Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ ( 27-03-2022 )

March 27, 2022
Google News 1 minute Read
march 27 news round up

സംസ്ഥാനത്ത് ഇന്ന് 400 പേര്‍ക്ക് കൊവിഡ് ( march 27 news round up )

സംസ്ഥാനത്ത് ഇന്ന് 400 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 88, തിരുവനന്തപുരം 56, കോട്ടയം 55, കോഴിക്കോട് 37, പത്തനംതിട്ട 30, കൊല്ലം 27, ഇടുക്കി 24, തൃശൂര്‍ 19, കണ്ണൂര്‍ 16, വയനാട് 15, ആലപ്പുഴ 12, കാസര്‍ഗോഡ് 8, പാലക്കാട് 8, മലപ്പുറം 5 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

കടൽ കടക്കാൻ ബോട്ടുടമകൾ ആവശ്യപ്പെടുന്നത് 50,000 രൂപ; ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്ന ശ്രീലങ്കൻ പൗരന്മാർ പ്രതിസന്ധിയിൽ

ശ്രീലങ്കയിൽ നിന്ന് വരുന്ന അഭയാർത്ഥികളെ സ്വീകരിക്കാൻ സജ്ജീകരണങ്ങളൊരുക്കി തമിഴ്‌നാട്. എന്നാൽ കയിൽ പണമില്ലാത്തതിനാൽ ശ്രീലങ്കൻ പൗരന്മാർക്ക് വരാനായി സാധിക്കുന്നില്ല. ശ്രീലങ്കൻ കലാപത്തെ തുടർന്ന് 2008 ൽ തമിഴ്‌നാട്ടിലെ മണ്ഡപം ക്യാമ്പിലെത്തിയ മൈക്കിളാണ് ശ്രീലങ്കയിലെ ദുരിതത്തെ കുറിച്ച് ട്വന്റിഫോറിനോട് പറഞ്ഞത്.

കല്ലിടല്‍ സാങ്കേതികം മാത്രമെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു; നടപടി ഭൂമി ഏറ്റെടുക്കലിന് മുന്നോടിയാണെന്ന് തെളിയിച്ച് രേഖകള്‍

സില്‍വര്‍ലൈന്‍ പദ്ധതിക്കായി സാമൂഹ്യആഘാതപഠനം നടത്തിയതിന് ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കൂ എന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു. ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനം സര്‍ക്കാര്‍ കഴിഞ്ഞ ഒക്ടോബര്‍ മാസം തന്നെ എടുത്തിരുന്നുവെന്ന് തെളിയിക്കുന്ന വിജ്ഞാപനത്തിന്റെ വിശദാംശങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. ഒക്ടോബര്‍ എട്ടിന് പുറത്തിറക്കിയ വിജ്ഞാപനത്തിലും പിന്നീട് പദ്ധതി കടന്നുപോകാനിരിക്കുന്ന 11 ജില്ലകളിലെ ജില്ലാഭരണകൂടങ്ങള്‍ പുറത്തിറക്കിയ തുടര്‍വിജ്ഞാപനങ്ങളിലും ഏറ്റെടുക്കേണ്ട ഭൂമിയുടെ സര്‍വേ നമ്പരുകളടക്കം കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്. ഈ ഭൂമിയില്‍ തടസമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റണമെന്നും വിജ്ഞാപനത്തില്‍ നിര്‍ദേശമുണ്ട്.

തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ പ്രഖ്യാപിച്ച രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍. ചൊവ്വാഴ്ച രാത്രി 12 മണി വരെയാണ് പണിമുടക്ക്. 12 ഇന ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ദ്വിദിന പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.

പണിമുടക്ക് മുന്നിൽക്കണ്ട് സംസ്ഥാനത്തെ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്; ധനമന്ത്രി

രണ്ട് ദിവസത്തെ പണിമുടക്ക് മുന്നിൽക്കണ്ട് സംസ്ഥാനത്ത് ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ധനമന്ത്രി. ഇന്നും ട്രഷറി പ്രവർത്തിക്കുന്നുണ്ട് കരാറുകാർക്ക് ബില്ല് മാറുന്നതിൽ ഒരു തടസവും ഉണ്ടാകില്ലെന്നും ധനമന്ത്രി പറഞ്ഞു. എന്നാൽ പണിമുടക്ക് ട്രഷറി പ്രവർത്തനത്തെ ബാധിക്കുമെന്ന് മന്ത്രി അറിയിച്ചു.

സിൽവർ ലൈൻ വിഷയം; പദ്ധതിയിൽ ദുരൂഹത,സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുന്നെന്ന് വി ഡി സതീശന്‍

സിൽവർ ലൈൻ വിഷയത്തിൽ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. നിയമത്തിന്റെ മറപിടിച്ച് സർക്കാർ ജനങ്ങളെ കബളിപ്പിക്കുന്നു.സില്‍വര്‍ ലൈനില്‍ സര്‍വേ നടത്തുന്നത് സ്ഥലം ഏറ്റെടുക്കാനാണെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍.

സിൽവർ ലൈൻ; കേന്ദ്രസർക്കാർ ജനങ്ങളെ ശ്വാസം മുട്ടിക്കുമ്പോൾ കേരളം കല്ല് കൊണ്ടടിക്കുന്നു;കെ മുരളീധരൻ എം പി

സിൽവർ ലൈൻ വിഷയത്തിൽ സർക്കാരിന് അനാവശ്യ വാശിയാണെന്ന് കെ മുരളീധരൻ എം പി. വികസനത്തിന്റെ പേരിൽ ജനങ്ങളെ കൊള്ളയടിക്കാനാണ് ശ്രമം. ആരാണ് കല്ലിടുന്നത് എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. മുഖ്യമന്ത്രി കണ്ണുരുട്ടിയാൽ ഞങ്ങൾ പേടിക്കില്ലെന്നും കെ മുരളീധരൻ എം പി പറഞ്ഞു.

സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

സാംസ്ഥാനത്ത് നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് ബസുടമകള്‍ നടത്തുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ബസുടമകള്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്.

ദിലീപിന്റെ ഫോണില്‍ നിന്ന് നിര്‍ണായക രേഖകള്‍ ലഭിച്ചതായി ക്രൈംബ്രാഞ്ച്

ദിലീപിന്റെ ഫോണില്‍ നിന്ന് നീക്കം ചെയ്ത രേഖകള്‍ ലഭിച്ചതായി ക്രൈംബ്രാഞ്ച്. ചില വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ അടക്കമുള്ള രേഖകളാണ് ലഭിച്ചത്. വീണ്ടെടുക്കാന്‍ കഴിയാത്ത വിധം രേഖകള്‍ നശിപ്പിക്കാന്‍ ദിലീപ് ആവശ്യപ്പെട്ടെന്ന് സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ മൊഴി നല്‍കിയിട്ടുണ്ട്. സായ് ശങ്കറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നേരത്തെ തീര്‍പ്പാക്കിയിരുന്നു.

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ നാളെ ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ നാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ആലുവ പൊലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുക.

ആന്ധ്രാപ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു; ഏഴ് മരണം

ആന്ധ്രപ്രദേശില്‍ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് വയസുകാരിയുള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു. മുപ്പത്തി അഞ്ചോളം പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. പരുക്കേറ്റവരില്‍ നാല് പേരുടെ നില ഗുരുതരമാണ്.

Story Highlights: march 27 news round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here