Advertisement

ലതാ മങ്കേഷ്‌ക്കറിന് പിന്നാലെ ബപ്പി ലാഹിരിയും; വിടവാങ്ങിയത് ഹൃദയബന്ധം പുലര്‍ത്തിയ അടുത്ത സുഹൃത്തുക്കള്‍

February 16, 2022
Google News 2 minutes Read

ഗായിക ലതാ മങ്കേഷ്‌കര്‍ വിടവാങ്ങിയതിന്റെ വേദന തീരും മുന്‍പാണ് ‘ഡിസ്‌കോ കിങ്’ എന്ന പേരില്‍ ലോകം മുഴുവന്‍ അറിയപ്പെട്ടിരുന്ന ബപ്പി ലാഹിരിയുടെ വിയോഗം. അടുത്ത ഹൃദയബന്ധം പുലര്‍ത്തിയിരുന്ന ലതയും ലാഹിരിയും വിടവാങ്ങിയതും അടുത്തടുത്ത ദിവസങ്ങളിലാണെന്നത് കാലത്തിന്റെ കാവ്യനീതി. സംഗീത ജീവിതത്തിന്റെ ആരംഭ ഘട്ടത്തില്‍ത്തന്നെ ലാഹിരിയുടെ വ്യത്യസ്തമായ മ്യൂസിക്കില്‍ മനസുടക്കിയ ലത, യുവത്വത്തെ ത്രസിപ്പിക്കുന്ന സംഗീതജ്ഞനായി അദ്ദേഹം വളരുമെന്ന് പ്രവചനം നടത്തിയിരുന്നു. കാലം മുന്നോട്ട് ചലിച്ചപ്പോള്‍ ലതയുടെ വാക്കുകള്‍ യാഥാര്‍ത്ഥ്യമായി മാറി.

ബപ്പി ലാഹിരിക്ക് എന്നും ആശ്രയമായി ഉണ്ടായിരുന്നതും ലതാ മങ്കേഷകറാണ്. അതുകൊണ്ടു തന്നെയാകാം ലത വിടവാങ്ങിയതിന് പിന്നാലെ സംഗീത ലോകത്തെ ഞെട്ടിച്ചുകൊണ്ട് ലാഹിരിയും ഓര്‍മ്മയായത്. ലോകമെമ്പാടുമുള്ള സംഗീത പ്രേമികളെ വിസ്മയിപ്പിക്കുന്ന തരത്തിലുള്ള ഗാനങ്ങള്‍ ചിട്ടപ്പെടുത്താന്‍ ലാഹിരിക്ക് എളുപ്പത്തില്‍ കഴിഞ്ഞു. അങ്ങനെ 80കളിലും 90കളിലും ‘ബപ്പിസംഗീതത്തി’ന് ലോകം കാതോര്‍ത്തു.

Read Also : ”ഐ ആം എ ഡിസ്‌കോ ഡാന്‍സര്‍”, വിടവാങ്ങിയത് ഡിസ്‌കോ കിങ്

ഫാസ്റ്റ് നമ്പറുകളാണ് ബപ്പി കൂടുതലും സംഗീതലോകത്തിനു സമ്മാനിച്ചത്. അവയോരോന്നും എത്രകേട്ടാലും മതിവരാത്ത രീതിയില്‍ പുതുതലമുറയ്ക്ക് ലഹരിയാവുകയും ചെയ്തു. റാഹി മസൂം റാസ എഴുതി ബബ്ബര്‍ സുഭാഷ് സംവിധാനം ചെയ്ത് 1982ല്‍ പുറത്തിറങ്ങിയ ഡിസ്‌കോ ഡാന്‍സര്‍ എന്ന ചിത്രത്തിലെ ലാഹിരിയുടെ ഡിസ്‌കോ സോങ് ആഗോള ഹിറ്റായി മാറുകയും അതിലെ മിഥുന്‍ ചക്രവര്‍ത്തിയുടെ നൃത്ത ശൈലി ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇന്നും ഉത്സവപ്പറമ്പുകളില്‍ ഗാനമേള സംഘടിപ്പിക്കുമ്പോള്‍ കേള്‍വിക്കാരെ ത്രസിപ്പിക്കാന്‍ ഐ ആം എ ഡിസ്‌കോ ഡാന്‍സര്‍ എന്ന ഡിസ്‌കോ ഗാനവുമായി യുവ തലമുറയെത്താറുണ്ട്. വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ ഫാസ്റ്റ് നമ്പര്‍ കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ ഇളകി മറിയും!.

Read Also : ഹിന്ദി സംഗീതസംവിധായകന്‍ ബപ്പി ലാഹിരി അന്തരിച്ചു

ഫാസ്റ്റ് നമ്പറുകളുടെ പേരിലാണ് ലോകം മുഴുവന്‍ അറിയപ്പെട്ടിരുന്നതെങ്കിലും നാടന്‍ പാട്ടുകളും മെലഡികളും ഗസലുകളും ബപ്പിക്ക് എളുപ്പത്തില്‍ വഴങ്ങുമായിരുന്നു. നവംബര്‍ 27നാണ് ഔദ്യോഗിക ജന്മദിനമെങ്കിലും ബപ്പി പിറന്നാളുകള്‍ ആഘോഷിച്ചിരുന്നത് ജൂലൈ 18നാണ്. അദ്ദേഹത്തിന്റെ സംഗീതത്തില്‍ ‘കബി അല്‍വിദാ നാ കെഹ്നാ’ എന്ന ഗാനം കിഷോര്‍ കുമാര്‍ പാടി റെക്കോര്‍ഡ് ചെയ്ത ദിനമാണിത്. ജൂലൈ 18 തന്റെ രണ്ടാം ജന്മമായാണ് ബപ്പി കണ്ടത്. പിറന്നാളുകളില്‍ ബപ്പിയുടെ വസതിയില്‍ മുഴങ്ങിയിരുന്നത് കിഷോര്‍ കുമാറിന്റെ പാട്ടുകളാണ്. അദ്ദേഹവുമായി വലിയ ആത്മബന്ധവും ബപ്പി സൂക്ഷിച്ചിരുന്നു.

മാതാപിതാക്കള്‍ തന്നെയായിരുന്നു ലാഹിരിയുടെ ആദ്യ ഗുരുക്കന്മാര്‍. മൂന്നാം വയസ്സില്‍ തബല വായിച്ചാണ് അദ്ദേഹം സംഗീതലോകത്തേയ്‌ക്കെത്തിയത്. ചല്‍തേ ചല്‍തേയും ഡിസ്‌കോ ഡാന്‍സറും ശരാബിയും ഒക്കെ ഇനിയും പ്രേക്ഷകരുടെ ഹൃദയവീഥികളിലൂടെ ഒഴുകിയിറങ്ങും.

Story Highlights: Intimacy between Lata Mangeshkar and Lahiri

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here