‘ഞാൻ സിപിഐഎം അനുഭാവിയാണ്, പക്ഷേ സിൽവർലൈൻ വേണ്ട’ : പ്രതിഷേധക്കാരി

മലപ്പുറം തിരുനാവായ സൗത്ത് പല്ലാറിൽ സിൽവർലൈൻ സർവേ കല്ലിടലിനെതിരെ വ്യാപക പ്രതിഷേധം നടക്കുകയാണ്. സിപിഐഎം അനുഭാവികളും പ്രതിഷേധത്തിലുണ്ട്. പാർട്ടി ഭേദമന്യേ വീടും സ്ഥലവും നഷ്ടപ്പെടുമെന്ന ഭീതിയിൽ ഒത്തുചേർന്ന പ്രതിഷേധക്കാർ സിൽവർലൈൻ പദ്ധതി വേണ്ടെന്ന് ഒന്നടങ്കം പറഞ്ഞു. ( cpim voter against silverline project )
‘എല്ലാ കാലത്തും വോട്ട് ചെയ്തത് സിപിഐഎമ്മിനാണ്. സർക്കാരിനോടും മന്ത്രിമാരോടൊന്നും പ്രശ്‌നമില്ല. ഞാൻ പിണറായിടെ ആളാണ്. പക്ഷേ സിൽവർ ലൈൻ വേണ്ട. വികസനം വേണ്ട. ഇനിയും മാർക്‌സിസ്റ്റിന് മാത്രമേ വോട്ട് ചെയ്യു. ആകെ മൂന്ന് സെന്റുള്ളു. അതിൽ നാല് ലക്ഷം രൂപകൊണ്ട് ഒരു വീടുണ്ട്. അത് പോകാൻ പറ്റില്ല. ഞങ്ങൾ തൊഴിലുറപ്പ് ജീവനക്കാരാണ്. രാവിലെ നാല് മണിക്ക് എഴുനേറ്റ് സ്വന്തം വീട്ടിലെ പണി തീർത്ത് മറ്റ് വീട്ടിലും പോയി പണിയെടുത്ത് തൊഴിലുറപ്പിനും പോയി ജീവിക്കുന്ന ആളുകളാണ്. ഇത് കളയാൻ പറ്റില്ല’- പ്രതിഷേധത്തിനെത്തിയ വീട്ടമ്മ പറഞ്ഞു.
സിൽവർ ലൈൻ സർവേ കല്ലിടലിനെതിരെ ഇന്നും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് ജനം. കോട്ടയം നട്ടാശ്ശേരിയിലും കോഴിക്കോട് കല്ലായിയിലും വലിയ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. പ്രതിഷേധത്തെ തുടർന്ന് മലപ്പുറം തിരുനാവായ സൗത്ത് പല്ലാറിൽ സിൽവർലൈൻ സർവേ നടപടികൾ നിർത്തിവച്ചിരിക്കുകയാണ്.
Story Highlights: cpim voter against silverline project
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here