Advertisement

‘സാഹചര്യം വിലയിരുത്താന്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി’;മലമുകളില്‍ ആളുകളുണ്ടെങ്കില്‍ എത്രയും വേഗം താഴെയിറക്കുമെന്ന് കെ രാജന്‍

February 14, 2022
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പാലക്കാട് ചെറാട് കൂര്‍മ്പാച്ചി മലയില്‍ വീണ്ടും ആള് കയറിയെന്ന സംശയത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി റവന്യൂമന്ത്രി കെ രാജന്‍. മലമുകളില്‍ ആളുകളുണ്ടോ എന്ന് പരിശോധിക്കാന്‍ വനംവകുപ്പിന്റെ രണ്ട് സംഘങ്ങള്‍ മുകളിലേക്ക് കയറിയതായി മന്ത്രി അറിയിച്ചു. ആളുകള്‍ മലയുടെ മുകളിലുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് അവരെ താഴെയെത്തിക്കാന്‍ എല്ലാവിധ സൗകര്യങ്ങളും സജ്ജമാണെന്ന് മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. ജില്ലാ കളക്ടറോട് അടിയന്തര സാഹചര്യം വിലയിരുത്താന്‍ ആവശ്യപ്പെട്ടതായി മന്ത്രി വ്യക്തമാക്കി. വനം വകുപ്പിലെ ഒരു സംഘം മുകളിലേക്ക് കയറിയിട്ടുണ്ട്. ജില്ലാ ഭരണകൂടം എന്ന നിലയില്‍ ദുരന്ത നിവാരണ സാഹചര്യം ഉപയോഗിച്ചുകൊണ്ട് എല്ലാ വകുപ്പുകളേയും ഏകോപിപ്പിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാത്രി തെരച്ചില്‍ നടത്തുന്നതിനുള്ള പ്രായോഗിക ബുദ്ധമുട്ടുകള്‍ വനംവകുപ്പിന്റെ സംഘം അറിയിച്ചെങ്കിലും അവര്‍ ഊര്‍ജിതമായി അന്വേഷണം നടത്തുന്നുണ്ടെന്നാണ് മന്ത്രി വ്യക്തമാക്കിയത്. ആളുകള്‍ ഈ വഴിയിലൂടെ എങ്ങനെ കടന്നുപോകുന്നു എന്നത് വളരെ ഗൗരവത്തോടെ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല. മലയില്‍ ആളുകള്‍ ഉണ്ടോയെന്ന് പരിശോധിച്ച് അവരെ താഴെയിറക്കുന്നതിനുള്ള കാര്യങ്ങളാണ് അടിയന്തര പ്രാധാന്യത്തോടെ ഇപ്പോള്‍ ചെയ്യുന്നത്. മലയിലേക്ക് ആളുകള്‍ കയറുന്നതിനെ പ്രതിരോധിക്കുന്നതിനുള്ള മറ്റ് നടപടികള്‍ പിന്നീട് ആലോചിക്കും. ബാബുവിന് സംഭവിച്ചതുപോലെ വഴിതെറ്റുന്ന സാഹചര്യവും മറ്റ് ദുരന്തവും ഒഴിവാക്കാനായി മലയില്‍ എത്തിപ്പെട്ടവരെ എത്രയും വേഗത്തില്‍ ലൊക്കേറ്റ് ചെയ്യാനാണ് വനംവകുപ്പ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സംഭവത്തില്‍ നാളെ മന്ത്രി തല യോഗം തീരുമാനിച്ചിട്ടുണ്ട്. നാാളെ രാവിലെ എട്ട് മണിക്ക് പാലക്കാട് വച്ചാണ് യോഗം. വനം മന്ത്രിയും റവന്യൂ മന്ത്രിയും ഉള്‍പ്പെടെ വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുക്കും. അല്പം മുന്‍പാണ് ചെറാട് മലയില്‍ ആള് കയറിയതായി സൂചന ലഭിച്ചത്. മലയ്ക്ക് മുകളില്‍ നിന്ന് മൊബൈല്‍ ഫ്‌ലാഷുകള്‍ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. സ്ഥലത്ത് വനംവകുപ്പ് അധികൃതര്‍ തെരച്ചില്‍ നടത്തുകയാണ്. മലയില്‍ എത്ര പേരുണ്ടെന്ന് അറിയില്ല.

മലയില്‍ ബാബു കുടുങ്ങിയതിനു പിന്നാലെ അനുമതിയില്ലാതെ മലയില്‍ കയറരുത് എന്ന് വനംവകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, ഇതൊന്നും വകവെക്കാതെയാണ് ഇപ്പോള്‍ ആളുകള്‍ കയറിയിരിക്കുന്നത്. മലയുടെ ഏറ്റവും മുകളില്‍ നിന്നാണ് ഫ്‌ലാഷ് കാണുന്നത്. മലയടിവാരത്ത് ആളുകള്‍ കൂടിയിരിക്കുകയാണ്. പൊലീസ് സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. വനംവകുപ്പിന്റെ രണ്ട് സംഘം നിലവില്‍ ഇവരെ തിരഞ്ഞ് പോയിട്ടുണ്ട്.

അസാധാരണ സാഹചര്യം ആയതിനാലാണ് ബാബുവിനെതിരെ കേസെടുക്കാതിരുന്നതെന്നും ഇപ്പോള്‍ കയറിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും വനം മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞിരുന്നു. ”അസാധാരണ സാഹചര്യം ആയതിനാലാണ് ബാബുവിനെതിരെ കേസെടുക്കാതിരുന്നത്. അതില്‍ പൂര്‍വകാല പ്രാബല്യമോ പിന്‍കാല പ്രാബല്യമോ ഇല്ല. ഇപ്പോള്‍ കയറിവര്‍ക്കെതിരെ നടപടിയെടുക്കും. രാത്രിയില്‍ ഇങ്ങനെ പോകാനിടയായ സാഹചര്യം അറിയുകയാണ് ആദ്യം വേണ്ടത്. അതിന് അവരെ കണ്ടെത്തേണ്ടതുണ്ട്. ഇപ്പോള്‍ വേണ്ടത് അതാണ്. ഫ്‌ലാഷ് കണ്ടതിനാല്‍ അവര്‍ക്ക് അപകടമൊന്നും ഉണ്ടായിട്ടില്ല എന്ന് കരുതുന്നു.”- മന്ത്രി പ്രതികരിച്ചു.

Story Highlights: minister k rajan response cherad hill incident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement