Advertisement

‘ബജറ്റിൽ ഏയിംസുമില്ല കെ-റെയിലുമില്ല, കേന്ദ്രം പുറം തിരിഞ്ഞ്‌ നില്‍ക്കുന്നു; കോടിയേരി

February 1, 2022
Google News 1 minute Read

കേരളത്തിൻ്റെ ആവശ്യങ്ങളോട്‌ പുറം തിരിഞ്ഞ്‌ നില്‍ക്കുന്നതാണ്‌ കേന്ദ്ര ബജറ്റെന്ന്‌ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. കൊവിഡ്‌ കാലഘട്ടത്തില്‍ കേരളം മുന്നോട്ടുവച്ച പ്രധാനപ്പെട്ട ആവശ്യമായ ഏയിംസ്‌ പരിഗണിക്കപ്പെട്ടില്ല. റെയില്‍വേ സോണ്‍ എന്ന ചിരകാല ആവശ്യത്തോടും കേന്ദ്രം പുറംതിരിഞ്ഞ്‌ നിന്നു. കെ-റെയില്‍ പദ്ധതി സംബന്ധിച്ച പരാമര്‍ശങ്ങളും ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തൊഴിലുറപ്പ്‌ പദ്ധതിക്കും ബജറ്റ്‌ വിഹിതം 25,000 കോടി വെട്ടിക്കുറച്ച നടപടിയും തിരിച്ചടിയാണ്‌. ഈ വര്‍ഷം ചിലവഴിച്ച തുക പോലും ബജറ്റില്‍ നീക്കിവെച്ചിട്ടില്ല. ജി.എസ്‌.ടി നഷ്‌ടപരിഹാര വിഹിതം നീട്ടണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. കൊവിഡ്‌ കാലഘട്ടത്തില്‍ 39,000 കോടി രൂപ വാക്‌സിനേഷനായി നീക്കിവെച്ചിടത്ത്‌ ഇപ്പോള്‍ 5000 കോടി മാത്രമാണ്‌ നീക്കിവെച്ചിട്ടുള്ളത്‌. കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തിരിച്ചടിയാകുന്ന നടപടിയാണിതെന്നും കോടിയേരി ആരോപിച്ചു.

സഹകരണ മേഖലയിലെ നികുതി 15 ശതമാനമായി നിജപ്പെടുത്തിയിട്ടുണ്ട്‌. നേരത്തേ നികുതിയില്ലാത്ത മേഖലയില്‍ നികുതി ചുമത്തിയത്‌ കേന്ദ്രമാണ്. കോര്‍പ്പറേറ്റുകളെയും സഹകരണ മേഖലയെയും ഒരുപോലെ ക്രമീകരണം നടത്തുക മാത്രമാണ്‌ ചെയ്‌തിട്ടുള്ളത്‌. സംസ്ഥാനത്തിന്റെ വായ്‌പാ പരിധി 5 ശതമാനമാക്കി നിലനിര്‍ത്തണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല. ജി.എസ്‌.ടി നഷ്‌ടപരിഹാരം 5 വര്‍ഷത്തേക്ക്‌ കൂടി നീട്ടണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യവും പരിഗണിക്കപ്പെട്ടില്ല.

പെട്രോളിയം ഉത്‌പന്നങ്ങള്‍ക്ക്‌ 01.10.2022 പ്രാബല്യത്തില്‍ ലിറ്ററിന്‌ 2 രൂപ കൂട്ടിയിട്ടുണ്ട്‌. ഈ നികുതി വര്‍ദ്ധന സംസ്ഥാനങ്ങളുമായി പങ്കുവയ്‌ക്കുന്നുമില്ല. ഭക്ഷ്യ സബ്‌സിഡിയില്‍ 28 ശതമാനം കുറവു വരുത്തിയ നടപടി സംസ്ഥാനത്തെ പ്രതികൂലമായി ബാധിക്കുന്നതാണ്‌. വളം സബ്‌സിഡിയില്‍ വരുത്തിയ 25 ശതമാനം കുറവും കാര്‍ഷിക മേഖലയെ ബാധിക്കും. എല്‍.ഐ.സി ഓഹരി വില്‍പ്പന ഉള്‍പ്പെടെയുള്ള സ്വകാര്യവത്‌ക്കരണ നടപടികളും ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുന്നവയാണ്‌. കിഫ്‌ബി, കെ-ഫോണ്‍ പോലുള്ള പദ്ധതികളുടെ അനുകരണങ്ങള്‍ കേന്ദ്ര ബജറ്റില്‍ കടന്നുകൂടി. സംസ്ഥാനത്തിന്റെ പൊതുവായ താത്‌പര്യങ്ങള്‍ക്ക്‌ വലിയ തിരിച്ചടി നല്‍കുന്നതാണ്‌ കേന്ദ്ര ബജറ്റെന്ന്‌ കോടിയേരി പ്രസ്‌താവനയില്‍ പറഞ്ഞു.

Story Highlights : kodiyeri-balakrishnan-on-union-budget

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here