നടിയെ ആക്രമിച്ച കേസ്; കാവ്യാ മാധവന്റെ മൊഴി വീട്ടിലെത്തി ശേഖരിക്കും; അനൂപിനെയും സുരാജിനെയും ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ സഹോദരൻ അനൂപിനെയും സഹോദരീ ഭർത്താവ് സുരാജിനെയും ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം. അടുത്ത ദിവസങ്ങളിൽ തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും. ഇന്നലെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ദിലീപിന്റെ കാർ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് മാറ്റും. കേസിൽ കാവ്യ മാധവന്റെ മൊഴി അന്വേഷണ സംഘം വീട്ടിലെത്തി ശേഖരിക്കും. നടിയെ അക്രമിച്ച കേസിലെ സാക്ഷികളുമായി കാവ്യ നടത്തിയ കൂടിക്കാഴ്ചയടക്കമുള്ള കാര്യങ്ങളിൽ വ്യക്ത വരുത്താനാണ് കാവ്യയുടെ മൊഴിയെടുക്കുന്നത്. ( kavya madhavan interrogation kochi actress attack case )
നടിയെ ആക്രമിച്ച കേസിൽ പ്രതി പൾസർ സുനിയുടെ സഹതടവുകാരനായിരുന്ന ജിൻസന്റെ ശബ്ദ സാമ്പിൾ ഇന്നലെ ശേഖരിച്ചിരുന്നു. ഫോൺ സംഭാഷണത്തിന്റെ ആധികാരികത ഉറപ്പിക്കാനാണ് ശബ്ദസാമ്പിൾ ശേഖരിച്ചത്. ബാലചന്ദ്രകുമാറിനെ ദിലീപിനൊപ്പം കണ്ടെന്ന് പൾസർ സുനി ഫോണിൽ ജിൻസനോട് പറഞ്ഞിരുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്തത് കൃത്യമായ തെളിവുകൾ ലഭിച്ചതിനാലെന്ന് റിട്ടയേർഡ് ഐ.ജി എ.വി ജോർജ് ട്വന്റിഫോറിനോട് ഇന്നലെ പറഞ്ഞിരുന്നു. ഇപ്പോഴത്തെ ക്രൈംബ്രാഞ്ച് അന്വേഷണവും അന്നത്തെ അറസ്റ്റ് ശരി എന്ന് തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വെറുതെ ഒരാളെ അറസ്റ്റ് ചെയ്യാൻ സാധിക്കില്ല. ദിലീപിനെ അറസ്റ്റ് ചെയ്തപ്പോൾ ഒരു സമ്മർദവും ഉണ്ടായിരുന്നില്ലെന്നും എ.വി ജോർജ് വ്യക്തമാക്കി.
Story Highlights: kavya madhavan interrogation kochi actress attack case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here