ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ്: കോൺഗ്രസിലേക്ക് തിരികെയെത്തിയ ഹരക് സിംഗ് റാവത്തിനു സീറ്റില്ല
ഉത്തരാഖണ്ഡിൽ ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് തിരികെയെത്തിയ മുൻ മന്ത്രി ഹരക് സിംഗ് റാവത്തിനു സീറ്റില്ല. പകരം ഹരകിൻ്റെ മരുമകളും മുൻ ഫെമിന മിസ് ഇന്ത്യ മത്സരാർത്ഥിയുമായ അനുകൃതി ഗുസൈന് സീറ്റ് നൽകി. ലാൻസ്‌ഡോവ്‌നെ നിയോജകമണ്ഡലത്തിൽ നിന്നാണ് അനുകൃതി മത്സരിക്കുക.
2016ൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയ 10 എംഎൽഎമാരിൽ ഒരാളായിരുന്നു ഹരക് സിംഗ്. തെരഞ്ഞെടുപ്പിനു മുന്നോടി ആയി ഹരക് കോൺഗ്രസിലേക്ക് തിരികെയെത്തി. ഹരകിനെ തിരികെയെടുക്കുന്നതിൽ ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണ കമ്മറ്റി ചെയർമാനുമായ ഹരീഷ് റാവത്ത് ഉൾപ്പെടെയുള്ളവർ എതിർത്തിരുന്നു. ഇതോടെ സ്ഥാനാർത്ഥി പ്രഖ്യാപനവും വൈകി. ഒടുവിൽ ഇന്നലെയാണ് കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പൂർണമായി പ്രഖ്യാപിച്ചത്. ഇതിൽ ഹരകിന് സീറ്റ് ഉണ്ടായിരുന്നില്ല. 2 പതിറ്റാണ്ടിൽ നടന്ന നാല് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഇത് ആദ്യമായാണ് ഹരക് സിംഗ് റാവത്തിന് സീറ്റ് ലഭിക്കാതിരിക്കുന്നത്.
തനിക്കും മകൻ്റെ ഭാര്യക്കും തെരഞ്ഞെടുപ്പിൽ സീറ്റ് നൽകണമെന്ന നിബന്ധനയോടെയാണ് ഹരക് തിരികെ കോൺഗ്രസിലെത്തിയത്. ഹാരകിനു സീറ്റ് നൽകാതിരുന്ന കോൺഗ്രസ് നേതൃത്വം മകൻ്റെ ഭാര്യയ്ക്ക് സീറ്റ് നൽകുകയും ചെയ്തു.
കഴിഞ്ഞ ദിവസമാണ് ഉത്തരാഖണ്ഡിൽ കോൺഗ്രസ് മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്. മുൻമുഖ്യമന്ത്രി ഹരീഷ് റാവത്ത് ലാൽ കൂവയിൽ മത്സരിക്കും. ഹരീഷ് റാവത്തിന്റെ മകൾ അനുപമ റാവത്ത് ഹരിദ്വാർ റൂറലിൽ സ്ഥാനാർത്ഥിയാകും. രാംനഗറിൽ മഹേന്ദ്രപാൽ സിംഗ് സ്ഥനാർത്ഥിയാകും. ഈ പട്ടികയിലും ഇടം നേടാതിരുന്നതിനെ തുടർന്ന് ഹരക് സിംഗ് ഇലക്ട്രോൾ രാഷ്ട്രീയം എന്നന്നേക്കുമായി അവസാനിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.
Story Highlights : Uttarakhand Election no seat harak singh anukriti gusain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here