension )

ശബരിമല നട ഇന്ന് തുറക്കും; ശിവഗിരി തീർത്ഥാടന മഹാസംഗമത്തിന് തുടക്കം

മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. നാളെ മുതൽ കരിമല വഴിയുള്ള കാനനപാതയിലൂടെ തീർത്ഥാടകരെ കടത്തി വിടും. അടുത്ത മാസം പതിനാലിനാണ് മകര വിളക്ക്. മണ്ഡലകാല പൂജ കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷമാണ് മകരവിളക്കിനായി ശബരിമല നട തുറക്കുന്നത്. വൈകിട്ട് അഞ്ച് മണിക്ക് കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് ദീപം തെളിയിക്കും. നട തുറക്കുന്ന ഇന്ന് ഭക്തർക്ക് പ്രവേശനമുണ്ടാവില്ല. വെള്ളിയാഴ്ച് പുലർച്ചെ നാല് മണി മുതലാണ് തീർത്ഥാടകരെ കടത്തി വിടുക. അതിനിടെ ശിവഗിരി തീർത്ഥാടന മഹാസംഗമത്തിന് ഇന്ന് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.

ഡൽഹിയിൽ ഒമിക്രോൺ സമൂഹവ്യാപനം, കൊവിഡ് രോഗികളിൽ 46% ഒമിക്രോൺ ബാധിതർ

ഒമിക്രോൺ ആശങ്കയിൽ ദേശീയ തലസ്ഥാനം. ഡൽഹിയിൽ സമൂഹവ്യാപനം സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിൻ. യാത്രാ പശ്ചാത്തലം ഇല്ലാത്തവർക്കും ഒമിക്രോൺ ബാധിക്കുന്നു. കൊവിഡ് സ്ഥിരീകരിച്ചവരിൽ 46% ഒമിക്രോൺ രോഗികളാണെന്നും മന്ത്രി പറഞ്ഞു. ഒമിക്രോൺ കേസുകളുടെ എണ്ണം 1,000 ന് അടുത്ത് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജനം കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. അതേസമയം ഇന്ന് രാവിലെ വരെ ഇന്ത്യയിൽ 961 ഒമൈക്രോൺ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിൽ 263 എണ്ണവും ഡൽഹിയിലാണ്.

രാഷ്ട്രപിതാവിനെ നിന്ദിച്ച സംഭവം; ആള്‍ദൈവം കാളീചരണ്‍ മഹാരാജ് അറസ്റ്റില്‍

രാഷ്ട്രപിതാവിനെ നിന്ദിച്ച സംഭവത്തില്‍ ആള്‍ദൈവം കാളീചരണ്‍ മഹാരാജിനെ ഛത്തീസ്ഗഡ് പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഖജുരാഹോയില്‍ നിന്ന് ഇന്നലെ രാത്രിയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ച റായ്പൂരില്‍ നടന്ന ചടങ്ങില്‍ വെച്ചാണ് കാളീചരണ്‍ മഹാരാജ് മഹാത്മാഗാന്ധിയെ നിന്ദിക്കുന്ന പ്രസ്താവന നടത്തിയത്. ധരം സന്‍സാദ് സമ്മേളനത്തിനിടെയായിരുന്നു കാളിചരണിന്റെ വിവാദ പരാമര്‍ശം. രാജ്യത്തിന്റെ വിഭജനത്തിന് കാരണമായത് മഹാത്മാഗാന്ധിയാണെന്നും ഗാന്ധിയെ വധിച്ച ഗോഡ്‌സെയെ അഭിനന്ദിക്കുന്നുവെന്നുമായിരുന്നു പ്രസംഗം.

തിരുവിതാംകൂർ ദേവസ്വം ബോർഡ് എസ്‌റ്റേറ്റ് ഡിവിഷനിലെ മരാമത്ത് പ്രവർത്തനങ്ങളുടെ സുപ്രധാന ഫയലുകൾ കാണാനില്ല

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എസ്‌റ്റേറ്റ് ഡിവിഷനിൽ നടത്തിയ മരാമത്ത് പ്രവർത്തികളുടെ സുപ്രധാന ഫയലുകൾ കാണാനില്ല. മരാമത്ത് പ്രവർത്തികളുടെ 106 ഫയലുകളും എം ബുക്കുമാണ് ഓഫിസിൽ നിന്നും കാണാതായത്. 3.65 കോടി ചെലവഴിച്ച് നടത്തിയ പ്രവർത്തികളുടെ ഫയലുകളാണ് അപ്രത്യക്ഷമായതെന്ന് ഓഡിറ്റിൽ വ്യക്തമായി. 2017 വരെയുള്ള കാലത്ത് നാല് എക്‌സിക്യുട്ടീവ് എൻജീയർമാർ കരാറുകാരെ വഴിവിട്ട് സഹായിച്ച് 5.15 കോടി രൂപ ബോർഡിന് നഷ്ടമുണ്ടാക്കിയെന്നും ഓഡിറ്റിൽ കണ്ടെത്തി. ( Travancore devaswom board files missing )

സംസ്ഥാനത്ത് ഒമിക്രോണ്‍ നിയന്ത്രണ വിധേയം; സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതില്‍ തടസങ്ങളില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി

സംസ്ഥാനത്ത് ഒമിക്രോണ്‍ നിയന്ത്രണ വിധേയമെന്ന് മന്ത്രി വി ശിവന്‍കുട്ടി. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതില്‍ തടസങ്ങളില്ല. ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ചാണ് സ്‌കൂള്‍ തുറന്നത്. അടിയന്തര സാഹചര്യമുണ്ടായാല്‍ അപ്പോള്‍ തീരുമാനമെടുക്കാമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

Story Highlights : Todays Headlies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top