‘ശാരീരിക വേദനയുണ്ടായിരുന്നു, പക്ഷേ മാനസിക ദുഃഖം ഇല്ല’ : ഗംഗേശാനന്ദ മാധ്യമങ്ങളോട്

തിരുവനന്തപുരത്ത് ലിംഗം മുറിച്ചുമാറ്റിയ കേസിൽ പ്രതികരണവുമായി ഗംഗേശാനന്ദ സ്വാമി. കേസിലെ വഴിത്തിരിവ് നല്ല കാര്യമാണെന്നും, നിയമസംവിധാനങ്ങളെ ബഹുമാനിക്കുന്ന വ്യക്തിയാണ് താനെന്നും ഗംഗേശാനന്ദ പറഞ്ഞു. ( attack caused physical pain not mental says gangeshananda )
ആക്രമത്തിൽ ശാരീരക വേദനയുണ്ടായിരുന്നു, എന്നാൽ മാനസിക ദുഃഖം ഉണ്ടായിരുന്നില്ലെന്ന് ഗംഗേശാനന്ദ സ്വാമി മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് വൈകീട്ട് 7 മണിക്ക് കേസുമായി ബന്ധപ്പെട്ട യഥാർത്ഥ കാര്യങ്ങൾ തുറന്നുപറയുമെന്ന് ഗംഗേശാനന്ദ സ്വാമി പറയുന്നു.
തിരുവനന്തപുരത്ത് ഗംഗേശാനന്ദ സ്വാമിയുടെ ലിംഗം മുറിച്ച കേസിൽ വഴിത്തിരിവുണ്ടാകുന്നത് ഇന്നലെയാണ്, ലിംഗം മുറിച്ചത് പരാതിക്കാരിയും സുഹൃത്ത് അയ്യപ്പദാസും ചേർന്നുള്ള ഗൂഢാലോചനയുടെ ഭാഗമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഒരുമിച്ച് ജീവിക്കാൻ സ്വാമി തടസമെന്ന് കണ്ടതോടെ ഇരുവരും ചേർന്ന് സ്വാമിക്കെതിരെ നീക്കം നടത്തിയെന്ന തരത്തിലാണ് പുതിയ കണ്ടെത്തൽ. ഇരുവരേയും പ്രതിചേർക്കാൻ ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയിട്ടുണ്ട്.
Read Also : സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം; ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം വിപുലീകരിച്ചു
2017 മെയ് 20 രാത്രിയിലാണ് കണ്ണമൂലയിലെ പെൺകുട്ടിയുടെ വീട്ടിൽ അതിഥിയായെത്തിയ ഗംഗേശാനന്ദയുടെ നേർക്ക് ആക്രമണം നടക്കുന്നത്. സ്വാമി തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ ലിംഗം മുറിച്ചെന്നാണ് യുവതി പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ ഗംഗേശാന്ദയ്‌ക്കെതിരെ ബലാത്സംഗത്തിനടക്കം പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. അതിനുശേഷം സ്വാമി പീഡിപ്പിച്ചിട്ടില്ലെന്നും സഹായി അയ്യപ്പദാസാണ് പീഡിപ്പിക്കാൻ ശ്രമിച്ചതെന്നും യുവതി തിരുത്തിപ്പറയുകയായിരുന്നു. താനല്ല സ്വാമിയെ ആക്രമിച്ചതെന്നും പിന്നീട് യുവതി പറഞ്ഞിരുന്നു. ഇതിനെത്തുടർന്ന് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് പുതിയ കണ്ടെത്തലുകൾ.
കേസിലെ ഉന്നത പൊലീസ് ഗൂഢാലോചനയടക്കമുളള വിഷയങ്ങൾ ആരോപിച്ചുകൊണ്ട് ഗംഗേശാനന്ദ ഡിജിപിക്ക് പരാതി നൽകിയിരുന്നു. സുഹൃത്തായ അയ്യപ്പദാസുമായി ചേർന്ന് സ്വാമിയെ ആക്രമിക്കാൻ യുവതി പദ്ധതിയിടുകയായിരുന്നെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. പദ്ധതി തയ്യാറാക്കുന്നതിനായി ഇരുവരും കൊല്ലത്തെ കടൽത്തീരത്തുവെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നതായും ക്രൈംബ്രാഞ്ച് കണ്ടെത്തി.
Story Highlights: attack caused physical pain not mental says gangeshananda
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here