Advertisement

യുക്രൈനില്‍നിന്ന് 53 മലയാളി വിദ്യാര്‍ഥികള്‍കൂടി തിരിച്ചെത്തി; കേരളത്തിലേക്ക് ഇന്ന് എത്തിയത് 41 പേര്‍

March 1, 2022
Google News 1 minute Read

യുക്രൈനില്‍നിന്ന് 53 മലയാളി വിദ്യാര്‍ഥികള്‍കൂടി രാജ്യത്തേക്കു മടങ്ങിയെത്തി. ന്യൂഡല്‍ഹി വിമാനത്താവളം വഴി 47 പേരും മുംബൈ വിമാനത്താവളം വഴി ആറു പേരുമാണ് ഇന്ന് എത്തിയത്. ഇതോടെ ‘ഓപ്പറേഷന്‍ ഗംഗ’ രക്ഷാദൗത്യം വഴി രാജ്യത്തു മടങ്ങിയെത്തിയ മലയാളി വിദ്യാര്‍ഥികളുടെ ആകെ എണ്ണം 184 ആയി.
ബുക്കാറസ്റ്റില്‍നിന്നും ബുഡാപെസ്റ്റില്‍നിന്നുമുള്ള രണ്ട് ഇന്‍ഡിഗോ വിമാനങ്ങളിലാണ് 47 മലയാളി വിദ്യാര്‍ഥികള്‍ ഇന്ന് ഉച്ചയ്ക്കു ന്യൂഡല്‍ഹിയില്‍ എത്തിയത്. ഇതില്‍ 11 പേരെ കണ്ണൂര്‍ വിമാനത്താവളം വഴിയും 20 പേരെ കൊച്ചി വിമാനത്താവളം വഴിയും 16 പേരെ തിരുവനന്തപുരം വിമാനത്താവളം വഴിയും ഇന്നുതന്നെ നാട്ടിലെത്തിക്കും. രക്ഷാദൗത്യത്തിന്റെ ആദ്യ ദിനമായ ഫെബ്രുവരി 27ന് 57ഉം രണ്ടാം ദിവസം 48ഉം മലയാളി വിദ്യാര്‍ഥികള്‍ ന്യൂഡല്‍ഹിയില്‍ എത്തിയിരുന്നു. ബുക്കാറെസ്റ്റില്‍ന്നുള്ള എയര്‍ഇന്ത്യാ വിമാനം ഇന്ന് രാത്രി 9.20ന് ഡല്‍ഹിയില്‍ എത്തുന്നുണ്ട്. ഈ വിമാനത്തിലും മലയാളി വിദ്യാര്‍ഥികള്‍ ഉണ്ട്. ഡല്‍ഹി വിമാനത്താവളം വഴി ഇതുവരെ 152 മലയാളി വിദ്യാര്‍ഥികള്‍ മടങ്ങിയെത്തിയിട്ടുണ്ട്.

ഡല്‍ഹിയിലെത്തുന്ന വിദ്യാര്‍ഥികളെ വിമാന ടിക്കറ്റ് ലഭ്യതയനുസരിച്ചു കേരളത്തിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഇന്നലെ വൈകിട്ട് ന്യൂഡല്‍ഹിയില്‍ എത്തിയ 36 വിദ്യാര്‍ഥികള്‍ക്കു കേരള ഹൗസില്‍ വിശ്രമമൊരുക്കിയശേഷം ഇന്നു നാട്ടിലെത്തിച്ചു. 25 പേര്‍ രാവിലെ 5.35നുള്ള വിസ്താര ഫ്‌ളൈറ്റില്‍ കൊച്ചിയിലും 11 പേര്‍ 8.45നുള്ള വിസ്താര ഫ്‌ളൈറ്റില്‍ തിരുവനന്തപുരത്തും എത്തി.

മുംബൈ വിമാനത്താവളം വഴി ഇതുവരെ 32 പേര്‍ മടങ്ങിയെത്തി. ഇന്നു രാവിലെ 7.30ന് ബുക്കാറെസ്റ്റില്‍നിന്നു മുംബൈ വിമാനത്താവളത്തിലെത്തിയ എയര്‍ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലാണ് ആറു മലയാളി വിദ്യാര്‍ഥികള്‍ എത്തിയത്. ഇവരില്‍ മൂന്നു പേരെ തിരുവനന്തപുരത്തേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലും രണ്ടു പേരെ കൊച്ചിയിലെക്കുള്ള ഇന്‍ഡിഗോ വിമാനത്തിലും നാട്ടില്‍ എത്തിച്ചു. ഒരാള്‍ മുംബൈയില്‍ സ്ഥിരതാമസമാക്കിയ മലയാളി വിദ്യാര്‍ഥിയാണ്. ഫെബ്രുവരി 27ന് 26 വിദ്യാര്‍ഥികള്‍ മുംബൈ വഴി മടങ്ങിയെത്തിയിരുന്നു.

ന്യൂഡല്‍ഹിയിലും മുംബൈയിലുമെത്തുന്ന മലയാളി വിദ്യാര്‍ഥികള്‍ കേരളത്തില്‍ അവരുടെ വീടുകളില്‍ എത്തുന്നതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു സംസ്ഥാന സര്‍ക്കാരിന്റെ ഉദ്യോഗസ്ഥ സംഘം ഇരു വിമാനത്താവളങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുവരെ 135 വിദ്യാര്‍ഥികള്‍ കേരളത്തില്‍ എത്തിയിട്ടുണ്ട്. ഇതില്‍ തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിലായി 41 പേര്‍ ഇന്നു മാത്രം എത്തിയവരാണ്. ഓരോരുത്തരുടേയും സ്വദേശത്തോട് ഏറ്റവും അടുത്തുള്ള വിമാനത്താവളത്തിലേക്കുള്ള ടിക്കറ്റ് ലഭ്യതയനുസരിച്ചാണു നാട്ടിലേക്ക് അയക്കുന്നത്. മുംബൈയില്‍നിന്നും ഡല്‍ഹിയില്‍നിന്നും നാട്ടില്‍ എത്തുന്നതുവരെയുള്ള ടിക്കറ്റ് ചെലവ് സംസ്ഥാന സര്‍ക്കാരാണു വഹിക്കുന്നത്.

ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ കേരള ഹൗസിലെ ലെയ്‌സണ്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നാണു പ്രവര്‍ത്തനം. മുംബൈ വിമാനത്താവളത്തില്‍ മുംബൈ കേരള ഹൗസിലെ നോര്‍ക്ക വിഭാഗത്തിന്റെ നേതൃത്വത്തിലാണു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. കേരളത്തിലെത്തുന്ന വിദ്യാര്‍ഥികളുടെ യാത്രയടക്കമുള്ള കാര്യങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്നതിനായി നോര്‍ക്ക റൂട്ട്‌സിലെ ഉദ്യോഗസ്ഥരേയും വിന്യസിച്ചിട്ടുണ്ട്. ഇതിനു പുറമേ ഉക്രെയിനുള്ള വിദ്യാര്‍ഥികള്‍ക്കും നാട്ടിലുള്ള അവരുടെ രക്ഷകര്‍ത്താക്കള്‍ക്കും ബന്ധപ്പെടുന്നതിനായി നോര്‍ക്ക റൂട്ട്‌സിന്റെ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കുന്നുണ്ട്. 18004253939 എന്ന ടോള്‍ഫ്രീ നമ്പറില്‍ സഹായം ലഭ്യമാകും.

Story Highlights: 53 more Malayalee students return from Ukraine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here