25
Jan 2022
Tuesday

മിന്നൽ “ബേസിൽ” ഫ്രം കുറുക്കൻമൂല!!

പുതുവത്സര വിശേഷങ്ങളുമായി സംവിധായകൻ ബേസിൽ ജോസഫ്

ബേസിൽ ജോസഫ്/ അഖിൽ എസ് എസ്

കുഞ്ഞിരാമായണം, ഗോദ, മിന്നല്‍ മുരളി എന്നീ സിനിമകള്‍ സംവിധാനം ചെയ്ത പ്രേക്ഷകരുടെ ഇഷ്ട സംവിധായകനാണ് ബേസില്‍ ജോസഫ്. ചിരിമഴയായിരുന്നു ‘കുഞ്ഞിരാമായണം’ എങ്കിൽ ചിരിക്കൊപ്പം അൽപം ഇടിയും കൂടിച്ചേർത്തായിരുന്നു ‘ഗോദ’. മൂന്നാമത്തെ ചിത്രത്തിലാകട്ടെ ഇടിയും മഴയും മിന്നലുമൊക്കെയുണ്ട്.

ബേസിൽ നായകനായ സിനിമ ‘ജാൻ എ മൻ’ ഇപ്പോഴും തീയറ്ററുകളിൽ നിറഞ്ഞോടുന്നു. സിനിമയില്‍ അഭിനേതാവായും ബേസില്‍ തിളങ്ങിയിട്ടുണ്ട്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ജോജിയില്‍ പള്ളീലച്ചന്റെ വേഷത്തിലാണ് ബേസില്‍ അഭിനയിച്ചത്. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സംവിധാനം ചെയ്ത ‘മിന്നൽ മുരളി’ ഒടിടിയിൽ‌ ഹിറ്റിന്റെ വെള്ളിടിവെട്ടുമായി മുന്നേറുന്നു. ഒരു കോമിക് ബുക്ക് വായിക്കുന്നതു പോലെ ആളുകൾ ചിത്രം ആസ്വദിക്കുന്നുണ്ട്. മിന്നൽ മുരളി കണ്ട് എന്നെ ഒരുപാട് പേർ വിളിക്കുന്നുണ്ട്.

അഞ്ചു വയസ്സുള്ള കുട്ടികൾ മുതൽ 65 വയസ്സുള്ളവർ വരെ നേരിട്ട് വിളിച്ച് സിനിമ ഇഷ്ടപ്പെട്ടു എന്നു പറയുന്നു. എല്ലാതരം പ്രായക്കാർക്കും സിനിമ ഇഷ്ടപ്പെടുന്നു എന്നറിയുമ്പോൾ സന്തോഷം.,” റിലീസിനു പിന്നാലെ തന്നെ തേടിയെത്തുന്ന പ്രതികരണങ്ങളെ കുറിച്ചും മിന്നൽ മുരളിയുടെ അണിയറവിശേഷങ്ങളെ കുറിച്ചും ട്വന്റി ഫോർ.കോമിനോട് മനസ്സു തുറക്കുകയാണ് ബേസിൽ ജോസഫ്.

നാട്ടുകാരുടെ പിന്തുണ

ഈ സിനിമ ഇറങ്ങുമ്പോൾ എന്നെക്കാൾ എക്സൈറ്റ്മെന്റ് ജന്മനാടായ വയനാട്ടുകാർക്കാണ്. ‘മിന്നൽ മുരളി’ എന്ന സിനിമ എന്തിലൂടെയൊക്കെ കടന്നു പോയിട്ടുണ്ടെന്നും എന്തൊക്കെ പ്രശ്നങ്ങൾ നേരിട്ടുണ്ടെന്നും അവർക്കറിയാം. സിനിമയുടെ ചിത്രീകരണത്തിനിടെ വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. കൊവിഡ് ഒരു പ്രശ്നം, അതല്ലാതെ നമ്മുടെ കയ്യിൽ നിൽക്കാത്ത, മനസ്സിൽ പോലും ചിന്തിക്കാത്ത പ്രശ്നങ്ങള്‍. വ്യക്തിപരമായി അതൊക്കെ മനസ്സിലാക്കി എന്റെ കൂടെ നിന്നവരില്‍ സുഹൃത്തുക്കളും കുടുംബാംഗങ്ങളും നാട്ടുകാരുമുണ്ട്. വളരെവൈകാരികമായാണ് അവർ ഈ ചിത്രത്തെ കാണുന്നത്.

കഴിഞ്ഞ രണ്ടുമൂന്നു വർഷമായി എന്നെ കാണുമ്പോഴൊക്കെ അവിടെയുള്ളവർക്ക് ചോദിക്കാനുള്ളത് മിന്നൽ മുരളിയെക്കുറിച്ച് മാത്രമായിരുന്നു. അവർക്കും വർഷങ്ങളുടെ കാത്തിരിപ്പാണ് ഈ സിനിമ. സിനിമ ഒടിടിയില്‍ കാണാൻ വേണ്ടി വലിയ ടിവിയും സ്പീക്കറും വാങ്ങിച്ച കുടുംബാംഗങ്ങളും സുഹൃത്തുക്കളും അവിടെയുണ്ട്. എന്റെ അച്ഛൻ ഒരു ഹോം തിയറ്റർ തന്നെ ഈ സിനിമ കാണാനായി വീട്ടിൽ ഉണ്ടാക്കി. അടുത്തുള്ള ബന്ധുക്കളെയും തൊട്ടടുത്തുള്ള വീട്ടുകാരെയും കാണിക്കാൻ വേണ്ടിയാണ് അച്ഛൻ ഇതിന് ഇറങ്ങിത്തിരിച്ചത്. എന്നോടുപോലും ഇതിനെപ്പറ്റി മിണ്ടിയില്ല. അത് ഈ സിനിമയോടുള്ള സ്നേഹമാണ്.

മിന്നൽ മുരളിയിലെ ഡീറ്റെയിലിംഗ്

മിന്നൽ മുരളിയിൽ ആർട്ടിലും കോസ്റ്റ്യൂമിലുമെല്ലാം ഡീറ്റെയിലിംഗ് ചെയ്തിട്ടുണ്ട്. ഒരുപാട് വിഷ്വൽ കോമഡികളും ചെറിയ മെറ്റഫറുകളും ചിത്രത്തിൽ കൊണ്ടുവരാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. അതിൽ പലതും ആളുകൾ സ്പോട്ട് ചെയ്യുന്നുണ്ട് ഇപ്പോൾ. കൃത്യമായി പറഞ്ഞാൽ, മിന്നൽ മുരളിയ്ക്കായി ഞങ്ങൾ 3 വർഷവും മൂന്നു മാസവും എടുത്തിട്ടുണ്ട്. 2018 സെപ്റ്റംബറിലാണ് ‘മിന്നൽ അടിച്ച് അമാനുഷിക ശക്തി കിട്ടുന്ന ഒരു നാട്ടിൻപ്പുറത്തുകാരൻ’ എന്ന ആശയത്തിൽ നിന്നും ഞങ്ങൾ തുടങ്ങുന്നത്. ചിത്രത്തിലെ എല്ലാ സീനുകൾക്കും ഞങ്ങൾ സ്റ്റോറി ബോർഡ് ചെയ്തിരുന്നു. 1200 ഓളം കളർഫുൾ ഫ്രെയിമുകൾ ഇതിനായി വരച്ചിട്ടുണ്ട്.

ഒരുപാട് പ്രീപ്രൊഡക്ഷൻ വർക്കുകൾ നടത്തിയും സ്റ്റോറി ബോർഡ് ചെയ്തുമൊക്കെയാണ് ഞങ്ങൾ ഇതിനുവേണ്ടി ഇറങ്ങിയത്. അസിസ്റ്റന്റ് ഡയറക്ടർമാർക്കും ആർട്ട് ഡയറക്ടർക്കുമൊക്കെ അതിന്റെ ക്രെഡിറ്റ് കൊടുക്കണം.ഞങ്ങൾ പോലും വിചാരിക്കാത്ത ബ്രില്ല്യൻസുകളും ആളുകൾ കണ്ടെത്തുന്നുണ്ട് . പ്രേക്ഷകരുടെ ഇത്തരത്തിലുള്ള പ്രതികരണങ്ങളൊക്കെ കാണുന്നത് രസമാണ്. എല്ലാവരിലും ഉണ്ടായിരുന്ന ആ ആവേശത്തിന്റെ, ടീം വർക്കിന്റെ ഫലമാണ് ഈ വിജയം.

‘സീരിയസാക്കിയ’ ജോജി

ആക്ടർ എന്ന നിലയിൽ ഈ വർഷം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും ഗുണം ചെയ്‌തതുമായ ചെയ്ത സിനിമയാണ് ‘ജോജി’. കോമഡിയിലേക്ക് ടൈപ്പ് കാസ്റ്റ് ആയി പോകുന്ന സാഹചര്യത്തിലാണ് ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ഫാ. കെവിൻ എന്ന കഥാപാത്രത്തിലൂടെ ഒരു ബ്രേക്ക് തരുന്നത്. എനിക്കൊരു ക്രിസ്തീയ പശ്ചാത്തലം ഉള്ളതുകൊണ്ടും എന്റെ അച്ഛന്‍ പ്രീസ്റ്റ് ആയതുകൊണ്ടുമൊക്കെയായിരിക്കാം ആ ക്യാരക്ടറിലേക്ക് അവരെന്നെ തിരഞ്ഞെടുത്തത്. ജോജിയില്‍ അഭിനയിക്കുമ്പോള്‍ അച്ഛന്റെ സുഹൃത്തുക്കളാണ് സുറിയാനി പ്രാര്‍ത്ഥന ട്യൂണില്‍ പാടി അയച്ചു തന്നത്. എന്നെ പള്ളീലച്ചനാക്കണമെന്ന് വീട്ടുകാര്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. അതില്‍ നിന്ന് ഞാനായിട്ട് വഴുതിപ്പോയതാണ്. പക്ഷേ ഷൂട്ട് തുടങ്ങുന്ന അവസാന നിമിഷം വരെ അതൊരു കോമഡി ക്യാരക്ടറായിരിക്കുമെന്നാണ് വിചാരിച്ചത്. അവിടെ ചെന്നപ്പോഴാണ് സീരിയസായ ക്യാരക്ടർ ആണെന്ന് മനസ്സിലായത്.

സമീർ താഹിർ എന്ന ഡിഓപി എങ്ങനെ മിന്നൽ മുരളിയിലെത്തി

ഈ ചിത്രത്തിന്റെ എല്ലാ ഘട്ടങ്ങളിലും എനിക്കൊപ്പം തണലായും ആശ്വാസമായും നിന്ന വ്യക്തിയാണ് സമീറിക്ക. അവസാന നിമിഷം ഈ ടീമിലെത്തിയ ആളാണ് സമീർ താഹിർ. ‘മിന്നൽ മുരളി’ ഷൂട്ട് തുടങ്ങുന്നതിന് ഒരാഴ്ച മുമ്പാണ് അദ്ദേഹം ജോയിൻ ചെയ്യുന്നത്. മാനസികമായ പ്രശ്നങ്ങൾക്കിടെ സമ്മർദം ഒട്ടും താങ്ങാൻ പറ്റാത്ത അവസ്ഥയിൽ അദ്ദേഹത്തെപ്പോലെ ഇത്രയും അനുഭവസമ്പത്തുള്ള ഒരാൾ എനിക്കൊപ്പം നിന്നത് ഏറെ സഹായകമായി.

ഷൂട്ട് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ കൊവിഡ് രണ്ടാം തരംഗം, ലോക്ഡൗൺ അങ്ങനെ പലപല പ്രശ്നങ്ങൾ. ഷൂട്ടിങ് നീണ്ടുപോകുന്ന സ്ഥിതി വന്നു. ഈ സമയത്ത് ബോളിവുഡിൽ നിന്നുവരെ ഇക്കയ്ക്ക് ഓഫർ വന്നിരുന്നു. പക്ഷേ ഈ സിനിമ തീർന്നതിനുശേഷം മാത്രമേ മറ്റൊരു ചിത്രം ചെയ്യൂ എന്നൊരു തീരുമാനം അദ്ദേഹമെടുത്തു.

ഷൂട്ട് തുടങ്ങുമ്പോൾ സമീർ ഇക്കയുടെ മകന് ആറുമാസം മാത്രമാണ് പ്രായം. ഏറെ വൈകാരികമായ അവസ്ഥയിലായിരുന്നു അന്ന് ഇക്ക സെറ്റിൽ നിന്നിരുന്നത്. ‘ചെറിയ കുഞ്ഞല്ലേടാ, അവനെ വിട്ട് വരാൻ പറ്റുന്നില്ലെടാ’ എന്നൊക്കെ എന്നോട് പറഞ്ഞിരുന്നു.

പക്ഷേ സിനിമയ്ക്കു വേണ്ടി സമീർ ഇക്ക ഞങ്ങളുടെ കൂടെ നിന്നു. എന്റെ മകൻ ആദ്യമായി കാണുന്ന സിനിമ ഇതായിരിക്കണം എന്ന ആഗ്രഹത്തോടെയാണ് ഈ സിനിമയെ അദ്ദേഹം കണ്ടിട്ടുണ്ടായിരുന്നത്. ആ മോന് ഇപ്പോൾ രണ്ട് വയസ്സാകാറായി.

തിരക്കഥാകൃത്തുക്കളായ അരുൺ അനിരുദ്ധും ജസ്റ്റിൻ മാത്യുവും

അരുൺ അനിരുദ്ധും ജസ്റ്റിൻ മാത്യുവും ചേർന്ന് 2018 തുടക്കത്തിലാണ് തിരക്കഥയുടെ തുടക്കത്തിലേയ്ക്ക് കടക്കുന്നത്. അതിനുശേഷം സ്റ്റോറി ബോർഡിലേക്കു വളർന്നു. കളറുളള ഫ്രെയിമുകളിൽ ആയിരത്തഞ്ഞൂറോളം സ്റ്റോറി ബോർഡുകള്‍ ഈ സിനിമയ്ക്കായി വരച്ചു. പവി ശങ്കർ എന്ന ആർട്ടിസ്റ്റിന്റെ സഹായത്തോടെയാണ് സ്റ്റോറി ബോർഡ് വരച്ചത്. എന്തു തീരുമാനമെടുക്കാനും പൂർണ സാതന്ത്ര്യം തന്ന നിർമാതാക്കളായിരുന്നു സോഫിയ പോളും അവരുടെ മകനായ കെവിനും. അവരുടെ പിന്തുണ എനിക്ക് ആത്മവിശ്വാസം കൂട്ടിയിട്ടേയുള്ളൂ. പവി തന്നെയാണ് സിനിമയുടെ പോസ്റ്റേഴ്സും സൂപ്പർ ഹീറോ കോസ്റ്റ്യൂംസും ഡിസൈൻ ചെയ്തത്. ഓരോ വിഭാഗത്തിലുള്ള ആളുകളും, ഇതൊന്ന് നന്നായി കാണണം എന്ന ആഗ്രഹത്തോടെയാണ് ജോലി ചെയ്തത്. അത് ഈ സിനിമയോടുളള ഇഷ്ടം കൊണ്ടാണോ, ക്രൂവിനോടുള്ള ഇഷ്ടം കൊണ്ടാണോ അതോ  സിനിമയുടെ പ്രത്യേകത കൊണ്ടാണോ എന്നറിയില്ല.

ഷിബു എന്ന കഥാപാത്രത്തെ തേടി ഗുരു സോമസുന്ദരിലെത്തുന്നത്?

ഒരു കുഗ്രാമത്തിന്റെ പശ്ചാത്തലത്തിലുള്ള കഥ, അവിടെ ഒരു വില്ലൻ എന്നൊക്കെ പറഞ്ഞാൽ കൂടിപ്പോയാൽ ഒരു രാഷ്ട്രീയക്കാരൻ, അല്ലെങ്കിൽ ഒരു ഗ്യാങ്ങ്സ്റ്റർ, അതിനപ്പുറം ഒരു സൂപ്പർ വില്ലനെ കിട്ടാൻ ബുദ്ധിമുട്ടാണ്. അല്ലെങ്കിൽ ഒരു ഫാന്റസി കൂടി കൊണ്ടുവരണം.

ഈ സിനിമയിൽ വില്ലൻ കഥാപാത്രത്തെയാണ് ഞങ്ങളേറ്റവും​ അവസാനം തീരുമാനിക്കുന്നത്. ആറുമാസത്തോളം തലകുത്തി നിന്നിട്ടാണ് ഞങ്ങൾക്ക് ഞങ്ങളുടെ വില്ലനെ കിട്ടുന്നത്. അതുവരെ, സൂപ്പർ ഹീറോയ്ക്ക് ഒരു സൂപ്പർ വില്ലനായി ആരുവരും എന്നായിരുന്നു ആലോചന.

ആദ്യമേ ചിത്രത്തിൽ ഒരു ഫാന്റസി എലമെന്റ് ഉണ്ട്, രണ്ടാമതൊന്നു കൂടി ബോധപൂർവ്വം കൊണ്ടുവരുമ്പോൾ സംഭവം ബോറാവുമോ എന്ന ആലോചനയാൽ എഴുത്ത് പലപ്പോഴും നിന്നുപോയി. അങ്ങനെയിരിക്കുമ്പോഴാണ്, ഒരേ മിന്നൽ രണ്ടുപേർക്ക് അടിച്ചാലോ എന്നാലോചിക്കുന്നത്. നാണയത്തിന്റെ രണ്ടുവശങ്ങളെ പോലെ ഒരു നായകനും വില്ലനുമെന്ന ആശയത്തിലേക്ക് എത്തിയത്.

ബേസിൽ ചിത്രങ്ങളിലെ കാലഘട്ടവും ദേശവും

സാങ്കൽപ്പിക ദേശമാണ് എന്റെ മൂന്നുസിനിമകളുടെയും ഗ്രാമങ്ങൾ. സിനിമകളിൽ ഇത്തരം ചില കാര്യങ്ങൾ കൊണ്ടുവരുന്നതാണ് ഒരു ഫിലിം മേക്കർ എന്ന രീതിയിലുള്ള എന്റെ രസങ്ങൾ. ഞാനത്തരം കാര്യങ്ങളൊക്കെ നന്നായി ആസ്വദിക്കാറുണ്ട്. ആധികാരികമായി ചിന്തിക്കാനൊന്നുമില്ല അതിൽ.​

കുറുക്കൻമൂലയിലെ വണ്ടിയുടെ രജിസ്ട്രേഷൻ നമ്പറുകൾ KM എന്നതിൽ തുടങ്ങുന്നു അതൊരു സാങ്കൽപ്പികദേശം ഒരുക്കുമ്പോൾ ലഭിക്കുന്ന സ്വാതന്ത്ര്യമാണ്.

കുഞ്ഞിരാമായണത്തിൽ വണ്ടികൾക്ക് KL 15 എന്നാണ് നമ്പർ പ്ലേറ്റ് കൊടുത്തിരിക്കുന്നത്. KL 14 വരെയാണല്ലോ സാധാരണ പറയുന്നത്, ഇത് പതിനാല് ജില്ലകളും കഴിഞ്ഞ് വേറൊരു ദേശം എന്ന രീതിയിലാണ് നൽകിയത്.

മിന്നൽ മുരളി യിൽ വ്യക്തിപരമായി ഏറ്റവും ആസ്വദിച്ച സീൻ ഏതാണ്?

ഷിബു- ഉഷ പ്രണയ സീൻ തന്നെയാണ്. ഗുരു സാറോ ഉഷയെ അവതരിപ്പിച്ച ഷെല്ലിയോ ഗ്ലിസറിൻ ഉപയോഗിച്ചല്ല കരയുന്നത് എന്നതാണ് ആ രംഗത്തിന്റെ ഒരു പ്രത്യേകത.

കഥ ആലോചിക്കുന്ന സമയം മുതൽ തന്നെ ആ രംഗം വളരെ ഇഷ്ടമായിരുന്നു. സിനിമയിൽ, ഷിബു എന്ന കഥാപാത്രത്തിന്റെ തിരഞ്ഞെടുപ്പുകൾ തെറ്റാണ്, പക്ഷെ പുള്ളിയുടെ ലക്ഷ്യം പ്രണയമാണ്. ആ സീൻ ചെയ്യുമ്പോൾ അതിൽ അത്രയും പ്രണയം തോന്നണം. വളരെ ആവേശത്തോടെ ചെയ്തൊരു സീനാണത്. ഒരിക്കലും മറക്കാനാവാത്ത ഒന്ന്.

മിന്നൽ മുരളി രണ്ടാം ഭാഗം

രണ്ടാം ഭാഗം വരാനുള്ള സാധ്യതകളുണ്ട്. ഒന്നും തീരുമാനമായില്ല. ചർച്ചകൾ നടക്കുന്നുണ്ട്, എന്നാൽ ഒന്നും ഔദ്യോഗികമായി പ്രഖ്യാപിക്കാവുന്ന രീതിയിൽ ആയിട്ടില്ല.

പുതിയ ചിത്രങ്ങൾ? അഭിനയവും സംവിധാനവും ബാലൻസ് ചെയ്തുകൊണ്ടുപോവാനാണോ ഭാവി പരിപാടി?

ഭാവന സ്റ്റുഡിയോയുടെ ഒരു ചിത്രത്തിലാണ് അടുത്തതായി അഭിനയിക്കുന്നത്, അത് അടുത്ത മാസം ഷൂട്ടിംഗ് തുടങ്ങും. സംവിധാനം ചെയ്യുന്ന ചിത്രങ്ങളെ കുറിച്ചൊന്നും പറയാറായിട്ടില്ല. കുറച്ചു കഴിയുമ്പോൾ അഭിനയം ഒന്നു കുറയ്ക്കേണ്ടി വരും. കൂടുതൽ സൂപ്പർ ഹീറോ പടമൊക്കെ ചെയ്യേണ്ടി വന്നാൽ കൂടുതൽ സമയം അതിനുവേണ്ടി മാറ്റിവയ്ക്കേണ്ടി വരും, അപ്പോൾ അഭിനയം ഒന്നു ഫിൽറ്റർ ചെയ്യാം എന്നു കരുതുന്നു.

Story Highlights : Basil joseph-interview-minnalmurali-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top