സില്‍വര്‍ ലൈന്‍ പദ്ധതി നാടിനെ രണ്ടായി വിഭജിക്കില്ലെന്ന് മുഖ്യമന്ത്രി

സില്‍വര്‍ ലൈന്‍ പദ്ധതി നാടിനെ രണ്ടായി വിഭജിക്കുമെന്ന പ്രചാരണം തെറ്റാണെന്ന് മുഖ്യമന്ത്രി നിയമസഭയിലെ ചോദ്യോത്തര വേളയില്‍ പറഞ്ഞു. നിമയസഭയില്‍ ചര്‍ച്ച ചെയ്യേണ്ടത് പുത്തരിക്കണ്ടം മൈതാനത്ത് ചര്‍ച്ച ചെയ്തിട്ട് കാര്യമില്ലെന്ന വി.ഡി. സതീശന്റെ സഭയിലെ പരാമര്‍ശത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കും. വിഭവ സമാഹരണത്തിന് യാതൊരു ബുദ്ധിമുട്ടുമുണ്ടാവില്ല. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഒന്നും മറച്ചുവെക്കാനില്ല. പ്രതിപക്ഷത്തിന്റെ ഏത് നിര്‍ദേശങ്ങളും അനുഭാവപൂര്‍വം പരിഗണിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണ്.
പല പഠനങ്ങള്‍ നടത്തിയിട്ടും ഇതിലും മികച്ച മറ്റൊരു പദ്ധതി കണ്ടെത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. പദ്ധതിക്ക് തുടക്കം കുറിച്ചവര്‍ തന്നെ ഇപ്പോള്‍ എതിരഭിപ്രായം പറയുകയാണ്. നാട് അതിവേഗതയില്‍ മുന്നോട്ടുപോകാനായി എല്ലാവരും ഒരുമിച്ച് നില്‍ക്കണം. അടുത്ത തവണ സഭ ചേരുമ്പോള്‍ ഇക്കാര്യങ്ങളില്‍ വ്യക്തത കൈവരുത്താനായി വിഷയം വീണ്ടും അവതരിപ്പിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Read Also : കണ്ണൂരിനെ കലാപഭൂമിയാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു; വിമര്‍ശിച്ച് മുഖ്യമന്ത്രി
സില്‍വര്‍ ലൈന്‍ പദ്ധതി നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്നതാണ് പ്രതിപക്ഷത്തിന്‍െ പ്രധാന ആവശ്യം. ഡി.പി.ആര്‍ സര്‍വത്ര അബദ്ധമാണെന്നും പ്രകൃതിവിഭവങ്ങള്‍ എവിടെ നിന്ന് ലഭ്യമാക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ചോദിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത തേടുകയാണ് പ്രതിപക്ഷം. അടുത്ത സഭാ സമ്മേളനത്തില്‍ സില്‍വര്‍ ലൈന്‍ വീണ്ടും സജീവ ചര്‍ച്ചയായേക്കും. സില്‍വര്‍ ലൈന്‍ നടപ്പാക്കരുത് എന്നാവശ്യപ്പെട്ട് 25 ദിവസം നീണ്ടുനില്‍ക്കുന്ന പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങുകയാണ് യു.ഡി.എഫ്.
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട വസ്തുതകള്‍ സര്‍ക്കാര്‍ മറച്ചുവയ്ക്കുകയാണെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. കോടതി വിവരങ്ങള്‍ തേടുമ്പോള്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുകയാണെന്നായിരുന്നു കോടതിയുടെ വിമര്‍ശനം. സര്‍ക്കാര്‍ അനാവശ്യ തിടുക്കം കാണിക്കുന്നത് പദ്ധതിയെ ബാധിക്കുമെന്നും പദ്ധതിക്ക് കോടതി എതിരല്ലെന്നുമാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞത്.
സില്‍വര്‍ലൈന്‍ പരിസ്ഥിതി സൗഹൃദമാണെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ അഭിപ്രായപ്പെട്ടിരുന്നു. പദ്ധതിക്കായുള്ള കേന്ദ്രസര്‍ക്കാര്‍ അനുമതി പ്രതീക്ഷിക്കുന്നതായും ഇത് സാമ്പത്തിക ഉണര്‍വുണ്ടാക്കുമെന്നും തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.
Story Highlights: CM says Silver Line project will not divide the state into two
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here