ഗുരുവായൂർ ആനയോട്ട ചടങ്ങിന് മൂന്ന് ആനകൾക്ക് അനുമതി

ഗുരുവായൂർ ആനയോട്ട ചടങ്ങിന് മൂന്ന് ആനകൾക്ക് അനുമതി. രവി കൃഷ്ണൻ, ദേവദാസ്, വിഷ്‌ണു എന്നി ആനകളാണ് പങ്കെടുക്കുക. മൂന്ന് ആനകളെ പങ്കെടുപ്പിക്കണമെന്ന ദേവസ്വത്തിൻ്റെ ആവശ്യം കഴിഞ്ഞ ദിവസം തൃശ്ശൂർ ജില്ലാ ഭരണകൂടം തള്ളിയിരുന്നു. എന്നാൽ ഇന്ന് ചേർന്ന യോഗത്തിലാണ് മൂന്ന് ആനകൾക്ക് പങ്കെടുക്കാൻ അനുമതി നൽകിയത്.
ഗുരുവായൂർ ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള ആനയോട്ടം തിങ്കളാഴ്ച്ചയാണ്. ആനയോട്ടം ഈ വർഷം ചടങ്ങ് മാത്രമായാണ് നടത്തുക. കൊവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ചടങ്ങ് കാണാനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനും ദേവസ്വം തീരുമാനിച്ചിട്ടുണ്ട്.
Read Also : സൊമാറ്റോയുടെ ഉപഭോക്താക്കൾ സന്തുഷ്ടരാണ്; പക്ഷേ നിക്ഷേപകരോ?
ഗുരുവായൂരിൽ ഉത്സവാഘോഷങ്ങളോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങാണ് ഗുരുവായൂർ ആനയോട്ടം. ഉത്സവകാലത്ത് ഭഗവാന്റെ സ്വർണ്ണതിടമ്പ് എഴുന്നള്ളിക്കുന്നതിനുള്ള ആനയെ തെരഞ്ഞെടുക്കുന്നത് ആനയോട്ടത്തിലൂടെയാണ്.
ക്ഷേത്രത്തിന്റെ കിഴക്കുള്ള മഞ്ജുളാൽ പരിസരത്ത് നിന്ന് ആരംഭിക്കുന്ന ആനയോട്ടം അമ്പലത്തിന്റെ ഉള്ളിൽ ഏഴു പ്രദക്ഷിണത്തോടെ അവസാനിക്കുന്നു. ആദ്യം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരം കടക്കുന്ന ആനയെ വിജയിയായി പ്രഖ്യാപിക്കും. എല്ലാവർഷവും ഗുരുവായൂർ ഉത്സവം ആരംഭിക്കുന്നത് ആനയോട്ടത്തോടെയാണ്. ആനകൾ ഓടിവന്ന സമയത്തെ അനുസ്മരിച്ചുകൊണ്ട് ഉച്ചതിരിഞ്ഞ് മൂന്നുമണിക്കാണ് ആനയോട്ടം നടത്തുന്നത്.
Story Highlights: guruvayur-elephant-race-three-elephants-only
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here