കോട്ടയത്ത് നടന്നത് പൊലീസ് അതിക്രമമെന്ന് കെ.സി. ജോസഫ്

പ്രവർത്തകർ സമാധാനപരമായി നടത്തിയ സമരത്തിന് നേരെയാണ് പൊലീസ് അതിക്രമം അഴിച്ചുവിട്ടതെന്ന് കെ.സി ജോസഫ് ആരോപിച്ചു. പൊലീസിന്റെ ധിക്കാരമാണ് ഇവിടെ കണ്ടത്. കുറച്ചുകൂടി വിവേകവും പക്വതയും പൊലീസ് കാട്ടണമായിരുന്നു. സ്ത്രീകളെയും വീട്ടമ്മമാരെയും കുഞ്ഞുങ്ങളെയും അടിച്ചമർത്തുകയും അവരോട് മോശമായി പെരുമാറുകയും ചെയ്തത് ന്യായീകരിക്കാനാവില്ല. സാധാരണക്കാരെ അടിച്ചമർത്തി കെ റെയിലുമായി മുന്നോട്ട് പോകാമെന്ന ധാരണയുണ്ടെങ്കിൽ അത് നടക്കില്ലെന്നാണ് സർക്കാരിനെ അറിയിക്കാനുള്ളത്. നിരവധിയാളുകൾ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കെ റെയിൽ വിരുദ്ധ സമരത്തിൽ പങ്കെടുത്തവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് കോട്ടയം തൃക്കൊടിത്താനം പൊലീസ് സ്റ്റേഷന് മുന്നിൽ സമരക്കാർ പ്രതിഷേധം തുടരുകയാണ്. മാടപ്പള്ളിയിലെ പ്രതിഷേധ സ്ഥലത്ത് നിന്ന് കസ്റ്റഡിയിലെടുത്ത നാല് സ്ത്രീകൾ ഉൾപ്പടെയുള്ള 23 പ്രവർത്തകരെ ഉടൻ വിട്ടയയ്ക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
Read Also : സിൽവർ ലൈനിനെതിരെ ചങ്ങനാശേരിയിൽ പ്രതിഷേധം; കിടപ്പാടത്തിനായി മരിക്കാനും തയ്യാറെന്ന് പ്രതിഷേധക്കാർ
കേരള കോൺഗ്രസ് നേതാവ് ജോസഫ് എം. പുതുശേരി, യു.ഡി.എഫ് നേതാവ് ലാലി വിൻസെന്റ് തുടങ്ങിയവരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ചങ്ങനാശേരിയിലെ പ്രതിഷേധത്തിനിടെ പൊലീസ് പിടികൂടിയവരെ അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയയ്ക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. പൊലീസ് നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് ബി.ജെ.പി നാളെ ഹർത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
കോട്ടയം ചങ്ങനാശേരി മാടപ്പള്ളിയിൽ നടക്കുന്ന പ്രതിഷേധത്തിനിടെ സമരക്കാർ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാശ്രമം നടത്തിയിരുന്നു. പൊലീസ് ഇടപെട്ടാണ് ആത്മഹത്യാശ്രമം തടഞ്ഞത്. മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് അറിയിച്ച ശേഷം മണ്ണെണ്ണ കുപ്പികളുമായെത്തിയ പ്രവർത്തകരെ പൊലീസ് ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. ചങ്ങനാശേരിയിലെ 16 കുടുംബങ്ങളാണ് വീട് നഷ്ടമാവുമെന്ന് പറഞ്ഞ് സമരം സംഘടിപ്പിച്ചത്. കല്ലിടാനുള്ള സംഘമെത്തിയാൽ അവരെ തടയുമെന്നുള്ള കാര്യം നേരത്തേ തന്നെ സമരക്കാർ വ്യക്തമാക്കിയിരുന്നു.
Story Highlights: KCJoseph alleges police atrocities in Kottayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here