Advertisement

2025ഓടെ 5ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള സമ്പദ് വ്യവസ്ഥ; അടിസ്ഥാനസൗകര്യങ്ങളെയും മെച്ചപ്പെടുത്തുമോ ബജറ്റ്?

February 1, 2022
Google News 1 minute Read
budget 2022 expectations

പൊതുബജറ്റ് അവതരണത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ ഇന്ത്യന്‍ സാമ്പത്തിക രംഗം പ്രതീക്ഷിക്കുന്നത് സുപ്രധാന തീരുമാനങ്ങള്‍. 2025ഓടെ അഞ്ചുലക്ഷം കോടി ഡോളര്‍ മൂല്യമുള്ള സമ്പദ് വ്യവസ്ഥയാക്കി ഇന്ത്യയെ മാറ്റുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അടിസ്ഥാനസൗകര്യ രംഗത്ത് 1.4 ലക്ഷം കോടി ഡോളര്‍ എങ്കിലും ചിലവാക്കുന്ന പദ്ധതികള്‍ ബജറ്റ് നിര്‍ദ്ദേശിക്കുമെന്ന് സൂചന നിലനില്‍ക്കുന്നുണ്ട്. 2020-25 കാലയളവിലേക്കായി ദേശീയ അടിസ്ഥാനസൗകര്യ പൈപ്പ്ലൈനിലേക്കായി 111 ലക്ഷം കോടി രൂപയുടെ (1.5 ലക്ഷം കോടി ഡോളര്‍) പദ്ധതികള്‍ നടപ്പാക്കും. ഊര്‍ജം, റോഡ്, നഗരം, റെയില്‍വേ എന്നിവയിലായി 9,000 ത്തോളം പദ്ധതി നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആദായ നികുതി പരിധി വര്‍ധിപ്പിക്കുന്നതടക്കം മധ്യവര്‍ഗ്ഗത്തെ ആകര്‍ഷിക്കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്ന് സൂചന. എല്ലാ ആദായ നികുതി സ്ലാബുകളിലെയും പരിധി അന്‍പതിനായിരം രൂപ വരെയെങ്കിലും ഉയര്‍ത്തിയേക്കും. ഒപ്പം വര്‍ക്ക് അറ്റ് ഹോം അലവന്‍സും പ്രഖ്യാപിക്കുമെന്നാണ് വിവരം. കൊവിഡ് സാഹചര്യത്തില്‍ ജോലികള്‍ ഓഫിസുകളില്‍ നിന്ന് വീടുകളിലേക്ക് മാറിയപ്പോഴുണ്ടായ ചിലവുകളായ വൈദ്യുതി, ഇന്റര്‍നെറ്റ് തുടങ്ങിയവയ്ക്ക് ഇളവ് നല്‍കുന്നതാണ് വര്‍ക്ക് ഫ്രം ഹോം അലവന്‍സ്. ഇതനുവദിക്കണമെന്ന ആവശ്യങ്ങള്‍ നേരത്തെ തന്നെ വന്നുതുടങ്ങിയിരുന്നു.

ഇവയ്‌ക്കൊപ്പം എല്ലാ ബാങ്ക് നിക്ഷേപത്തിനെയും ഇന്‍ഷുറന്‍സ് പരിധിയില്‍ കൊണ്ടു വരുമെന്ന് സൂചനയുണ്ട്. ഇപ്പോള്‍ മൊത്തം ബാങ്ക് നിക്ഷേപത്തിന്റെ 51 ശതമാനത്തിനു മാത്രമേ പരിരക്ഷയുള്ളൂ. കൂടുതല്‍ നിക്ഷേപം സമാഹരിക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നത്. സഹകരണ ബാങ്കുകളിലും ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കും. നിക്ഷേപങ്ങളുടെ ഇന്‍ഷ്വറന്‍സ് ഒരുലക്ഷം രൂപയില്‍ നിന്ന് അടുത്തിടെ അഞ്ചുലക്ഷമാക്കി ഉയര്‍ത്തിയിരുന്നു.

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയിലും കറന്റ് അക്കൗണ്ട് കമ്മി രാജ്യത്ത് വര്‍ധിക്കും എന്നാണ് നിഗമനം. എഫ്ഡിഐ വര്‍ധനയിലൂടെ ഈ വിടവ് നികത്താനാകും ബജറ്റ് നിര്‍ദ്ദേശത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുക. തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള തൊഴില്‍ ആവശ്യകത 2019-20നെ അപേക്ഷിച്ച് രാജ്യത്ത് 42 ശതമാനം വര്‍ധിച്ചിട്ടുണ്ട്. ഇത് തൊഴിലുറപ്പ് പദ്ധതി വഴി കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സ്യഷ്ടിച്ചാല്‍ ഗ്രാമീണമേഖലയെ ചലനത്മകമാകും എന്ന സാധ്യത സര്‍ക്കാരിന് സമ്മാനിക്കുന്നു.

Read Also : സിൽവർ ലൈൻ, എയിംസ്, കൃഷി…കേന്ദ്രബജറ്റിൽ കേരളത്തിന് പ്രതീക്ഷകളേറെ

രാവിലെ 11 മണിക്കാണ് ലോക്‌സഭയില്‍ കേന്ദ്രധനമന്ത്രി ബജറ്റ് അവതരിപ്പിക്കുക. ഇത്തവണയും കടലാസ് രഹിത രൂപത്തിലാണ് ബജറ്റ് അവതരണം. നിര്‍മല സീതാരാമന്റെ നാലാമത്തെ ബജറ്റ് പ്രഖ്യാപനമാണിത്. പാര്‍ലമെന്റ് അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ബജറ്റ് രേഖകള്‍ എളുപ്പത്തില്‍ ലഭിക്കുന്നതിനായി ‘യൂണിയന്‍ ബജറ്റ് മൊബൈല്‍ ആപ്പും’ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.

Story Highlights : budget 2022 expectations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here