Advertisement

എന്തുകൊണ്ട് പരാജയപ്പെട്ടു?; കാരണം തേടി എല്ലാ സ്ഥാനാര്‍ഥികളുടേയും യോഗം വിളിച്ച് മായാവതി

March 27, 2022
Google News 1 minute Read

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്പിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങിയശേഷം പരാജയത്തിന്റെ കാരണങ്ങള്‍ വിലയിരുത്താന്‍ നിര്‍ണായക യോഗം വിളിച്ച് മായാവതി. തെരഞ്ഞെടുപ്പിലെ എല്ലാ ബിഎസ്പി സ്ഥാനാര്‍ഥികളേയും നേതാക്കളേയും മായാവതി ഇന്ന് നടക്കുന്ന യോഗത്തിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാരണങ്ങള്‍ വിലയിരുത്തുന്നതിനൊപ്പം പാര്‍ട്ടിയുടെ ഭാവി സംബന്ധിച്ച ചില നിര്‍ണായക തീരുമാനങ്ങളും മായാവതി ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ലഖ്‌നൗവിലെ പാര്‍ട്ടി ആസ്ഥാനത്തായിരിക്കും യോഗം നടക്കുക.

ബിഎസ്പിയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് ഇത്തവണ ജനങ്ങള്‍ കണ്ടത്. 2007ല്‍ 206 സീറ്റുകള്‍ നേടിയ ബിഎസ്പി 2022ല്‍ വെറും ഒരൊറ്റ സീറ്റുകളിലേക്ക് ചുരുങ്ങുന്ന കാഴ്ച ഒരേസമയം ദയനീയവും കൗതുകകരവുമായിരുന്നു.

2017ല്‍ യോഗി തരംഗത്തിനിടെ ബിഎസ്പി 19 സീറ്റുകളില്‍ ഒതുങ്ങിയപ്പോള്‍ ഞെട്ടലോടെയായിരുന്നു രാജ്യം ആ പരാജയത്തെ നോക്കിക്കണ്ടത്. ഇത്തവണ പാര്‍ട്ടി നാമാവശേഷമായതോടെ ബിഎസ്പി ഗുരുതരമായ അസ്തിത്വ പ്രതിസന്ധി നേരിടുകയാണെന്ന് വ്യക്തമായിക്കഴിഞ്ഞു. മായാവതി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നിരന്തരം ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങള്‍ ബിഎസ്പിയുടെ ആനയ്ക്ക് കൂച്ചുവിലങ്ങിട്ടതോടെ അവര്‍ക്ക് ബിജെപിയെ എതിരിടാനുള്ള ശക്തി നഷ്ടപ്പെടുകയായിരുന്നു.

Read Also : കാത്തിരുന്ന അപ്‌ഡേറ്റ് വരുന്നു; വാട്ട്‌സ് ആപ്പ് ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത

ഭരണത്തില്‍ നിന്ന് നിഷ്‌കാസിതയായതിനുശേഷമുളള വര്‍ഷങ്ങള്‍ മായാവതിയെ സംബന്ധിച്ച് ഒട്ടും സുഖകരമായിരുന്നില്ല. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മായാവതിയുടെ പിന്നാലെ നിരന്തരം ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ കേന്ദ്രം ഭരിക്കുന്ന ബിജെപിയെ രാഷ്ട്രീയമായി എതിരിടുകയെന്നത് ബിഎസ്പിയെ സംബന്ധിച്ച് ചിന്തിക്കാന്‍ തന്നെ കഴിയാതായി. ബിജെപി മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തിന് പകരക്കാരാകാന്‍ കഴിയാതെ വന്നതോടെ ബിഎസ്പിയുടേയും മായാവതിയുടേയും പ്രസക്തി തന്നെ നഷ്ടമാകുകയായിരുന്നു.

ആരോപണ പ്രത്യാരോപണങ്ങളുമായി ബിജെപിയും കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും സജീവമാകുന്ന ഘട്ടങ്ങളിലെല്ലാം മായാവതി നിശബ്ദയായിരുന്നു. വെറും 18 റാലികള്‍ മാത്രമാണ് ബിഎസ്പി ഈ തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയത്.

Story Highlights: mayawati meeting bsp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here