Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (14/01/22)

January 14, 2022
Google News 1 minute Read

ദിലീപിന് നിർണായക ദിനം; മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം തേടി നടൻ ദിലീപ് അടക്കം 5 പ്രതികൾ സമര്‍പ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് കെട്ടിച്ചമച്ചതാണെന്നാണ് ദിലീപിന്റെ വാദം. അന്വേഷണം പുരോഗമിക്കുകയാണെന്നും ദിലീപിനെ ചോദ്യം ചെയ്ത് തെളിവ് ശേഖരിക്കേണ്ടതുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിക്കും.

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികൾ രണ്ടര ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 2,64,202 പേർക്ക് കൊവിഡ്; ഒമിക്രോൺ സ്ഥിരീകരിച്ചവർ 5753

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 2,64,202 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.7%. രോഗമുക്തി നിരക്ക് 95.20%. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 12.7 ലക്ഷമാണ്. രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 5753 ആയി.(covid19)

ബലാത്സംഗക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തൻ

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തൻ. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റക്കാരനല്ലെന്ന് കോടതി വ്യക്തമാക്കി. ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി വിധി പ്രസ്താവത്തിൽ പറഞ്ഞു. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്.

പഞ്ചാബ് നിയമസഭാ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് സിപിഐഎം സഖ്യം

പഞ്ചാബ് നിയമസഭാ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് സിപിഐഎം സഖ്യം. കോൺഗ്രസ് സിപിഐഎം സിപിഐ എന്നി പാർട്ടികൾ ഒന്നിച്ച് മത്സരിക്കാനാണ് നീക്കം. കോൺഗ്രസ് സഹകരണം സിപിഐഎം കേന്ദ്ര നേതൃത്വം സ്ഥിരീകരിച്ചു. ചില നീക്കുപോക്കുകൾ മാത്രമാണ് ഉണ്ടാകുകയെന്ന് സിപിഐഎം പൊളിറ്റ് ബ്യുറോ അംഗം നീലോത്പൽ ബസു പറഞ്ഞു. സിപിഐഎമ്മുമായി സഖ്യത്തിനില്ലെന്നാണ് മറ്റ് ഇടത് പാർട്ടികളുടെ നിലപാട്.(punjab elections 2022)

ദിലീപിന്റെ മുൻ‌കൂർ ജാമ്യ ഹർജി മാറ്റി; ഹർജി ചൊവ്വാഴ്ച പരിഗണിക്കും

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് പരിഗണിക്കാൻ മാറ്റി. സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ മൊഴി പരിശോധിക്കണമെന്ന് ഹൈക്കോടതി ഹർജി പരിഗണിക്കവേ പറഞ്ഞു. അത് വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ ഉറപ്പ് നൽകി.

ധീരജ് കൊലക്കേസ്; രണ്ട് കെ.എസ്.യു പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി

ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ കീഴടങ്ങിയ രണ്ട് കെ.എസ്.യു പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. കെ.എസ്.യു ബ്ലോക്ക് പ്രസിഡന്‍റ് ടോണി തേക്കിലക്കാടൻ, കെ.എസ്.യു ഇടുക്കി ജില്ലാ സെക്രട്ടറി ജിതിൻ ഉപ്പുമാക്കൽ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.രണ്ട് പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും.

സിൽവർ ലൈനിനെതിരെ വീണ്ടും പ്രതിഷേധം; സർവേ കല്ല് പിഴുത് റീത്ത് വച്ചു

കണ്ണൂർ മാടായിപ്പാറയിൽ സിൽവർ ലൈൻ സർവേക്കല്ലുകൾ പിഴുതു മാറ്റി റീത്ത് വച്ചു. ഏഴ് സർവേ കല്ലുകളാണ് റോഡരുകിൽ കൂട്ടിയിട്ട് റീത്ത് വച്ചത്. നേരത്തെ രണ്ട് തവണ മടായിപ്പാറയിൽ സർവേ കല്ലുകൾ പിഴുത് മാറ്റിയിരുന്നു. ഇത് ആര് ചെയ്തു എന്നതിൽ വ്യക്തതയില്ല. അതേസമയം ഇത്തരം നടപടികളുമായി മുന്നോട്ട് പോകുന്ന ആളുകൾക്കെതിരെ കൃത്യമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. അത്തരത്തിൽ കർശനമായ നിയമനടപടികളിലേക്ക് കടക്കുമോയെന്ന് അറിയേണ്ടതുണ്ട്.

Story Highlights : Todays Headlines





ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here