ഹിന്ദുക്കൾ സ്ത്രീകളെ ആരാധിക്കുന്നവരാണ്; അതിനാൽ ഹിജാബ് അണിയേണ്ട കാര്യമില്ല: പ്രജ്ഞാ സിംഗ് താക്കൂർ

ഹിജാബ് വിവാദത്തിൽ പ്രതികരണവുമായി ബിജെപി എംപി പ്രജ്ഞാ സിംഗ് താക്കൂർ. വീടുകളിൽ സുരക്ഷിതരല്ലാത്തവരാണ് ഹിജാബ് ധരിക്കുന്നതെന്ന് താക്കൂർ പറഞ്ഞു. ഹിന്ദുക്കൾ സ്ത്രീകളെ ആരാധിക്കുന്നതിനാൽ ഹിജാബണിയേണ്ട കാര്യമില്ലെന്നും താക്കൂർ പ്രതികരിച്ചു. ഭോപ്പാലിലെ ഒരു അമ്പലം നടത്തിയ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സ്ഥലം എംപി. (BJP Pragya Thakur Hijab)
“എവിടെയും ഹിജാബണിയേണ്ടതില്ല. വീട്ടിൽ സുരക്ഷിതരല്ലാത്തവർ മാത്രമാണ് ഹിജാബണിയുന്നത്. ഹിന്ദുക്കൾ സ്ത്രീകളെ ആരാധിക്കുന്നതിനാൽ ഹിജാബണിയേണ്ട കാര്യമില്ല. നിങ്ങൾക്ക് മദ്രസയുണ്ട്. അവിടെ നിങ്ങൾ ഹിജാബണിഞ്ഞാൽ ഞങ്ങൾക്കൊന്നും ചെയ്യാനാവില്ല. പുറത്ത് ഹിന്ദു സമാജുണ്ട്. അവിടെ ഹിജാബണിയേണ്ട കാര്യമില്ല. ഹിജാബെന്നാൽ പർദ്ദയാണ്. പർദ്ദ അണിയേണ്ടത് നിങ്ങളെ മോശം കണ്ണുകളോടെ നോക്കുന്നവർക്ക് മുന്നിലാണ്. പക്ഷേ, ഹിന്ദുക്കൾ അങ്ങനെയുള്ളവരല്ല. അവർ സ്ത്രീകളെ ആരാധിക്കുന്നവരാണ്.”- പ്രജ്ഞ പറഞ്ഞു.
ഹിജാബ് വിവാദക്കേസിൽ വാദം കേൾക്കുന്നത് കർണാടക ഹൈക്കോടതിയിൽ ഇന്നും തുടരും. അഞ്ചാം ദിവസമാണ് വിശാലബെഞ്ച് കേസിൽ വാദം കേൾക്കുന്നത്. രണ്ട് റിട്ടുകളിൽക്കൂടിയാണ് വാദം ബാക്കിയുള്ളത്. അത് ഇന്ന് പൂർത്തീകരിച്ചേക്കും. ഉച്ചയ്ക്ക് 2.30നാണ് കേസ് വീണ്ടും പരിഗണിക്കുക.
സ്‌കൂളുകളിൽ മതപരമായ വസ്ത്രങ്ങൾ വേണ്ടെന്ന കോടതിയുടെ ഇടക്കാല ഉത്തരവിൽ വ്യക്തത വേണമെന്ന വിദ്യാർത്ഥികളുടെ അപേക്ഷ കോടതി പരിഗണിച്ചു. ഇക്കാര്യത്തിൽ രണ്ട് ദിവസത്തിനകം മറുപടി നൽകുമെന്ന് അഡ്വക്കേറ്റ് ജനറൽ അറിയിച്ചിട്ടുണ്ട്. വിശയത്തിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം തുടരുകയാണ്. ഇന്നലെ കുടക്, ഉടുപ്പി, ഷിമോഗ, കോലാർ തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനം നടത്തി.
വിവിധ കോളജുകളിലെ വിദ്യാർത്ഥിനികളാണ് ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് ഹർജി നൽകിയിരിക്കുന്നത്. കർണാടകയിലെ മൂന്ന് കോളജുകൾ ഹിജാബ് ധരിച്ച വിദ്യാർത്ഥിനികളുടെ പ്രവേശനം തടഞ്ഞിരുന്നു. ഇത് വിവിധ സമുദായങ്ങളിൽ പെട്ട വിദ്യാർത്ഥികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. കോളജുകളിൽ ഹിജാബ് ഉൾപ്പെടെ മതം അനുസരിച്ചുള്ള വസ്ത്രങ്ങൾക്ക് വിലക്കില്ലെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞിരുന്നെങ്കിലും കോളജുകളിലും വിലക്ക് തുടരുകയാണ്.
അതിനിടെ കർണാടകയിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ കഴിഞ്ഞദിവസം രണ്ട് ഇടങ്ങളിൽ പരീക്ഷ എഴുതിച്ചില്ല. കുടകിൽ 30 വിദ്യാർത്ഥിനികളെ പത്താം ക്ലാസ് മോഡൽ പരീക്ഷ എഴുതിക്കാതെ തിരിച്ചയച്ചു. ശിവമൊഗ്ഗയിൽ 13 വിദ്യാർത്ഥിനികൾ പരീക്ഷ ബഹിഷ്‌കരിച്ചു. ഹിജാബ് മാറ്റാതെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് അധ്യാപകർ നിലപാട് എടുക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് വിദ്യാർത്ഥിനികൾ പരീക്ഷ ബഹിഷ്‌കരിച്ചത്.
Story Highlights: BJP Pragya Thakur About Hijab
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here