വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരം

മുതിർന്ന സിപിഐഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരം. കഴിഞ്ഞ ദിവസമാണ് കൊവിഡ് ബാധിച്ചതിനെ തുടർന്ന് അദ്ദേഹത്തെ പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിഎസിനെ പരിചരിക്കാനെത്തുന്ന നഴ്സിന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വിഎസിനും കൊവിഡ് സ്ഥിരീകരിച്ചത്. മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉള്ളതിനാൽ വിദഗ്ധ പരിചരണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൊവിഡുമായി ബന്ധപ്പെട്ട മറ്റ് അസ്വസ്ഥതകൾ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. കുറച്ചുനാളുകളായി പൊതുപരിപാടികൾ ഒഴിവാക്കിയും സന്ദർശകരെ അനുവദിക്കാതെയും കഴിയുകയായിരുന്നു വിഎസ്. (covid achuthanandan health stable)
ഉദരസംബന്ധമായ അസുഖവും സോഡിയം കുറഞ്ഞത് മൂലമുള്ള ശാരീരികാസ്വാസ്ഥ്യവും കാരണം രണ്ട് മാസം മുമ്പ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു വിഎസ്. നവംബർ 19ന് ആശുപത്രിവിട്ട ശേഷം വീട്ടിൽ പൂർണവിശ്രമത്തിൽ കഴിയവെയാണ് കൊവിഡ് ബാധിച്ചത്. വിഎസിന്റെ മകൻ വിഎ അരുൺകുമാർ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിവരം അറിയിച്ചത്.
Read Also : വി.എസ് അച്യുതാനന്ദന് കൊവിഡ്; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
അരുൺകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്;
മഹാമാരിയുടെ പിടിയിൽ പെടാതെ, ഡോക്ടർമാരുടെ നിർദ്ദേശം കർശനമായി പാലിച്ച് വീട്ടിൽ കഴിച്ചുകൂട്ടിയ അച്ഛനും കൊവിഡ് പോസിറ്റീവായിരിക്കുന്നു. സന്ദർശകരെപ്പോലും അനുവദിക്കാതെ, ഒരർത്ഥത്തിൽ ക്വാറന്റൈനിലായിരുന്നു, അച്ഛൻ. നിഭാഗ്യവശാൽ അച്ഛനെ പരിചരിച്ച നഴ്‌സിന് കൊവിഡ് പോസിറ്റീവായി. ഇന്നലെ പരിശോധിച്ചപ്പോൾ അച്ഛനും കൊവിഡ് പോസിറ്റീവ്. ആരോഗ്യവിദഗ്ധരുടെ നിർദേശം പാലിച്ച് അച്ഛനിപ്പോൾ ആശുപത്രിയിലാണ്. സുഖവിവരമന്വേഷിച്ച് നിരവധി പേർ വിളിക്കുന്നുണ്ട്. സ്‌നേഹാന്വേഷണങ്ങൾക്ക് നന്ദി.
സംസ്ഥാനത്ത് ഇന്നലെ 41,668 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി വീണ്ടി ടിപിആർ ഉയർന്നു, ഇന്ന് 43.76 ശതമാനമാണ് ടിപിആർ. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,218 സാമ്പിളുകള്‍ പരിശോധിച്ചു. 17,053 പേർ രോഗമുക്തി നേടി.
രണ്ട് ജില്ലകളിൽ കൊവിഡ് കേസുകളുടെ എണ്ണം ഏഴായിരം കടന്നു. തിരുവനന്തപുരം 7896, എറണാകുളം 7339, കോഴിക്കോട് 4143, തൃശൂര്‍ 3667, കോട്ടയം 3182, കൊല്ലം 2660, പാലക്കാട് 2345, മലപ്പുറം 2148, കണ്ണൂര്‍ 2015, ആലപ്പുഴ 1798, പത്തനംതിട്ട 1708, ഇടുക്കി 1354, വയനാട് 850, കാസര്‍ഗോഡ് 563 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Story Highlights : covid vs achuthanandan health stable
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here