Advertisement

സ്വന്തം കാര്‍ കത്തിച്ച് ബിജെപി നേതാവ്; ജില്ലാ സെക്രട്ടറിയുടെ കാര്‍ കത്തിച്ച പരാതിയില്‍ വഴിത്തിരിവായി സിസിടിവി

April 17, 2022
Google News 2 minutes Read

തമിഴ്‌നാട്ടില്‍ ബിജെപി ജില്ലാ സെക്രട്ടറിയുടെ കാര്‍ കത്തിച്ച പരാതിയില്‍ വഴിത്തിരിവായി സിസിടിവി ദൃശ്യങ്ങള്‍. കാര്‍ കത്തിച്ചത് താന്‍ തന്നെയെന്ന് സമ്മതിച്ച് ബിജെപി തിരുവള്ളൂര്‍ വെസ്റ്റ് ജില്ല സെക്രട്ടറി സതീഷ് കുമാര്‍. സിസിടിവി ദൃശ്യങ്ങള്‍ വച്ചുള്ള ചോദ്യം ചെയ്യലിലാണ് ബിജെപി നേതാവിന്റെ കുറ്റം സമ്മതം.

ഏപ്രില്‍ 14ന് രാത്രി ചെന്നൈയിലെ മധുരവോയല്‍ മേഖലയിലെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന തന്റെ കാര്‍ അജ്ഞാതര്‍ കത്തിച്ചെന്ന് ആരോപിച്ച് സതീഷ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണം നടത്തിയ പൊലീസ് തെരുവിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ്. കാര്യം മാറി മറഞ്ഞത്, ഇതോടെ പ്രതിസ്ഥാനത്തേക്ക് പരാതിക്കാരന്‍ തന്നെ എത്തുകയായിരുന്നു.

വെള്ള ഷര്‍ട്ട് ധരിച്ച ഒരാള്‍ റോഡിന്റെ സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനടുത്തേക്ക് വന്നു, തുടര്‍ന്ന് എല്ലാ വശങ്ങളില്‍ നിന്നും ജനലിലൂടെ അകത്തേക്ക് നോക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. പിന്നെ ഇയാള്‍ അവിടുന്ന് നടന്ന് നീങ്ങി. കുറച്ച് മിനിറ്റുകള്‍ക്ക് ശേഷം കറുത്തവസ്ത്രം ധരിച്ച ഒരാള്‍ എത്തുകയും കാറില്‍ എന്തൊക്കെയോ ഒഴിക്കുകയും തീ ഇടുകയും ചെയ്തു. കാര്‍ തീയില്‍ വിഴുങ്ങുന്നത് സിസിടിവിയില്‍ കാണാം, തീവച്ചയാള്‍ ഉടന്‍ തന്നെ തന്നെ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നതും ദൃശ്യത്തിലുണ്ട്.

കാറിന് തീപിടിക്കുന്നത് കണ്ട ആളുകള്‍ ഉടന്‍ തന്നെ ബിജെപി അംഗത്തിന്റെ കുടുംബത്തെ അറിയിക്കുകയും അവര്‍ പൊലീസുമായി ബന്ധപ്പെടുകയും ചെയ്തു. കാറിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞുവെന്ന അഭ്യൂഹം പരന്നതോടെ പൊലീസ് ഉടന്‍ സ്ഥലത്തെത്തി.

എന്നാല്‍, സിസിടിവി ദൃശ്യങ്ങള്‍ നിരീക്ഷിച്ച പൊലീസ്, കറുത്ത വസ്ത്രം ധരിച്ച് കാറിന് തീയിട്ടത് സതീഷ് കുമാറിനോട് സാമ്യമുള്ളതായി കണ്ടെത്തി. തുടര്‍ന്ന് പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയും സ്വന്തം കാറിന് തീയിട്ടതാണെന്ന് സതീഷ് സമ്മതിക്കുകയും ചെയ്തു.

ഭാര്യ നിരന്തരം സ്വര്‍ണ്ണാഭരണം വാങ്ങുവാന്‍ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ ഇതിന് പണമില്ലെന്ന് സതീഷ് കുമാര്‍ പറഞ്ഞു. തന്റെ കാര്‍ വിറ്റ് തനിക്ക് ആവശ്യമുള്ള ആഭരണങ്ങള്‍ വാങ്ങാന്‍ ഭാര്യ തന്നോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് സതീഷ് കുമാര്‍ തന്റെ കാര്‍ കത്തിക്കാനും ഭാര്യയുടെ ആഭരണങ്ങള്‍ക്കുള്ള തുക കാറിന്റെ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്ത് കണ്ടെത്താനും തീരുമാനിച്ചു. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ ഈ പദ്ധതി പൊളിയുകയുമായിരുന്നു.

Story Highlights:

BJP leader arrested for trying to claim insurance money by setting his own car ablaze

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here