വോട്ടെടുപ്പിനിടെ അക്രമം; മണിപ്പൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി അറസ്റ്റിൽ

ആദ്യ ഘട്ട മണിപ്പൂർ തെരഞ്ഞെടുപ്പിന് പിന്നാലെ, കോൺഗ്രസ് സ്ഥാനാർത്ഥി ഉൾപ്പെടെ 2 പേർ അറസ്റ്റിൽ. സൈതു മണ്ഡലത്തിലെ സ്ഥാനാർത്ഥി ലാംറ്റിൻതാങ് ഹാക്കിപ്പിനെയാണ് കസ്റ്റഡിയിൽ എടുത്തത്. വോട്ടെടുപ്പുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. അതേസമയം ഹാക്കിപ്പിന്റെ അറസ്റ്റിനെ മണിപ്പൂർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി (എംപിസിസി) ശക്തമായി അപലപിച്ചു.
51/56 ന്യൂ കെയ്ഥെൽമാൻബി അപ്പർ പ്രൈമറി സ്കൂൾ പോളിംഗ് സ്റ്റേഷന്റെ പ്രിസൈഡിംഗ് ഓഫീസർ നൽകിയ പരാതിയെത്തുടർന്നാണ് അറസ്റ്റ്. രാവിലെ 9.30ഓടെ കോൺഗ്രസ് അനുഭാവികളും ലാംറ്റിൻതാങ് ഹാക്കിപ്പും മാരകായുധങ്ങളുമായി പോളിംഗ് ബൂത്തിൽ പ്രവേശിച്ച് ഇവിഎമ്മുകളും മറ്റ് വോട്ടിംഗ് ഉപകരണങ്ങളും നശിപ്പിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഇരുവർക്കുമെതിരെ ഐപിസി പ്രകാരവും ജനപ്രാതിനിധ്യ നിയമപ്രകാരവും കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
പിന്നീട് ബിജെപി-ഐഎൻസി അനുഭാവികൾ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് രാവിലെ 10 മണിയോടെ പോളിംഗ് സ്റ്റേഷനിൽ വോട്ടെടുപ്പ് നിർത്തിവച്ചു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോളിംഗ് സ്‌റ്റേഷനിൽ നിയോഗിച്ച സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആകാശത്തേക്ക് വെടിയുതിർക്കേണ്ടി വന്നു. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനും കോൺഗ്രസ് സ്ഥാനാർത്ഥിയെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യാനും മണിപ്പൂരിലെ ചീഫ് ഇലക്ടറൽ ഓഫീസർക്ക് ബിജെപി പരാതി നൽകി.
ലാംറ്റിൻതാങ്ങിന്റെ അറസ്റ്റിനെ മണിപ്പൂർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി (എംപിസിസി) ശക്തമായി അപലപിച്ചു. ലാംറ്റിൻതാങ്ങിനെതിരായ ആരോപണങ്ങൾ തെറ്റാണെന്ന് വിശേഷിപ്പിച്ച എംപിസിസി അദ്ദേഹത്തെ ഉടൻ നിരുപാധികം മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. അതേസമയം ബിജെപി സ്ഥാനാർത്ഥിയെ അറസ്റ്റ് ചെയ്തതായി ഇതുവരെ റിപ്പോർട്ട് ലഭിച്ചിട്ടില്ല.
Story Highlights: electoral-violence-during-voting-congress-candidate-arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here