20
Jan 2022
Thursday

ഇന്നത്തെ പ്രധാനവാർത്തകൾ (2-01-22)

സംസ്ഥാനത്ത് കൗമാരക്കാരുടെ വാക്‌സിനേഷന് നാളെ തുടക്കം

സംസ്ഥാനത്ത് 15 മുതല്‍ 18 വയസ് വരെ പ്രായമുള്ളവരുടെ കൊവിഡ് വാക്‌സിനേഷന്‍ നാളെ ആരംഭിക്കും. കുട്ടികളുടെ വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. വാക്സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യുന്നതിനും തടസമില്ല. ജനുവരി 10 വരെ ബുധനാഴ്ച ഒഴികെ ഞായറാഴ്ച ഉള്‍പ്പെടെ എല്ലാ ദിവസവും ജനറല്‍, ജില്ലാ, താലൂക്ക് ആശുപത്രികളിലും സിഎച്ചിസികളിലും കുട്ടികള്‍ക്കുള്ള വാക്‌സിനേഷനുണ്ടായിരിക്കും.

ഇന്ന് മന്നം ജയന്തി

ഇന്ന് മന്നത്ത് പത്മനാഭന്‍ ജയന്തി. സമുദായ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അസ്വമത്വങ്ങളോട് പോരാടുക കൂടി ചെയ്ത സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്നു മന്നത്ത് പത്മനാഭന്‍. കേരളത്തിന്റെ സാംസ്‌കാരിക ഭൂമികയില്‍ സവിശേഷ സ്ഥാനമുള്ള സമുദായ ആചാര്യനാണ് മന്നം. ജയന്തിയോടനുബന്ധിച്ച് താലൂക്ക് യൂണിയനിലും കരയോഗത്തിലും ഇന്ന് പുഷ്പാര്‍ച്ചന നടക്കും.

ലഹരിക്കുരുക്കിൽ കേരളം; 2021-ൽ എക്സൈസ് പിടിച്ചെടുത്തത് കോടിക്കണക്കിന് രൂപയുടെ ലഹരിവസ്തുക്കൽ

മാരക ലഹരിവസ്തുക്കളുടെ വിപണന കേന്ദ്രമായി കേരളം മാറിയതായി കണക്കുകൾ. 2021-ൽ എക്സൈസ് വകുപ്പ് പിടിച്ചെടുത്തത് കോടിക്കണക്കിന് രൂപയുടെ ലഹരിവസ്തുക്കളെന്ന് കണക്കുകൾ. എക്സൈസ് വകുപ്പ് കഴിഞ്ഞ വർഷം പിടിച്ചെടുത്ത ലഹരിമരുന്നുകളുടെ വിശദാംശംങ്ങൾ ട്വന്റി ഫോറിന് ലഭിച്ചു.

സംസ്ഥാനത്തെ രാത്രികാല നിയന്ത്രണം ഇന്നവസാനിക്കും; നിയന്ത്രണങ്ങള്‍ തുടരില്ലെന്ന് സൂചന

ഒമിക്രോണ്‍ വ്യാപന ഭീഷണി കണക്കിലെടുത്ത് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ രാത്രികാല യാത്രാ നിയന്ത്രണം ഇന്നവസാനിക്കും. നിയന്ത്രണങ്ങള്‍ കൂട്ടില്ലെന്നാണ് നിലവിലെ സൂചന. പുതുവത്സര ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ രാത്രി 10 മുതല്‍ രാവിലെ അഞ്ചുവരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

രാജ്യത്ത് 27,553 പേർക്ക് കൊവിഡ്; ഒമിക്രോൺ കേസുകളിൽ വൻ വർധനവ്

രാജ്യത്ത് 24 മണിക്കൂറിനിടെ 27,553 കൊവിഡ് സ്ഥിരീകരിച്ചു. 284 മരണവും റിപ്പോർട്ട് ചെയ്തു. ഒമിക്രോൺ കേസുകളുടെ എണ്ണം 1500 കടന്നു. ഇതുവരെ സ്ഥിരീകരിച്ചത് 1525 പേർക്കാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. 460 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗബാധ സ്ഥിരീകരിച്ചത്.

അവഗണന തുടര്‍ന്നാല്‍ പ്രത്യാഘാതം നേരിടേണ്ടിവരും; സര്‍ക്കാരിന് മുന്നറിയിപ്പുമായി എന്‍എസ്എസ്

മന്നം ജയന്തി ദിനത്തില്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി എന്‍എസ്എസ്. അവഗണന തുടര്‍ന്നാല്‍ പ്രത്യാഘാതം തുടരേണ്ടിവരുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ മുന്നറിയിപ്പുനല്‍കി. മന്നം ജയന്തി ദിനത്തോടനുബന്ധിച്ച് സമ്പൂര്‍ണ അവധി നല്‍കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ മുടന്തന്‍ ന്യായങ്ങളാണ് പറയുന്നത്. സര്‍ക്കാരിന്റേത് ഇരട്ടത്താപ്പാണാണെന്നും ജനങ്ങള്‍ ഇത് തിരിച്ചറിയണമെന്നും ജി.സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇ. എന്‍ സുരേഷ് ബാബു സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയാകും; കൊല്ലത്ത് എസ്. സുദേവന്‍

സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയായി എസ്. സുദേവന്‍ തുടരും. ജില്ലാ കമ്മിറ്റിയില്‍ 16 പേര്‍ പുതുമുഖങ്ങളാണ്. 12 പേരെ ഒഴിവാക്കി. സംസ്ഥാന യുവജന കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം, മുന്‍ കൊട്ടാരക്കര എംഎല്‍എ ഐഷാ പോറ്റി, മുന്‍ മേയര്‍ സബിത ബീഗം എന്നിവര്‍ സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റിയിലിടം പിടിച്ചു. എസ് സുദേവന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഒരുവിഭാഗം എതിര്‍പ്പറിയിച്ചെങ്കിലും സംസ്ഥാന നേതൃത്വം സുദേവന്‍ എന്ന ഒറ്റപ്പേരിലേക്ക് ചുരുങ്ങുകയായിരുന്നു.

ഭരണഘടനാ സ്ഥാപനങ്ങളെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുത്; ഗവർണർ

നിരുത്തരവാദപരമായ പ്രസ്താവനകൾക്ക് മറുപടിയില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണഘടനയ്ക്ക് അനുസൃതമായ പ്രതികരണങ്ങൾ മാത്രമേ പ്രതീക്ഷിക്കാവൂ. ഒരു വിവാദങ്ങളോടും പ്രതികരിക്കാനില്ല. ഭരണഘടനയും നിയമവും മനസിലാക്കി വേണം എല്ലാവരും പ്രതികരിക്കാൻ. ചാൻസലർ വിവാദത്തിൽ പുതുതായി ഒന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർവകലാശാലകൾ ബാഹ്യ സമ്മർദ്ദങ്ങൾക്ക് കീഴ്‌പ്പെടാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights : Todays Headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top