Advertisement

വിദേശത്തുനിന്ന് കേരളത്തിലേക്ക് ലഹരിക്കടത്ത്; രണ്ട് വർഷമായിട്ടും കേസുകൾ എടുക്കാതെ കസ്റ്റംസ് [24 എക്സ്ക്ലൂസിവ്]

February 15, 2022
Google News 2 minutes Read
drugs to kerala customs

വിദേശത്തുനിന്ന് കേരളത്തിലേക്ക് വൻതോതിൽ ലഹരിക്കടത്ത്. ഫോറിൻ പോസ്റ്റ് ഓഫീസുകളിലൂടെ പാഴ്സലുകളായി കേരളത്തിലേക്ക് എത്തിയത് എംഡിഎംഎ, ബ്രൗൺ ഷുഗർ, മെത്തഫെറ്റാമിൻ തുടങ്ങിയ വീര്യം കൂടിയ ലഹരി മരുന്നുകളാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ പിടികൂടിയത് 53 പാഴ്സലുകളാണ്. എറണാകുളം, കോഴിക്കോട് ജില്ലകളിലേക്കാണ് കൂടുതൽ ലഹരി എത്തിയത്. രണ്ട് വർഷമായിട്ടും കേസുകൾ എടുക്കാതെ കസ്റ്റംസ് ഒളിച്ചുകളിക്കുകയാണ്. (drugs to kerala customs)

കൊച്ചി കച്ചേരിപ്പടി വൈഎംസിഎയ്ക്ക് സമീപമുള്ള ഫോറിൻ പോസ്റ്റോഫീസിലെ പാഴ്സൽ സർവീസ് വഴിയാണ് ലഹരിമരുന്നുകൾ എത്തുന്നത്. ലഹരിപ്പാർട്ടികൾക്കായി വലിയ തോതിൽ ഇവ കടത്തുന്നുണ്ടെന്നാണ് വിവരം. വെല്ലിംഗ്ടൻ ഐലൻഡിലെ കസ്റ്റംസ് ഹൗസ് ഇതുവരെ ഈ കേസുകളിൽ അന്വേഷണം നടത്താൻ തയ്യാറായിട്ടില്ല. ഈ 53 പാഴ്സലുകൾ രാസപരിശോധനയ്ക്ക് അയക്കുകയോ മേൽനടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടുമില്ല. പാഴ്സലുകൾ കസ്റ്റഡിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ് കസ്റ്റംസ്. ഇങ്ങനെ സൂക്ഷിക്കാൻ കസ്റ്റംസിന് അനുവാദമില്ല.

Read Also : കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട; വധക്കേസ് പ്രതികളടക്കം എട്ട് പേർ പിടിയിൽ

കൊച്ചിയിൽ ഇന്ന് വൻ മയക്കുമരുന്ന് വേട്ട നടന്നിരുന്നു. ഹോട്ടൽ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടത്തിയ എട്ടു പേർ പിടിയിലായി. പ്രതികളിൽ നിന്ന് 55 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ മൂന്ന് കാറുകളും കസ്റ്റഡിയിലെടുത്തു. പിടിയിലായവരിൽ രണ്ട് പേർ വധക്കേസ് പ്രതികളാണ്. രഹസ്യവിവരത്തെ തുടർന്ന് തിരുവനന്തപുരത്തുനിന്നുള്ള പ്രത്യേക സംഘമാണ് തിരച്ചിൽ നടത്തിയത്.

ഗൾഫിൽ ഒരുമിച്ച് ജോലി ചെയ്തവരാണ് പ്രതികൾ. ഇവർ ഗൾഫിൽ വച്ച് ശിക്ഷിക്കപ്പെട്ടിരുന്നു. കൊല്ലത്തുനിന്നുള്ള ഒരു യുവതിയടക്കം 4 പേർ ഇത് വാങ്ങുന്നതിനായി ഹോട്ടലിൽ എത്തി. ആ സമയത്താണ് കസ്റ്റംസ് പ്രിവൻ്റീവ് യൂണിറ്റും തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെൻ്റും ചേർന്ന പ്രത്യേക സംഘം പരിശോധന നടത്തിയത്.

കൊല്ലം സ്വദേശിനിയായ തസ്നിയാണ് മയക്കുമരുന്ന് വാങ്ങുന്നതിനായി കൊച്ചിയിലെത്തിയത്. ഇവരെ നിരീക്ഷിച്ചാണ് അന്വേഷണ സംഘം ഹോട്ടലിലെത്തിയത്. എറണാകുളം സ്വദേശി റിച്ചു റഹ്മാൻ, മലപ്പുറം സ്വദേശി മുഹമ്മദാലി, കണ്ണൂർ സ്വദേശി സൽമാൻ പി, കൊല്ലം സ്വദേശി ഷിബു, കൊല്ലം സ്വദേശി ജുബൈർ, ആലപ്പുഴ സ്വദേശി ശരത് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. മുഹമ്മദാലിയും സൽമാനും റിച്ചു റഹ്മാനും ചേർന്നാണ് വില്പന നടത്തിയത്.

Story Highlights: drugs to kerala customs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here