സിമന്റ് വില ഇനിയും ഉയര്‍ന്നേക്കും; ചാക്കിന് 25 മുതല്‍ 50 രൂപ വരെ വര്‍ധിക്കാന്‍ സാധ്യത

ഇന്ത്യന്‍ വിപണിയില്‍ സിമന്റ് വില ഇനിയും ഉയര്‍ന്നേക്കുമെന്ന് ക്രിസില്‍ റിപ്പോര്‍ട്ട്. ആഭ്യന്തര വിപണിയില്‍ സിമന്റ് ചാക്ക് ഒന്നിന് 25 മുതല്‍ 50 രൂപ വരെ വര്‍ധിക്കാനാണ് സാധ്യത. യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തിലാണ് വില ഉയരുന്നതെന്നാണ് ക്രിസിലിന്റെ വിലയിരുത്തല്‍. കഴിഞ്ഞ 12 മാസത്തിനിടെ സിമന്റ് ചാക്ക് ഒന്നിന് 390 രൂപയുടെ വര്‍ധനയാണുണ്ടായത്. (25-50 Per Bag Rise In Cement Prices Likely In April)
ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വില ബാരലിന് 115 യുഎസ് ഡോളറായി ഉയര്‍ന്നതും സിമന്റ് വിലയെ സ്വാധിനീക്കുന്നതായാണ് വിലയിരുത്തല്‍. വിപണിയില്‍ കല്‍ക്കരി വിലയും കുതിച്ചുയരുകയാണ്. റഷ്യ-യുക്രൈന്‍ യുദ്ധം, ഓസ്ട്രേലിയയിലെ പ്രധാന ഖനന മേഖലകളിലെ കാലാവസ്ഥ തടസം, കല്‍ക്കരി കയറ്റുമതിക്ക് ഇന്തോനേഷ്യ ഏര്‍പ്പെടുത്തിയ നിരോധനം എന്നിവയുള്‍പ്പെടെ വിവിധ ഘടകങ്ങള്‍ കാരണമാണ് അന്താരാഷ്ട്ര വിപണിയില്‍ കല്‍ക്കരി വില ഉയരുന്നത്.
ഇന്ധനവില ഉയര്‍ന്നതോടെ ഗതാഗത ചെലവ് വര്‍ധിച്ചത് സിമന്റ് വിലയെ സ്വാധീനിക്കുന്നുണ്ട്. 2022 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ സിമന്റ് ഡിമാന്‍ഡ് 20 ശതമാനം വര്‍ധിച്ചതായാണ് ക്രിസില്‍ റിസര്‍ച്ച് ഡയറക്ടര്‍ ഹേതല്‍ ഗാന്ധി വ്യക്തമാക്കുന്നത്. എന്നാല്‍ കാലാനുസൃതമല്ലാത്ത മഴ, മണല്‍ പ്രശ്നങ്ങള്‍, തൊഴിലാളികളുടെ ലഭ്യതക്കുറവ് എന്നിവ കാരണം സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ അപ്രതീക്ഷിത മാന്ദ്യം അനുഭവപ്പെട്ടെന്നും ക്രിസില്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Story Highlights: 25-50 Per Bag Rise In Cement Prices Likely In April
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here