ശ്രീകാന്ത് വെട്ടിയാർക്ക് മുൻകൂർ ജാമ്യം

യുവതിയെ പിഡീപ്പിച്ച കേസിൽ വ്‌ളോഗർ ശ്രീകാന്ത് വെട്ടിയാർക്ക് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ( sreekanth vettiyar gets anticipatory bail )
ജനുവരി 24 നാണ് ശ്രീകാന്ത് വെട്ടിയാർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുന്നത്. പരാതി വ്യാജമാണെന്നും പരാതിക്കാരിക്ക് ഗൂഢ ലക്ഷ്യമെന്നും ജാമ്യാപേക്ഷയിൽ ശ്രീകാന്ത് ആരോപിക്കുന്നു. പരാതിക്കാരി സുഹൃത്തായിരുന്നുവെന്നും തന്നോട് സൗഹൃദം സ്ഥാപിച്ചത് ഗൂഢ ലക്ഷ്യത്തോടൈയാണെന്നും ശ്രീകാന്ത് വെട്ടിയാർ അവകാശപ്പെടുന്നു.
ശ്രീകാന്ത് വെട്ടിയാരെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കമാരംഭിച്ചതിന് പിന്നാലെയായിരുന്നു മുൻകൂർ ജാമ്യാപേക്ഷയുമായി ശ്രീകാന്ത് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ബലാത്സംഗ കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ ശ്രീകാന്ത് ഒളിവിലാണെന്നാണ് വിവരം. ശ്രീകാന്ത് വെട്ടിയാർക്കായി തെരച്ചിൽ ഊർജിതമാക്കാൻ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ നിർദ്ദേശം നൽകിയിരുന്നു. ശ്രീകാന്തിനെ തേടി പൊലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. ഒരാഴ്ച്ചയായി ശ്രീകാന്ത് ഒളിവിലാണെന്ന് പൊലീസ് പറയുന്നു.
Read Also : ശ്രീകാന്ത് വെട്ടിയാർ ഒളിവിൽ; അറസ്റ്റ് ചെയ്യാൻ നീക്കമാരംഭിച്ച് പൊലീസ്
യൂട്യൂബ് വ്‌ളോഗിങ്ങിലൂടെയും ട്രോൾ വീഡിയോകളിലൂടെയും പ്രശസ്തനായ ശ്രീകാന്ത് വെട്ടിയാറിനെതിരെ ലൈംഗിക ആരോപണം ഉയർന്നത് അടുത്തിടെയാണ്. വിമൻ എഗേൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ് എന്ന ഫെയ്‌സ്ബുക് പേജിലൂടെയാണ് ശ്രീകാന്തിനെതിരെ ബലാത്സംഗ ആരോപണം ആദ്യം ഉന്നയിച്ചിരുന്നത്. എന്നാൽ വീണ്ടും അതേ പേജിലൂടെ മറ്റൊരാൾ കൂടി ശ്രീകാന്തിനെതിരെ മീ ടൂ ആരോപണവുമായി രംഗത്തെത്തിയിരുന്നു.
ശ്രീകാന്ത് വെട്ടിയാർ പ്രണയം നടിച്ച് പല ആവശ്യങ്ങൾക്കായി ഉപയോ?ഗിച്ചവരിൽ ഒരാൾ എന്നു പറഞ്ഞാണ് നീണ്ട കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. വീട്ടിലെ പ്രാരാബ്ധങ്ങൾ പറഞ്ഞും അമ്മയ്ക്ക് ‘ഭ്രാന്ത് ‘(അയാൾ ഉപയോഗിച്ച വാക്ക് ) ആണെന്നു പറഞ്ഞുമൊക്കെയാണ് ശ്രീകാന്ത് വെട്ടിയാർ അനുകമ്പ നേടാൻ തുടങ്ങിയതെന്ന് കുറിപ്പിൽ പറയുന്നു. സാമ്പത്തിക ചൂഷണത്തിനു പുറമെ മാനസിക വൈകാരിക ഉപദ്രവങ്ങൾ നേരിട്ടെന്നും യുവതി ആരോപിക്കുന്നു. കൊല്ലം സ്വദേശിനിയായ യുവതിയുടെ പേരിലാണ് കൊച്ചി സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Story Highlights: sreekanth vettiyar gets anticipatory bail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here