Advertisement

ഗബ്രിയേൽ മാലാഖ അഥവാ ബാറ്റിഗോൾ

March 25, 2022
Google News 2 minutes Read

.

.

.

.

.

.

.

.

സൗമേഷ് പെരുവല്ലൂർ

ചീഫ് സബ് എഡിറ്റർ, 24 ന്യൂസ്

BC 34
യേശു ജനിക്കുമെന്ന് കന്യാമറിയത്തെ അറിയിക്കാൻ നിയോഗിക്കപ്പെട്ടത് ഗബ്രിയേൽ മാലാഖയായിരുന്നു.
അതിനും മുമ്പ്
ഒരു രക്ഷകൻ വരുന്നുണ്ടെന്ന് ദാനിയേൽ പ്രവാചകനറിഞ്ഞതും ഗബ്രിയേൽ മാലാഖ വഴിയായിരുന്നു.
ബൈബിളിൽ ,
ദൈവത്തിന്റെ സന്ദേശം മനുഷ്യരിലെത്തിക്കുന്ന
മൂന്ന്
മുഖ്യദൂതരിൽ
ഒരുവനാകുന്നു
ഗബ്രിയേൽ.

AD 1991
ഇറ്റാലിയൻ ഫുട്ബോൾ ലീഗിൽ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന ഫിയോറന്റീനയിലേക്ക് ക്ലബ് പ്രസിഡന്റ് വിറ്റോറിയോ ചെച്ചി ഗോറി
ഒരു ഗബ്രിയേൽ മാലാഖയെ അയക്കുന്നു.

കൈകൾ ഇരുവശത്തേക്കും നീട്ടിപ്പിടിച്ച്
സ്വർണ നിറമുള്ള നീളൻ മുടി പാറിച്ച്
ചിരിച്ച് കൊണ്ടോടി വരുന്ന
ആടിയിൽ താടിയേറെയുള്ള
നീളൻ മുഖമുള്ള
ആ മാലാഖയ്ക്ക്
യേശു ക്രിസ്തുവിന്റെ ഛായയായിരുന്നു.
മറ്റാർക്കുമില്ലാത്തൊരു ഛായ.
ഫിയോറന്റീന ക്ലബ് നിലനിൽക്കുന്ന ഫ്ലോറൻസിലെ ജനങ്ങൾ അയാളിൽ രക്ഷകനെ കണ്ടു.
ഉയർത്തെഴുന്നേൽപ്പ് സ്വപ്നം കണ്ടു.
രാത്രി കുരിശ് വരച്ച് പിരിയും മുമ്പേ
കുടുംബത്തോടെ
എല്ലാവരും ആ രൂപമോർത്തു.
ഗബ്രിയേൽ ഒമർ ബാറ്റിസ്റ്റ്യൂട്ട
എന്ന പേരവർ ഓർത്തുവെച്ചു.
ഒമ്പത് ഗണങ്ങളുള്ള മാലാഖമാരിൽ ഏറ്റവും വേണ്ടപ്പെട്ട മാലാഖയായ ഗബ്രിയേലിന്റെ പേരുള്ളവൻ.

32 വർഷത്തിന് ശേഷം 1991 ൽ അർജന്റീന കോപ്പ അമേരിക്ക നേടിയത് ഗബ്രിയേൽ ബാറ്റിസ്‌റ്റ്യൂട്ടയെ മുൻ നിർത്തിയാണ്.
ആറ് ഗോളടിച്ച് ആ കോപ്പയിൽ ടോപ് സ്കോററായി.
ഒരു സൂപ്പർ ഹീറോയെ തേടി നടന്ന ഫിയോറന്റീന ഉടമയ്ക്ക് കണ്ണുടക്കാനും കൈ കൊടുക്കാനും കാരണമിതൊക്കെ ധാരാളം.
പെരുന്നാൾ പറമ്പിലെ ഏറ്റവും വലിയ കളിപ്പാട്ടം വാങ്ങി നടക്കുന്ന കുട്ടിയെ പോലെ ഇറ്റാലിയൻ ക്ലബ് തലവൻ ലാറ്റിനമേരിക്കൻ ടൂർണമെന്റിൽ നിന്ന് മടങ്ങി.

ഉയിർത്തെഴുന്നേൽപ്പിന് മുന്നേ ഒരു കുരിശേറ്റമുണ്ടായിരുന്നു.
ബാറ്റിസ്റ്റ്യൂട്ട വന്ന രണ്ടാം വർഷം ഫിയോറന്റീന ക്ലബ് തോറ്റ് തുന്നം പാടി.
ഇറ്റലിയിലെ ഒന്നാം ഡിവിഷനിൽ നിന്ന് പുറത്തായി.
രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടു.
അപ്പുറത്ത്
അർജന്റീന ബാറ്റിയുമായും
ബാറ്റി അർജന്റീനയുമായും
തടയില്ലാതെ കുതിച്ചു.
തുടർച്ചയായ രണ്ടാം കോപ്പ അമേരിക്ക നേടിയ ബാറ്റിയെ തേടി ഇറ്റലിയിലെ പ്രധാന ടീമുകളെത്തി.
ലാറ്റിനമേരിക്കൻ ഫൈനലിൽ രണ്ട് ഗോളടിച്ച സ്ട്രൈക്കർക്കായി യൂറോപ്പിലെ പ്രധാനികൾ വില പറഞ്ഞു.
എന്നാൽ കുരിശ് മരണത്തിന് മുമ്പ് യേശുവിനൊപ്പം നിന്ന യോഹന്നാനെപ്പോലെ
എവിടേക്കുമില്ലെന്ന്
ബാറ്റി നിലപാടെടുത്തു.
വീണ് പോയ
ഫിയോറന്റീനയിൽ തന്നെ നിന്നു.
രണ്ടാം ഡിവിഷനിൽ കളിച്ചു.
ടീമിനെ ഒന്നാം ഡിവിഷനിലേക്ക്
മടക്കി കൊണ്ട് വന്നു.
രണ്ട് വർഷത്തിനകം ക്ലബ് കോപ്പ ഇറ്റാലിയ ട്രോഫി നേടി.
20 വർഷം …
20 വർഷത്തെ കാത്തിരിപ്പായിരുന്നു ഫിയോറന്റീനയ്ക്ക് ആ ട്രോഫി .
ഇറ്റലിയാനോ സൂപ്പർകോപ്പ ട്രോഫിയും ഫിയോറന്റീന ഷെൽഫിലെത്തി.
സ്വർണമുടിയുള്ള അർജന്റീനക്കാരനെ അതിനോടകം
ഇറ്റലിയിലെ പൈതൃക നഗരം ‘ബാറ്റിഗോൾ’ എന്ന് സ്നേഹിച്ച്
വിളിക്കാൻ തുടങ്ങിയിരുന്നു.
ഫ്ലോറൻസിലെ തെരുവിലയാൾ വെങ്കല പ്രതിമയാൽ കുടിയിരുത്തപ്പെട്ടു.
ആർട്ട് ഗ്യാലറികളും മ്യൂസിയങ്ങളും നിറഞ്ഞ ഫ്ലോറൻസ് നഗരത്തിലെ
ഏറ്റവും മനോഹര കലാസൃഷ്ടിയായി
ആ പ്രതിമ ഇപ്പോഴുമുണ്ട്.
അതിന് താഴെ ഇറ്റാലിയനിൽ ഇങ്ങനെ
എഴുതിയിരിക്കുന്നു – “ഒരിക്കലും കീഴടങ്ങാത്ത പോരാളി
മഹാനായ യോദ്ധാവ്
വിശ്വസ്തൻ “

AD 1969
അർജന്റീനയിലെ അവല്ലെനെഡയിൽ ഇറച്ചിവെട്ടുക്കാരനായ ഒസ്മറിന്റെയും സ്കൂൾ സെക്രട്ടറിയായിരുന്ന ഗ്ലോറിയയുടെയും മൂന്നാമത്തെ കുഞ്ഞായി ഗബ്രിയേൽ പിറവിയെടുത്തു.
അടിവേരുകളിൽ
പന്തുമായി പോയവരാരുമില്ലാത്തതിനാലാകണം
കുഞ്ഞുബാറ്റി
ഫുട്ബോളിനോട്
ഒരു ഇഷ്ടവുമില്ലാതെ
വളർന്നു.
കേട്ട കെട്ടുകഥകളിൽ
പന്തുമായി
സ്നേഹമുള്ളവരില്ലാത്തതിനാലാകണം
കുഞ്ഞുബാറ്റി
ഫുട്ബോളിനോട്
ഒരു സ്നേഹവും കാണിക്കാതെ
വളർന്നു.
അമ്മയുടെയും അച്ഛമ്മയുടെയും
മൂത്ത പെങ്ങളുടെയും കൂട്ട് കൂടി നടന്നു.
ഡോക്ടറാകാൻ ആഗ്രഹിച്ച് സയൻസ് ലാബിൽ മണിക്കൂറുകളോളം തുടർന്നു.
സ്പോർട്സിൽ എന്തെങ്കിലും താത്പര്യമുണ്ടായിരുന്നത് ബാസ്കറ്റ്ബോളിനോടായിരുന്നു.
പിന്നെ കുറച്ച് വോളിബോളിനോടും.

AD 1978
സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിൽ അർജന്റീന ചാമ്പ്യൻമാരായി.
ആ ഓളം ഒഴുക്കി കൊണ്ട് പോയവരിൽ ബാറ്റിയുമുണ്ടായിരുന്നു.
ഗബ്രിയേലിന് ഫുട്ബോളിനോടും സ്നേഹം തുടങ്ങി. അപ്പോഴും അതത്ര സീരിയസ് ആയിരുന്നില്ല.
എല്ലാ ലാറ്റിനമേരിക്കൻ ഇതിഹാസങ്ങളുടെയും തുടക്കം തെരുവിൽ നിന്നായിരുന്നല്ലോ.
കൗമാരക്കാരൻ ബാറ്റി പന്തുമായി കൂട്ടുകാർക്കൊപ്പം തെരുവിലേക്കിറങ്ങി.
ചെറു ക്ലബായ പ്ലാറ്റെൻസിൽ കളിക്കുന്നതിടെ അന്ന് ന്യൂയെൽസ് ഓൾഡ് ബോയ്സ് കോച്ചായിരുന്ന സാക്ഷാൽ ബിയേൽസയുടെ കണ്ണിലുടക്കി.
ബാറ്റിയെ ബിയേൽസ പൊക്കി.
നല്ലതായിരുന്നില്ല ന്യൂയെൽസ് ഓൾഡ് ബോയ്സിലെ കാലം.
വീട്ടുകാരും പ്രണയിനിയും അടുത്തില്ലാത്ത കാലം നിരാശയുടേതായി.
മൈതാനത്ത് പരാജയമായി.
ശരീരഭാരം കൂടി കളിക്കാൻ ബുദ്ധിമുട്ടായി .
ഒടുവിൽ ക്ലബയാളെ ലോണിൽ വിട്ടു.
കളി പതുക്കെ തിരിച്ച് പിടിച്ചു ബാറ്റി.
പിന്നെ റിവർ പ്ലേറ്റിലേക്ക്.
അവിടെ നിന്ന് ബൊക്ക ജൂനിയേഴ്സിലേക്ക്.
ബൊക്ക ജൂനിയേഴ്സ് പരിശീലകൻ ഓസ്കർ ടെബാരസാണ് ബാറ്റിസ്റ്റ്യൂട്ടയെ സെന്റർ ഫോർവേഡാക്കിയതും ഉലയൂതിത്തിളക്കം വെപ്പിച്ചതും.

AD 2000
ഫിയോറന്റീന വിട്ട് എഎസ് റോമയിൽ .
17 വർഷത്തിന് ശേഷം റോമ
സീരി എ ചാമ്പ്യൻമാർ.
ബാറ്റിസ്റ്റ്യൂട്ടയുടെ ഇറ്റാലിയൻ ജീവിതത്തിന്
പൂർണത വന്നത് ആ പത്താം വർഷമായിരുന്നു.

#ഫിയോറന്റീന
#റോമ
#ഇന്റർ മിലാൻ

ബാറ്റിസ്റ്റ്യൂട്ട ഇറ്റലിയിൽ കളിച്ചത്
മൂന്ന് ക്ലബുകൾക്കായാണ്.
അടിച്ചത് ഇരുനൂറ്റി മുപ്പതിലധികം ഗോൾ.
അത് വെറും സ്ഥിതിവിവര കണക്ക്.
പ്രതിരോധം മുന്നേറ്റമായി കാണുന്ന തൊണ്ണൂറുകളിലെ ഇറ്റലിയിൽ
ആ കണക്കിനെ രണ്ട് കൊണ്ടോ മൂന്ന് കൊണ്ടോ ഗുണിച്ചിട്ട് വേണം മനസ്സിലേക്കെടുക്കാൻ.

മറഡോണയ്ക്കും മെസിക്കുമിടയിലെ അർജന്റീനിയൻ ഫുട്ബോൾ വിലാസമായിരുന്നു ബാറ്റിസ്റ്റ്യൂട്ട.
ബാറ്റിക്ക് ശേഷമോ മുമ്പോ അങ്ങനെയൊരു സെന്റർ ഫോർവേഡിനെ ആ രാജ്യത്തിന് കിട്ടിയിട്ടേ ഇല്ല.
77 മത്സരങ്ങളിൽ നിന്ന് 54 ഗോൾ.
2016 ൽ മെസി തകർക്കും വരെ ഏറെക്കാലം അർജന്റീനയുടെ ടോപ്സ്കോററായി നില നിന്നു.
പക്ഷേ ഇതുവരെ ആരും തകർക്കാത്ത അങ്ങനെ പെട്ടെന്നാരും തകർക്കാനിടയില്ലാത്ത ഒരു റെക്കോഡിപ്പോഴും ബാറ്റിക്കൊപ്പം തുടരുന്നുണ്ട്.
മൂന്ന് വ്യത്യസ്ത ലോകകപ്പുകളിൽ ഹാട്രിക് നേടിയ ഏക കളിക്കാരനാണയാൾ. (1994, 98, 2002)

കരുത്തും കൃത്യതയുമാണ് ബാറ്റിയെ വേറിട്ട് നിർത്തിയത്. ഗ്രൗണ്ടിന്റെ ഏത് ആംഗിളിൽ നിന്നും ഗോളിനുള്ള പഴുതുകൾ കണ്ടു.
എത്ര ദൂരത്ത് നിന്നും വേഗമേറിയ ഷോട്ടുകൾ കൊണ്ട് ഗോൾ നേടി.പന്തിനെ സ്നേഹിച്ച് തഴുകി വലയിലേക്ക് വിടുന്ന ലാറ്റിനമേരിക്കക്കാർക്ക് അപവാദമായി അടിച്ച് കൂടിയ ഗോളുകളെല്ലാം. ഫിയോറന്റീനക്കായി മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ഗോൾ അതിലൊരു പ്രകാശ നക്ഷത്രമായി ബാറ്റിസ്റ്റ്യൂട്ടയെ ഓർക്കുന്നവരുടെ ആകാശത്ത് തിളങ്ങി നിൽക്കാറുണ്ട്.

“ഈ പുലരി കൊണ്ടുവരുന്നത് അത്യന്തം സങ്കടകരമായ മൂകതയാണ്.
സൂര്യൻ സങ്കടത്താൽ ഇന്ന് മേഘങ്ങൾക്കിടയിൽ നിന്ന് മറനീക്കി പുറത്ത് വരില്ല.
അതുകൊണ്ട് പോകൂ,
ഈ സങ്കടകരമായ കാര്യങ്ങളെ കുറിച്ച് സംസാരിക്കൂ…
ചിലർ ശിക്ഷിക്കപ്പെടും, ചിലർക്ക് മാപ്പും നൽകപ്പെടും.
ഈ റോമിയോ ജൂലിയറ്റ് കഥയേക്കാൾ സങ്കരകരമായ മറ്റൊരു കഥ ഈ ഭൂമിയിൽ ഉണ്ടാവില്ല…”
-റോമിയോ ജൂലിയറ്റിലെ അവസാന വരികൾ

AD 2005
വില്യം ഷേക്സ്പിയർ റോമിയോ ആൻഡ് ജൂലിയറ്റ് എഴുതിയിട്ട് 408 വർഷങ്ങൾ കഴിഞ്ഞിരുന്നു.
ഷേക്സ്പീരിയൻ ശൈലിയിൽ ആ വർഷം ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട ഫുട്ബോൾ ജീവിതത്തിന് കർട്ടനിട്ടു.
ഫുട്ബോളുമായുള്ള അവിചാരിത , അവിശ്വസനീയ , അസാധാരണ പ്രണയത്തിന് വേദന തിന്നൊരു ദുരന്താന്ത്യം.

“കാലൊന്ന് മുറിച്ച് കളഞ്ഞ് തരാമോ “
ഡോക്ടറാവാൻ കൊതിച്ച് നടന്ന ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട വിരമിച്ച ശേഷം ഡോക്ടറോട് ചോദിച്ചതാണത്.
അത്രത്തോളം വേദന കൊണ്ടാണ് കളി നിർത്തിയത്.
അസഹനീയ വേദന കൊണ്ടാണ് കാല് മുറിച്ച് കളയാൻ അമ്മയോടും ഡോക്ടറോടും ആവശ്യപ്പെട്ടത്.
കരുത്ത് കൊണ്ട് എതിർ ടീമിനെയാകെ മറികടന്നിരുന്നവൻ സ്വന്തം മുറിയിലുള്ള ബാത്ത് റൂമിലേക്ക് പോകാൻ കഴിയാതെ കിടക്കയിൽ കിടന്ന് മൂത്രമൊഴിച്ചു.
വേദന കൊണ്ടും നിസഹായത കൊണ്ടുമുള്ള ആ നിമിഷം
ഒരു മനുഷ്യനെങ്ങനെ മറികടന്ന് കാണുമല്ലേ ?
താൻ കണ്ടിട്ടിട്ടുള്ളതിൽ ഏറ്റവും മികച്ച സെന്റർ ഫോർവേഡെന്ന് മറഡോണ വിശേഷിപ്പിച്ചവൻ കാൽ മുറിച്ച് കളയാൻ ഡോക്ടറോട് കെഞ്ചി.
അത് കേട്ടിരിക്കുമ്പോൾ ആ ഡോക്ടറെത്ര ഗോളുകൾ ഓർത്തിരിക്കും?
ഗോളടിച്ച ശേഷമുള്ള ഓട്ടങ്ങളെത്ര ഓർത്തിരിക്കും?
ഗോളിലേക്കുള്ള ഒറ്റയടിയിൽ ആർത്ത് പൂത്തുലയുന്ന എത്ര
മനുഷ്യരെ ഓർത്തിരിക്കും?
കനപ്പെട്ടൊരടി കൊണ്ട് കടം വീട്ടിയപ്പോൾ സ്റ്റേഡിയങ്ങളാകെ തലക്കുനിച്ചതെത്രയെന്ന് ഓർത്തിരിക്കും?
ചികിത്സിക്കാൻ കാല് മുറിക്കേണ്ട ആവശ്യമില്ലെന്ന ഡോക്ടറുടെ പ്രൊഫഷണൽ മറുപടിയായിരുന്നു അക്കണ്ട കാലത്തിനിടയിൽ ബാറ്റി കണ്ട ഏറ്റവും മികച്ച ഡിഫൻസ് .
ചികിത്സ കൊണ്ട് സുഖപ്പെടുത്തി ഡോക്ടർ കൗണ്ടർ അറ്റാക്ക് നടത്തി.
ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട ആ മഹാ പരുക്കിന്റെ ഫൈനലും താണ്ടി.
കഴിഞ്ഞ മാസമാണ് അയാൾക്ക് 53 വയസ് തികഞ്ഞത്.
അന്നോർത്തതിന്റെ ബാക്കി
ഇന്നാണോർത്തത്.
യേശു ജനിക്കുമെന്ന് കന്യാമറിയത്തെ ഗബ്രിയേൽ മാലാഖ അറിയിച്ചതിന്റെ ഓർമ ദിനമായ ഇന്ന് .
ഫ്ലോറൻസിലെ രണ്ട് തലമുറ
എനിക്കൊപ്പം ഇന്ന്
അയാളെ ഓർത്തിരിക്കും.
കൈകൾ ഇരുവശത്തേക്കും നീട്ടിപ്പിടിച്ച
സ്വർണ നിറമുള്ള നീളൻ മുടി പാറിച്ച
ആടിയിൽ താടിയേറെയുള്ള
നീളൻ മുഖമുള്ള
യേശു ക്രിസ്തുവിന്റെ ഛായയുള്ള
ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയെ .
തീർച്ച…

Story Highlights: Gabriel Batistuta the angel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here