Advertisement

ഐഎസ്എൽ: മുംബൈയെ തോല്പിച്ച് ഹൈദരാബാദ്; ബ്ലാസ്റ്റേഴ്സ് സെമിയിൽ

March 5, 2022
Google News 1 minute Read

ഐഎസ്എലിൽ മുംബൈ സിറ്റിക്കെതിരെ ഹൈദരാബാദ് എഫ്സിക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഹൈദരാബാദിൻ്റെ ജയം. കൊവിഡ് കാരണം പല പ്രധാന താരങ്ങളുമില്ലാതെയാണ് ഹൈദരാബാദ് ഇറങ്ങിയത്.

മത്സരത്തിൻ്റെ 14ആം മിനിട്ടിൽ തന്നെ ഹൈദരാബാദ് മുന്നിലെത്തി. ഗോൾ വേട്ടക്കാരൻ ബാർതലോമ്യു ഓഗ്ബച്ചെ ഇല്ലാതെയിറങ്ങിയ ഹൈദരാബാദിനായി ഇന്ത്യൻ യുവതാരം രോഹിത് ദാനുവാണ് ആദ്യ ഗോളടിച്ചത്. ജുവാനൻ്റെ അസിസ്റ്റിൽ നിന്നാണ് ദാനു വല കുലുക്കിയത്. മറുപടി ഗോളിനായി കിണഞ്ഞുശ്രമിച്ച മുംബൈയെ ഞെട്ടിച്ച് 41ആം മിനിട്ടിൽ ഹൈദരാബാദ് വീണ്ടും ഗോളടിച്ചു. ഇത്തവണ മുഹമ്മദ് യാസിറിൻ്റെ അസിസ്റ്റിൽ നിന്ന് ജോയൽ ചിയാനീസ് ആണ് ഗോൾ നേടിയത്. ആദ്യ പകുതി മടക്കമില്ലാത്ത 2 ഗോളുകൾക്ക് പിന്നിലായിരുന്ന മുംബൈ 76ആം മിനിട്ടിൽ ഒരു ഗോൾ മടക്കി. മോർത്താദ ഫാൾ ആണ് മുംബൈയുടെ ആശ്വാസ ഗോൾ നേടിയത്. അവസാന മിനിട്ടുകളിൽ മുംബൈ ആക്രമണം അഴിച്ചുവിട്ടെങ്കിലും ഹൈദരാബാദ് വഴങ്ങിയില്ല. ഷോട്ട് ഓൺ ടാർഗറ്റ് ഒഴികെ സകല മേഖലകളിലും മുന്നിട്ടുനിന്ന മുംബൈക്ക് കനത്ത തിരിച്ചടിയാണ് റിസൽട്ട്. 62 ശതമാനം ബോൾ പൊസിഷനാണ് മുംബൈക്കുണ്ടായിരുന്നത്.

ഹൈദരാബാദ് വിജയിച്ചതോടെ മുംബൈയെ മറികടന്ന് കേരള ബ്ലാസ്റ്റേഴ്സ് അവസാന നാല് ഉറപ്പിച്ചു. 20 മത്സരങ്ങൾ പൂർത്തിയാക്കിയ മുംബൈയ്ക്ക് 31 പോയിൻ്റാണ് ഉള്ളത്. അതേസമയം, ഒരു മത്സരം കൂടി അവശേഷിക്കുന്ന ബ്ലാസ്റ്റേഴ്സിന് 33 പോയിൻ്റുണ്ട്. അവസാന മത്സരത്തിൽ പരാജയപ്പെട്ടാലും ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്ത് തന്നെ ഫിനിഷ് ചെയ്യും.

ഇത് മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്സ് സെമി യോഗ്യത നേടുന്നത്. ഉദ്ഘാടന സീസണിൽ സെമിഫൈനൽ കളിച്ച ബ്ലാസ്റ്റേഴ്സ് 2016ലും അവസാന നാലിലെത്തി. ഈ രണ്ട് തവണയും ബ്ലാസ്റ്റേഴ്സ് ഫൈനലിൽ പരാജയപ്പെടുകയായിരുന്നു. സ്റ്റീവ് കോപ്പലായിരുന്നു ആ സീസണുകളിൽ ബ്ലാസ്റ്റേഴ്സ് പരിശീലകൻ.

Story Highlights: kerala blasters into semifinal mumbai lost hyderabad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here