Advertisement

വഴി കയ്യേറി; മൃതദേഹം ചുമന്ന് പുഴ നീന്തിക്കടന്ന് മറയൂര്‍ ആദിവാസി കോളനി നിവാസികള്‍

February 13, 2022
Google News 1 minute Read
marayur tribal colonys

ഇടുക്കി മറയൂരിലെ രണ്ട് ആദിവാസി കോളനികളില്‍ ആരെങ്കിലും മരണപ്പെട്ടാല്‍ സംസ്‌കരിക്കണമെങ്കില്‍ മൃതദേഹവുമായി പാമ്പാര്‍ പുഴ നീന്തിക്കടക്കണം. ശ്മശാനത്തിലേക്കുള്ള വഴി സമീപത്തെ ഭൂവുടമകള്‍ കയ്യേറിയതാണ് ഇതിനുകാരണമായി നാട്ടുകാര്‍ പറയുന്നത്.

മറയൂര്‍ നാച്ചിവയലിലെ പട്ടിക വര്‍ഗക്കാരനായ കാളിനാഗന്റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം നദിയിലൂടെ ചുമന്നുകൊണ്ടുപോകേണ്ടിവന്നത്. കഴിഞ്ഞ കുറച്ചുനാളുകളായി നാച്ചിവയല്‍, ചെറുകാട് എന്നീ ആദിവാസി കോളനികളില്‍ ഉള്ളവര്‍ ഈ ദുരവസ്ഥ അനുഭവിക്കുന്നുണ്ട്. ഈ ഗോത്രകോളനികളുടെ ശ്മശാനം പാമ്പാറിന്റെ തീരത്താണുള്ളത്.

ആറ്റുപുറമ്പോക്കിലൂടെ ശ്മശാനത്തിലേക്ക് അഞ്ചടി വീതിയില്‍ വഴിയുണ്ടായിരുന്നു. എന്നാല്‍ സമീപത്ത് സ്ഥലമുള്ളവര്‍ ഈ വഴി കൂടി കയ്യേറി തങ്ങളുടെ കൃഷിയിടമാക്കിമാറ്റി. വേലിയും കെട്ടി. ഇതോടെ ആകെയുണ്ടായിരുന്ന നടപ്പാതയും നഷ്ടപ്പെട്ടതോടെയാണ് മൃതദേഹവുമായി പുഴ നീന്തിക്കടക്കേണ്ട ഗതികേടിലേക്ക് ഈ മനുഷ്യരെത്തിയത്. വേനല്‍ക്കാലമായതിനാല്‍ നദിയിലിപ്പോള്‍ ജലനിരപ്പ് താരതമ്യേന കുറവാണ്. എന്നാല്‍ മഴക്കാലത്ത് ജീവന്‍ പണയം വെച്ചാണ് മൃതദേഹവുമായി നാട്ടുകാരും ബന്ധുക്കളും ആറ് നീന്തിക്കടന്നെത്തുന്നത്.

Read Also : കുറവന്‍കോണം കൊലപാതകം; വിനീതയുടെ മാലയ്ക്കായെന്ന് മൊഴി

മറ്റൊരു കുടിയായ ചെറുകാട് കുടി പാമ്പാറിന്റെ മറുകരയിലാണ്. ഇവിടെ നിന്നും പുഴ കടക്കാന്‍ പാലമില്ലാത്തതിനാല്‍ മൃതദേഹം ചുമന്ന് അക്കരെയെത്തിക്കണം. പാമ്പാറിന് കുറുകെ പാലം നിര്‍മിക്കുകയും കയ്യേറ്റക്കാരെ ഒഴിപ്പിച്ച് ശ്മശാനത്തിലേക്കുള്ള വഴി പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ആദിവാസികള്‍ നിരവധി നിവേദനങ്ങള്‍ നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല.

Story Highlights: marayur tribal colonys, idukki

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here