ചെർണോബിൽ ആണവനിലയവുമായി ആശയവിനിമയം നഷ്ടമായി; സ്ഥിതി ആശങ്കാജനകം

റഷ്യയുടെ യുക്രൈൻ അധിനിവേശത്തിൽ ആശങ്കയായി ആണവനിലയം. റഷ്യൻ സേന നിയന്ത്രണമേറ്റെടുത്ത ചെർണോബിൽ ആണവനിലയവുമായി ആശയവിനിമയം നഷ്ടമായെന്ന് രാജ്യാന്തര ആണവോർജ ഏജൻസി അറിയിച്ചു. സ്ഥിതി ആശങ്കാജനകമാണെന്ന് ഐഎഇഎ ചൂണ്ടിക്കാട്ടി. ( chernobyl nuclear plant communication lost )
അതേസമയം, മാനുഷിക ഇടനാഴി ഒരുക്കാൻ ഇന്നും റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചു. ഇന്ത്യൻ സമയം 12.30 മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരും. കീവ്, ചെർണിവ്, സുമി, ഖാർകിവ്, മരിയുപോൾ എന്നീ നഗരങ്ങളിലാണ് താത്കാലിക വെടിനിർത്തൽ.
അതിനിടെ, സുമിയിൽ നിന്ന് ഒഴിപ്പിച്ച മുഴുവൻ ഇന്ത്യൻ വിദ്യാർത്ഥികളെയും ഇന്ന് പടിഞ്ഞാറൻ യുക്രൈനിലെത്തിക്കും. പോൾട്ടാവയിൽ നിന്ന് ട്രെയിൻ മാർഗം ലിവിവിൽ എത്തിക്കുന്ന 694 വിദ്യാർത്ഥികളെയും യുക്രൈൻ-പോളണ്ട് അതിർത്തിയിലെത്തിക്കാനാണ് ശ്രമം. പോളണ്ടിൽ നിന്ന് പ്രത്യേക വിമാനങ്ങളിൽ വിദ്യാർത്ഥികളെ രാജ്യത്ത് എത്തിക്കാനാണ് പദ്ധതി.
ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ കൺട്രോൾ റൂമാണ് രക്ഷാദൗത്യം ഏകോപിപ്പിക്കുന്നത്. അതേസമയം, ഇതുവരെ 3097 മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിച്ചെന്ന് കേരള ഹൗസ് അധികൃതർ അറിയിച്ചു. ഡൽഹി, മുംബൈ വിമാനത്താവളങ്ങളിൽ നിന്നാണ് വിദ്യാർത്ഥികളെ നാട്ടിലെത്തിച്ചത്. ഡൽഹി വിമാനത്താവളം വഴി മാത്രം 2633 മലയാളികൾക്ക് യാത്ര സൗകര്യമൊരുക്കി. രാജ്യത്ത് അധികം വിദ്യാർത്ഥികൾ മടങ്ങിയെത്തിയ സംസ്ഥാനം കേരളമാണ്. ഇതുവരെ 15 ചാർട്ടേർഡ് വിമാനങ്ങൾ കൊച്ചിയിലേക്ക് സർവീസ് നടത്തിയെന്നും കേരള ഹൗസ് അധികൃതർ അറിയിച്ചു.
Story Highlights: chernobyl nuclear plant communication lost
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here