Advertisement

നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാതെ ഗവര്‍ണര്‍

February 17, 2022
Google News 0 minutes Read

നിയമസഭാ സമ്മേളനത്തിന് മണിക്കൂറുകള്‍ ശേഷിക്കെ നയപ്രഖ്യാപനത്തില്‍ ഒപ്പിടാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ നല്‍കുന്ന രീതിയില്‍ ഗവര്‍ണര്‍ക്ക് അതൃപ്തി. ഇതോടെ മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ ഇതുവരെ തയാറായില്ല.
നിയമസഭാ സ്പീക്കറും മുഖ്യമന്ത്രിയും നേരിട്ട് ഇടപെട്ടെങ്കിലും ഇതുവരേയും പ്രസംഗത്തില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ തയ്യാറായിട്ടില്ലെന്നതാണ് അനിശ്ചിതത്വം സൃഷ്ടിക്കുന്നത്.

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ സര്‍വീസില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ പെന്‍ഷന്‍ അര്‍ഹരാവും എന്ന ചട്ടം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാതിരിക്കുന്നത്. പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ സിഎജിയേയും ബന്ധപ്പെട്ടിട്ടുണ്ട്. സിഎജിയെ നേരില്‍ വിളിച്ചാണ് ഗവര്‍ണര്‍ ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പോലെ എങ്ങനെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ നല്‍കും എന്ന ചോദ്യമാണ് ഗവര്‍ണര്‍ ഉന്നയിക്കുന്നത്.

നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ അംഗീകരിച്ച് തിരികെ സര്‍ക്കാരിലേക്ക് അയക്കണമെന്നാണ് ചട്ടം. ഇതിനു ശേഷമാണ് നാളെ നിയമസഭയില്‍ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം നടത്തുക. ബജറ്റ് സമ്മേളനത്തിന് തുടക്കമാവുന്നത് തന്നെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ്. ചരിത്രത്തില്‍ ഇതുവരെയില്ലാത്ത അസാധാരണമായ ഒരു പ്രതിസന്ധിയെയാണ് ഇതോടെ സര്‍ക്കാര്‍ അഭിമുഖീകരിക്കുന്നത്. നേരത്തെ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണര്‍ സര്‍ക്കാരുമായി നേരിട്ട് ഏറ്റുമുട്ടിയിരുന്നു.

പിന്നീട് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് ശീതസമരം അവസാനിപ്പിച്ചത്. ഈ അടുത്ത് ജന്മഭൂമി മുന്‍ എഡിറ്ററെ എതിര്‍പ്പ് പരസ്യമാക്കി തന്നെ ഗവര്‍ണറുടെ പിആര്‍ഒ ആയി സര്‍ക്കാര്‍ നിയമിച്ചിരുന്നു. ഗവര്‍ണര്‍ ആവശ്യപ്പെട്ട പ്രകാരം രാജ്ഭവനിലെ ഫോട്ടോഗ്രാഫര്‍ക്കും ഇന്നത്തെ മന്ത്രിസഭായോഗം സ്ഥിരം നിയമനം നല്‍കിയിരുന്നു. കൊടുത്തും വാങ്ങിയും സര്‍ക്കാരും ഗവര്‍ണറും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം കളിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നതിനിടെയാണ് പുതിയ സംഭവവികാസം. നയപ്രഖ്യാപന പ്രസംഗത്തിനായി നാളെ ഗവര്‍ണര്‍ നിയമസഭയില്‍ എത്തിയില്ലെങ്കില്‍ അസാധാരണ പ്രതിസന്ധിയിലേക്കാവും കാര്യങ്ങള്‍ എത്തുക. രാജ്യത്തിന്റെ 75 വര്‍ഷത്തെ ചരിത്രത്തില്‍ ഇതുവരെ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. നയപ്രഖ്യാപന പ്രസംഗം ഗവര്‍ണറുടെ ഭരണഘടനാപരമായ ബാധ്യതയാണ് എന്നിരിക്കെ നാളെ നിയമസഭയില്‍ ഗവര്‍ണര്‍ എത്തിയില്ലെങ്കില്‍ പുതിയ പ്രതിസന്ധിയിലേക്കാവും സംസ്ഥാനം എത്തുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here