Advertisement

ഗാല്‍വാന്‍ സംഘര്‍ഷം; 38 ചൈനീസ് സൈനികര്‍ ഗാല്‍വാന്‍ നദിയില്‍ മുങ്ങിമരിച്ചെന്ന് റിപ്പോര്‍ട്ട്

February 3, 2022
Google News 1 minute Read
galwan clash

2020 ജൂണ്‍ 15ന് കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ് വരയിലുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ച ഇന്ത്യന്‍ സൈനികരുടെയും ചൈനീസ് സൈന്യത്തിന്റെയും റിപ്പോര്‍ട്ടുകള്‍ പുറത്ത്. നാല്പതിലധികം ചൈനീസ് സൈനികരെങ്കിലും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ പത്രമായ ദി ക്ലാക്‌സോണ്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് 38 ചൈനീസ് സൈനികരെങ്കിലും ഗാല്‍വന്‍ നദി മുറിച്ചുകടക്കാനുള്ള ശ്രമത്തിനിടെ മുങ്ങിമരിച്ചെന്നാണ് വ്യക്തമാക്കുന്നത്.

നാല്പതോളം ചൈനീസ് സൈനികരും 20തോളം ഇന്ത്യന്‍ സൈനികരുമാണ് കൊല്ലപ്പെട്ടതെന്നാണായിരുന്നു ആദ്യ വിവരങ്ങള്‍. എന്നാല്‍ ചൈനീസ് സൈന്യത്തിന്റെ മരണസംഖ്യ കൂടുതലാണെന്നാണ് വിവരം. സംഭവത്തില്‍ ആദ്യമായാണ് ചൈനയുടെ നാശനഷ്ടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുന്നത്. നേരത്തെ മരിച്ച നാല് സൈനികര്‍ക്ക് ചൈന മെഡലുകള്‍ പ്രഖ്യാപിച്ചിരുന്നു.

ചൈനീസ് കടന്നു കയറ്റം തടയുന്നതിനിടെയാണ് കേണല്‍ ബി സന്തോഷ് ബാബു അടക്കമുള്ള വീരസൈനികര്‍ പിഎല്‍എയുടെ ആക്രമണത്തില്‍ രക്തസാക്ഷികളായത്. ലോകം മഹാമാരിയുടെ മുന്നില്‍ വിറങ്ങലിച്ചു നിന്നപ്പോള്‍ അന്ന് ചൈന അവസരം മുതലെടുക്കാന്‍ ഇറങ്ങി.

2020 മെയ് ആദ്യവാരം കിഴക്കന്‍ ലഡാക്കില്‍ പുതിയ സംഘര്‍ഷമുഖം തുറന്നു. അഞ്ച് പട്രോളിംഗ് പോയിന്റുകളില്‍ ഇന്ത്യന്‍ സൈന്യവും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും മുഖാമുഖം ഏറ്റുമുട്ടി. പിന്നീട് സമാധാന ചര്‍ച്ചകള്‍ തുടര്‍ന്നു. 2020 ജൂണ്‍ 15ന് പൂര്‍വ സ്ഥാനങ്ങളിലേക്ക് മടങ്ങാനുള്ള ധാരണ തെറ്റിച്ച ചൈനീസ് സൈന്യം പട്രോളിംഗ് പോയിന്റ് 14ന് സമീപം ഇന്ത്യന്‍ മണ്ണില്‍ തുടര്‍ന്നു. ചോദ്യം ചെയ്ത ഇന്ത്യയുടെ പട്രോളിംഗ് സംഘത്തെ ചീനിപ്പട പ്രകോപിപ്പിച്ചു. സമാധാന ചര്‍ച്ചക്കെത്തിയ 16 ബിഹാര്‍ റജിമെന്റ് കമന്റിംഗ് ഓഫിസര്‍ കേണല്‍ ബി സന്തോഷ് ബാബുവിനെ ചൈനീസ് സൈന്യം നേരിട്ടത് മുള്ളു കമ്പികള്‍ ചുറ്റിയ ദണ്ഡുകളുമായാണ്. പിന്നീടുള്ള മൂന്നു മണിക്കൂറുകളില്‍ ബിര്‍സമുണ്ട, ബാജ്രഗ്ബലി മുദ്രാവാക്യങ്ങള്‍ താഴ്വരയെ വിറപ്പിച്ചു.

Read Also : ബോറിസ് ജോൺസണ് തിരിച്ചടി; പാർട്ടി ഗേറ്റ് വിവാദത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്ത്

കില്ലര്‍ മെഷീന്‍ എന്ന വിളിപ്പേരുള്ള ബുഹാര്‍ റെജിമെന്റിന്റെയും ഘതക് കമാന്‍ഡോകളുടെയും കൈചൂടും ഗാല്‍വന്‍ നദിയിലെ തണുപ്പും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അറിഞ്ഞു. പടയുടെ വലിപ്പമല്ല, സൈനികന്റെ പോരാട്ട വീര്യമാണ് വിജയവും നിശ്ചയിക്കുന്നതെന്ന് ഒരിക്കല്‍ കൂടി ഇന്ത്യന്‍ സൈന്യം തെളിയിച്ചു. 45 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ – ചൈന അതിര്‍ത്തിയില്‍ ആള്‍നാശമുണ്ടായത്. രക്ത സാക്ഷികള്‍ക്ക് ഇന്ത്യ വീരോചിത യാത്രാമൊഴി നല്‍കിയപ്പോള്‍ സൈനികരുടെ മരണം പോലും ചൈന മറച്ചുവയ്ക്കുകയായിരുന്നു.

Story Highlights : galwan clash

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here