നടിയെ ആക്രമിച്ച കേസ് : തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ്; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് തുടരന്വേഷണം ആരംഭിച്ചതെന്നാണ് ദിലീപിന്റെ വാദം. ഹർജിയിൽ സംസ്ഥാന സർക്കാർ ഇന്ന് നിലപാട് വ്യക്തമാക്കും. ( dileep actress attack case )
നടിയെ ആക്രമിച്ച കേസന്വേഷണത്തിലെ പാളിച്ചകൾ ഇല്ലാതാക്കാനാണ് തുടരന്വേഷണം. അന്വേഷണത്തിന് മുതിർന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ല. കൂടാതെ വധഗൂഢാലോചനക്കേസിലെ ഇരകളാണ് തുടരന്വേഷണം നടത്തുന്നതെന്നും ദിലീപ് കോടതിയെ അറിയിച്ചിട്ടുണ്ട്. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോസ്ഥർ വിചാരണക്കോടതിയിൽ നൽകിയ റിപ്പോർട്ട് റദ്ധാക്കണമെന്നും നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ ബന്ധപ്പെട്ട കോടതിക്ക് നിർദേശം നൽകണമെന്നുമാണ് ദിലീപിന്റെ ഹർജിയിലെ ആവശ്യം.
Read Also : വധഗൂഢാലോചന കേസിൽ എഫ്.ഐ.ആർ റദ്ദാക്കണം; ദിലീപ് ഹൈക്കോടതിയിൽ
അതേസമയം, നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ ഹൈക്കോടതി വിജിലൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു. വിജിലൻസ് രജിസ്ട്രാറുടെ നിർദേശപ്രകാരം ഡിവൈ.എസ്.പി ജോസഫ് സാജുവിനാണ് അന്വേഷണ ചുമതല നൽകിയത്. ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യപ്രകാരം കഴിഞ്ഞ ദിവസമാണ് അന്വേഷണത്തിനുള്ള ഉത്തരവ് വിജിലൻസ് രജിസ്ട്രാർ ഇറക്കിയത്. എറണാകുളം ജില്ലാ കോടതിയിൽ നിന്ന് ദൃശ്യങ്ങൾ ചോർന്നെന്നാണ് ആരോപണം ഉയർന്നത്. കോടതിയുടെ പരിധിയിൽ ഇരിക്കേ ദൃശ്യം ചോർന്നു എന്നുള്ളതാണ് ഗുരുതര ആരോപണം. ഈ വിഷയത്തിലാണ് കോടതി അടിയന്തരമായി അന്വേഷണത്തിന് ഉത്തരവിട്ടത്. ദൃശ്യങ്ങൾ വിദേശത്തുള്ള പലരുടെയും പക്കലുണ്ടെന്നും നടി ആരോപണം ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടി പ്രധാനമന്ത്രി, മുഖ്യമന്ത്രി, സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക് കത്ത് നൽകിയിരുന്നു.
Story Highlights: dileep actress attack case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here