Advertisement

രണ്ടുവര്‍ഷം കൂടുമ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫിനെ മാറ്റുന്നു; പൊതുജനങ്ങളുടെ പണം നഷ്ടമാകുന്നുവെന്ന് ഗവര്‍ണര്‍

February 19, 2022
Google News 1 minute Read

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിനെതിരെ സര്‍ക്കാരിന് വീണ്ടും ഗവര്‍ണറുടെ വിമര്‍ശനം. പേഴ്‌സണല്‍ സ്റ്റാഫില്‍ പാര്‍ട്ടി റിക്രൂട്ട്‌മെന്റാണ് നടക്കുന്നതെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിക്കുന്നത്. രാജ്ഭവനെ നിയന്ത്രിക്കാന്‍ മറ്റാര്‍ക്കും അധികാരമില്ലെന്ന് ഗവര്‍ണര്‍ സൂചിപ്പിച്ചു. രാജ്ഭവനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഗവര്‍ണര്‍ ആഞ്ഞടിച്ചു. സര്‍ക്കാരിന് അതിന് യാതൊരു അവകാശവുമില്ലെന്നും തനിക്ക് ഉത്തരം പറയാനുള്ള ബാധ്യത രാഷ്ട്രപതിയോട് മാത്രമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിന്റെ പേരില്‍ പാര്‍ട്ടി കേഡര്‍ വളര്‍ത്തുന്നുവെന്ന വിമര്‍ശനമാണ് ഇന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ചത്. രണ്ട് വര്‍ഷം കൂടുമ്പോള്‍ സ്റ്റാഫിനെ മാറ്റുകയാണ്. ഇത് സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയാണുണ്ടാക്കുന്നത്. പൊതുജനങ്ങളുടെ പണമാണ് നഷ്ടമാകുന്നത്. രണ്ട് വര്‍ഷം കഴിഞ്ഞാല്‍ പെന്‍ഷന്‍ എന്ന രീതിയെയാണ് താന്‍ ഏറ്റവുമധികം എതിര്‍ത്തത്. ഈ രീതി റദ്ദാക്കി നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ജ്യോതിലാലിനെ മാറ്റാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. തന്റെ നിലപാടുകളില്‍ നിന്ന് പിന്നോട്ടുപോകില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് വി ഡി സതീശനുനേരെ കടുത്ത ഭാഷയിലാണ് ഗവര്‍ണര്‍ വിമര്‍ശനം ഉന്നയിച്ചത്. ഒരു പ്രതിപക്ഷ നേതാവ് എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് അദ്ദേഹം ഉമ്മന്‍ ചാണ്ടിയില്‍ നിന്നും രമേശ് ചെന്നിത്തലയില്‍ നിന്നുമെല്ലാം പഠിക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണര്‍ ബാലിശമായി പെരുമാറുന്നുവെന്ന് വിമര്‍ശനം ഉന്നയിച്ച മുന്‍ മന്ത്രി എ കെ ബാലനെകതിരെ അതേ നാണയത്തില്‍ത്തന്നെ ഗവര്‍ണര്‍ തിരിച്ചടിച്ചു. മുന്‍മന്ത്രി ബാലിശമായി പെരുമാരുന്നുവെന്നാണ് ഗവര്‍ണര്‍ പ്രതികരിച്ചത്.

Story Highlights: governor slams state government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here