‘ഇന്ത്യക്കാരായതുകൊണ്ട് ട്രെയ്‌നിൽ കയറ്റുന്നില്ല; യുക്രൈനികളെ മാത്രമാണ് ഇപ്പോൾ കൊണ്ടുപോകുന്നത്’ : സഹായത്തിനായി കരഞ്ഞുകൊണ്ട് മലയാളി വിദ്യാർത്ഥിനി 24നോട്

ഖാർക്കീവിലെ യുദ്ധഭീതിക്കിടെ സഹായത്തിനായി കേണപേക്ഷിച്ച് മലയാളി വിദ്യാർത്ഥികൾ ട്വന്റിഫോറിനോട്. ഹോസ്റ്റലിൽ നിന്ന് ഇറങ്ങേണ്ടി വന്നതിനെ തുടർന്ന് സ്വന്തം റിസ്‌കിലാണ് അപർണ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ റെയിൽവേ സ്റ്റേഷൻ വരെ എത്തിയത്. എന്നാൽ ഇന്ത്യക്കാരായതുകൊണ്ട് ട്രെയ്‌നിൽ കയറ്റുന്നില്ലെന്നും യുക്രൈനികളെ മാത്രമാണ് ഇപ്പോൾ കൊണ്ടുപോകുന്നതെന്നും അപർണ ട്വന്റിഫോറിനോട് പറഞ്ഞു. വരുന്ന വഴി നാല് തവണ ബോംബ് സ്‌ഫോടനം കൺമുന്നിൽ കണ്ടുവെന്നും വിദ്യാർത്ഥികൾ ഭീതിയോടെ പറയുന്നു. ( indian students seeks for help ukraine )
അപർണയുടെ വാക്കുകൾ : ‘ഞങ്ങൾക്ക് ഇവിടെ നിന്ന് ട്രെയ്‌നിൽ കയറാൻ പറ്റുന്നില്ല. ഞങ്ങളുടെ സ്ഥലത്ത് ഇന്നലെ വലിയ സ്‌ഫോടനമായിരുന്നു. ഹോസ്റ്റലിൽ നിന്ന് ഇവാക്വേഷൻ എന്ന് പറഞ്ഞ്. ഏതൊക്കെയോ ഇടവഴിയിലൂടെ ഞങ്ങളെ അധികൃതർ റെയിൽവേ സ്‌റ്റേഷനിലെത്തിച്ചു. പക്ഷേ ഇന്ത്യക്കാരാണെന്ന് പറഞ്ഞ് ഞങ്ങളെ ട്രെയിനിൽ കയറ്റുന്നില്ല. വരുന്ന വഴി നാല് തവണ കൺമുന്നിൽ ബോംബ് പൊട്ടി. യുക്രൈനികളെ മാത്രമാണ് ഇപ്പോൾ ട്രെയ്‌നിൽ കയറ്റുന്നത്. ഞങ്ങളെ എങ്ങനെയെങ്കിലും രക്ഷിക്കണം. ഞങ്ങൾ എന്ത് ചെയ്യണമെന്ന് എല്ലാവരോടും ചോദിച്ചു. അവരെല്ലാം പറയുന്നത് ട്രെയിൻ വഴി രക്ഷപ്പെടാൻ നോക്കൂ എന്നാണ്. സ്വന്തം റിസ്‌കിൽ ഏതെങ്കിലും അതിർത്തിയിൽ എത്തിയാൽ രക്ഷപ്പെടാമെന്നാണ് ഞങ്ങളോട് പറഞ്ഞത്. ഇന്ന് രാവിലെ 8 മണിക്കാണ് ഞങ്ങൾ റഎയിൽവേ സ്റ്റേഷനിൽ എത്തുന്നത്. ഇതുവരെ 5 ട്രെയിൻ പോയി. ഞങ്ങളെ ഇതുവരെ കയറ്റിയില്ല. യുക്രൈൻ സ്ത്രീകളെ മാത്രമാണ് ഇപ്പോൾ കയറ്റി വിടുന്നത്. ഭർത്താക്കന്മാരെ ഒപ്പം കയറ്റാത്തതിൽ പ്രതിഷേധിക്കുമ്പോൾ യുക്രൈൻ പട്ടാളക്കാർ വെടിയുതിർക്കുകയാണ്’.
Read Also : ഇത് റഷ്യ-യുക്രൈൻ യുദ്ധത്തിലെ ചിത്രമല്ല; ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ എന്ത് ? [ 24 Fact Check]
ട്വന്റിഫോറിൽ അപർണയുടേയും സുഹൃത്തുക്കളുടേയും ആശങ്കയും ഭീതിയും പങ്കുവച്ചതിന് പിന്നാലെ വിദ്യാർത്ഥികൾക്ക് സഹായം വാഗ്ദാനം ചെയ്ത് ചങ്ങനാശേരി അതിരൂപതയിലെ വൈദികൻ രംഗത്തുവന്നു. വൈദികൻ ഖാർകീവിലുണ്ടായിരുന്നു. അദ്ദേഹം അപർണയേയും കൂട്ടുകാരേയും രക്ഷിക്കുമെന്ന് ട്വന്റിഫോറിനെ അറിയിച്ചു.
കീവിലും നേരത്തെ സമാന പ്രശ്‌നം നേരിട്ടിരുന്നു. അന്ന എംബസി ഉദ്യോഗസ്ഥരെത്തിയാണ് ട്രെയ്‌നിൽ ഇന്ത്യക്കാരെ കയറ്റിയത്. ഇതിന് പിന്നാലെയാണ് ഖാർകീവിൽ നിന്നും സമാന പരാതി ഉയരുന്നത്.
Story Highlights: indian students seeks for help Ukraine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here