കൊറിയ ഓപ്പൺ: ലക്ഷ്യ സെന്നിന് വിജയത്തുടക്കം

ലോക ചാമ്പ്യൻഷിപ്പ് വെങ്കല മെഡൽ ജേതാവ് ലക്ഷ്യ സെൻ കൊറിയ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിന്റെ രണ്ടാം റൗണ്ടിൽ. ആദ്യ റൗണ്ടിൽ ചോയ് ജി ഹൂണിന്റെ കടുത്ത വെല്ലുവിളി മറികടന്നാണ് ഇന്ത്യൻ താരം അടുത്ത റൗണ്ടിലെത്തിയത്. ഒരു മണിക്കൂറിലേറെ നീണ്ട മത്സരത്തിൽ 14-21, 21-16, 21-18 എന്ന സ്കോറിനാണ് ചോയിയെ പരാജയപ്പെടുത്തിയത്.
രണ്ടാം റൗണ്ടിൽ ഇന്തോനേഷ്യയുടെ ഷെസർ ഹിരെൻ റുസ്താവിറ്റോയെ സെൻ നേരിടും. നേരത്തെ ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കടന്ന് 20 കാരൻ കഴിഞ്ഞ മാസം ചരിത്രം സൃഷ്ടിച്ചിരുന്നു. ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്തുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് ലക്ഷ്യ സെൻ. പ്രകാശ് നാഥ്, പ്രകാശ് പദുക്കോൺ, പുല്ലേല ഗോപിചന്ദ്, സൈന നെഹ്‌വാൾ എന്നിവരാണ് ഫൈനലിൽ എത്തിയ മറ്റ് താരങ്ങൾ.
കഴിഞ്ഞ 6 മാസമായി ലക്ഷ്യ മികച്ച ഫോമിലാണ്. ഡിസംബറിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ ലക്ഷ്യ സെൻ വെങ്കല മെഡൽ നേടിയിരുന്നു. ഇതിനുശേഷം ജനുവരിയിൽ ഇന്ത്യ ഓപ്പൺ സൂപ്പർ കിരീടം നേടിയ ലക്ഷ്യ ജർമൻ ഓപ്പണിന്റെ ഫൈനലിൽ എത്തി. ലക്ഷ്യയ്ക്ക് കൊറിയ ഓപ്പൺ ടൈറ്റിൽ പിടിക്കാൻ കഴിയുമോ ഇല്ലയോ എന്നതാണ് അറിയേണ്ടത്.
Story Highlights: Lakshya Sen advances to Korea Open second round