മാതൃരാജ്യത്തിന് വേണ്ടി പൊരുതാൻ ക്ലിച്‌കോ സഹോദരന്മാരും; യുക്രൈൻ ബോക്‌സിംഗ് ഇതിഹാസങ്ങളും യുദ്ധക്കളത്തിൽ

മെയ്യും മനസും ഏകാഗ്രമാക്കി, എതിരാളിയുടെ ഓരോ നീക്കവും ചെറുത്ത് തോൽപ്പിച്ച ഇടിക്കൂട്ടിലെ ചാമ്പ്യന്മാരായിരുന്നു ക്ലിച്‌കോ സഹോദരന്മാർ…എതിരാളികൾക്ക് മുന്നിൽ ഒരൽപം പോലും പതറിയിട്ടില്ലാത്ത ഈ ബോക്‌സിംഗ് താരങ്ങൾ ഇന്ന് യുക്രൈൻ മണ്ണിൽ റഷ്യയ്‌ക്കെതിരായ യുദ്ധത്തിലാണ്. മാതൃരാജ്യത്തിന് ഒരാപത്ത് വന്നപ്പോൾ കീവ് മേയർ കൂടിയായ വിതാലി ക്ലിച്‌കോവിനും, സഹോദരൻ വഌദിമിർ ക്ലിച്‌കോവിനും യുദ്ധത്തിന് ഇറങ്ങാൻ രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല. ( klitschko brothers join Ukraine war )
‘എനിക്ക് മറ്റ് മാർഗമില്ല. യുദ്ധത്തിനിറങ്ങിയേ പറ്റൂ’- അൻപതുകാരനായ വിതാലി ക്ലിച്‌കോവ് പറയുന്നു. ‘എനിക്ക് യുക്രൈനിൽ വിശ്വാസമുണ്ട്. എന്റെ രാജ്യത്തെ വിശ്വാസമുണ്ട്, എന്റെ ജനങ്ങളിൽ വിശ്വാസമുണ്ട്’- വിതാലി ക്ലിച്‌കോവ് വികാരനിർഭരനമായി മാധ്യമങ്ങളോട് പറഞ്ഞു.
യുക്രൈന്റെ റിസർവ് സേനയുടെ ഭാഗമായിരുന്ന വഌദിമിർ ക്ലിച്‌കോവും സഹോദരനൊപ്പം യുദ്ധത്തിനുണ്ട്. യുക്രൈൻ ജനത ശക്തരാണെന്ന് വഌദിമിർ പറയുന്നു.
വ്യാഴാഴ്ചയാണ് കര-വ്യോമ-നാവിക സേനയുമായി റഷ്യ യുക്രൈനെ ആക്രമിച്ചത്. തുറന്ന യുദ്ധത്തിലേക്ക് കടന്ന റഷ്യയെ അമ്പരപ്പിച്ചുകൊണ്ട് വലിയ ചെറുത്ത് നിൽപ്പാണ് യുക്രൈൻ നടത്തുന്നത്. ദിവസങ്ങൾക്കകം തന്നെ യുക്രൈൻ തകർന്നടിയുമെന്നോ, കീഴടങ്ങുമെന്നോ കരുതിയിരുന്ന റഷ്യയ്ക്ക് വലിയ തിരിച്ചടി നൽകിക്കൊണ്ട് യുക്രൈൻ സൈന്യം പൊരുതുകയാണ്.
റഷ്യൻ ആക്രമണത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ ആയുധമെടുത്ത് പോരാടുകയാണ് യുക്രൈൻ ജനത. സ്ത്രീകൾ ഉൾപ്പെടെ പലരും യുദ്ധത്തിൽ പങ്കാളികളാകുന്നുണ്ട്. പതിനെണ്ണായിരം തോക്കുകളാണ് സർക്കാർ സാധാരണക്കാർക്ക് നൽകിയിരിക്കുന്നത്. മിക്ക വീടുകളിലും തോക്ക് ഉൾപ്പടെയുള്ള മാരകായുധങ്ങൾ എത്തിച്ചിട്ടുണ്ട്. ഇതിനിടെ, പെട്രോൾ ബോംബ് ഉണ്ടാക്കാൻ സർക്കാർ ജനങ്ങളോട് ആഹ്വാനം ചെയ്തു. നിർമാണം എങ്ങനെയെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here