ക്ലബ്ബ് ഹൗസിലൂടെ മുസ്ലീം സ്ത്രീകൾക്കെതിരെ വിദ്വേഷ പ്രചാരണം; മലയാളി പെൺകുട്ടിയെ ചോദ്യം ചെയ്തതായി ഡൽഹി പൊലീസ്

ക്ലബ്ബ് ഹൗസിലൂടെ മുസ്ലീം സ്ത്രീകൾക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ കേസിൽ മലയാളി പെൺകുട്ടിയെ ചോദ്യം ചെയ്തതായി ഡൽഹി പൊലീസ്. പെൺകുട്ടിയിൽ നിന്ന് മൊബൈൽ , നോട്ട്പാഡ് എന്നിവ പൊലീസ് പിടിച്ചെടുത്തു. പൊതുവായ പരാമർശങ്ങൾ മാത്രമാണ് പെൺകുട്ടി നടത്തിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ഡൽഹി പൊലീസിന്റെയും മുംബൈ പൊലീസിന്റെയും അന്വേഷണം തുടരുകയാണ്. 18 വയസുള്ള ലഖ്‌നൗ സ്വദേശി രാഹുൽ കപൂർ അടക്കം നാലുപേരാണ് നിലവിൽ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ( club house hate speech against muslim women )
നേരത്തെ മുസ്ലിം സ്ത്രീകളെ അധിക്ഷേപിച്ച് ക്ലബ്‌ഹൗസ് ചർച്ച നടത്തിയ സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. മുംബൈ ക്രൈംബ്രാഞ്ചിലെ സൈബര്‍ പൊലീസാണ് ഹരിയാനയിൽ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്. ആകാശ്, ജെഷ്ണവ് കക്കാർ, യാഷ് പരശാർ എന്നിവരാണ് പ്രതികൾ.
Read Also : ‘നിങ്ങളെവിടെ പോയാലും ഞങ്ങളും’; ക്ലബ്ബ് ഹൗസില്‍ കേരള പൊലീസും
ക്ലബ്‌ഹൗസിൽ രണ്ട് ചാറ്റ് റൂമുകളാണ് മുസ്ലിം സ്ത്രീകളെ അധിക്ഷേപിക്കാനായി ഉണ്ടാക്കിയിരുന്നത്. ഈ റൂമുകളിൽ നിരവധി പേർ അശ്ലീല, അപകീർത്തി പരാമർശങ്ങൾ നടത്തി. ശരീരാവയവങ്ങൾ ലേലം ചെയ്യുന്നതുമായുള്ള ചർച്ചകളും റൂമുകളിൽ നടന്നിരുന്നു. ഇവർ ബാബരി മസ്ജിദ് തകർക്കപ്പെട്ടതും മുസ്ലിം സ്ത്രീയുമായുള്ള ലൈംഗികബന്ധവും തമ്മിൽ താരതമ്യം ചെയ്യുകയും ചെയ്തു.
ചർച്ചയുടെ ഓഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാള്‍ ആണ് കേസെടുക്കാൻ ആവശ്യപ്പെട്ടത്. ഡൽഹി പൊലീസിനോടാണ് കേസെടുക്കാൻ ആവശ്യപ്പെട്ടത്. തുടർന്ന് ചർച്ചയിൽ പങ്കെടുത്തവരുടെ വിശദാംശങ്ങൾ തേടി ഡൽഹി പൊലീസ് ക്ലബ്ഹൗസിന് കത്തയച്ചു. ക്ലബ്‌ഹൗസ് നൽകിയ മറുപടിയിൽ അഞ്ച് പേരെ പൊലീസ് തിരിച്ചറിഞ്ഞു. കൂടുതൽ പേരും ഡൽഹിക്ക് പുറത്താണെന്നും പൊലീസ് അറിയിച്ചു. ഇതിനിടെയാണ് മുംബൈ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ മുംബൈ പൊലീസിനെ ശിവസേനയുടെ രാജ്യസഭാംഗം പ്രിയങ്ക ചതുർവേദി പ്രശംസിച്ചു.
Story Highlights : club house hate speech against muslim women
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here