Advertisement

‘രാജ്യത്ത് സ്വവർഗവിവാഹം നിയമവിധേയമാക്കണം’; കേരളത്തിലെ ആദ്യ ലെസ്ബിയൻ ട്രാൻസ് ജോഡികൾ 24നോട്

April 21, 2022
Google News 2 minutes Read
kerala first lesbian trans couple

ബിന്ദിയ മുഹമ്മദ്/ ശ്രുതി സിത്താര

‘നമ്മൾ അതിജീവിക്കാൻ തീരുമാനിച്ചാൽ പിന്നെ ശത്രുവിന് ജയിക്കാൻ സാധിക്കില്ല’ റേ സ്മിത്ത് പറഞ്ഞ വാക്കുകളാണ് ഇത്. ജീവിതത്തിൽ പൊരുതുന്ന ഓരോരുത്തരും മനസിൽ പലയാവർത്തി ഉരുവിടേണ്ട വാക്കുകൾ. അത്തരമൊരു പോരാട്ടത്തിലായിരുന്നു മിസ് ട്രാൻസ് ഗ്ലോബൽ ജേതാവ് ശ്രുതി സിത്താരയും തീയറ്റർ ആർട്ടിസ്റ്റായ ദയ ഗായത്രിയും. കേരളത്തിലെ ആദ്യ ലെസ്ബിയൻ ട്രാൻസ് ജോഡികളാണ് ഇവർ. സ്വന്തം സ്വത്വം തിരിച്ചറിഞ്ഞ നാൾ മുതൽ മനസും ശരീരവും തമ്മിലായിരുന്നു യുദ്ധം…ഒടുവിൽ ആൺ ശരീരത്തിൽ നിന്ന് പുറത്ത് വന്ന് സ്ത്രീയായി ജീവിക്കാൻ തീരുമാനിച്ചുകൊണ്ട് ഇവർ ലോകത്തിന് മുന്നിൽ തലയുയർത്തി നിന്നു. അന്ന് മുതൽ യുദ്ധം സമൂഹത്തോടായി. അവിടെ നിന്ന് പൊരുതി പേരും പ്രശസ്തിയും നേടി….മിസ് ട്രാൻസ് ഗ്ലോബൽ കീരീടം ചൂടി ലോകശ്രദ്ധ നേടി ശ്രുതി. ഇപ്പോൾ തീയറ്റർ ആർടിസ്റ്റായ ദയ ഗായത്രിയെ ജീവിതസഖിയാക്കി ഇരുവരും സന്തുഷ്ടമായ ജീവിതത്തിന് തുടക്കം കുറിക്കുന്നു.

വർഷങ്ങളായി പരസ്പരം അറിയുന്ന വ്യക്തികളാണ് ശ്രുതിയും ദയയും. ദയയെ ശ്രുതിക്ക് മുൻപേ ഇഷ്ടമായിരുന്നുവെന്ന് ശ്രുതി ട്വന്റിഫോർ ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. എന്നാൽ ആ സമയത്ത് ദയ സിദ്ധു എന്ന വ്യക്തിയുമായി പ്രണയത്തിലായിരുന്നു. സിദ്ധു ശ്രുതിയുടേയും സുഹൃത്താണ്. അതുകൊണ്ട് തന്നെ ദയയോടുള്ള തന്റെ പ്രണയം ശ്രുതി ആദ്യം തുറന്ന് പറയുന്നത് സിദ്ധുവിനോടാണ്. സിദ്ധുവിനും ദയയ്ക്കും ഒരുമിച്ച് മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് കണ്ടതോടെ ആ ബന്ധം അവർ അവസാനിപ്പിക്കുകയായിരുന്നു. ഇതിന് ശേഷമാണ് ശ്രുതിയും ദയയും ഒരുമിച്ച് മുന്നോട്ട് പോകാമെന്ന തീരുമാനത്തിലേക്ക് എത്തുന്നത്.

‘പ്രണയത്തെ ജീവിതത്തിന്റെ ഒരു വശം മാത്രമായി കണക്കാക്കുന്ന വ്യക്തിയാണ് ഞാൻ. എനിക്ക് എന്റെ കരിയർ നോക്കണം. അവൾക്ക് അവരുടെ കരിയർ നോക്കണം. റിലേഷൻഷിപ്പ് ആണ് എല്ലാം എന്ന് വിശ്വസിക്കുന്ന വ്യക്തിയല്ല ഞാൻ. പ്രണയത്തിന്റെ സ്വാർത്ഥതയിൽ തളച്ചിടാൻ ഇരുവരും ആഗ്രഹിക്കുന്നില്ല. ദയ എഴുത്തുകാരി കൂടിയാണ്. കുറച്ച് നാളുകളായി ദയ ആക്ടീവ് ആയിരുന്നില്ല. എന്നാൽ ഇനി ദയയും സജീവമായി തന്റെ മേഖലയിൽ ഇടപെടും’- ശ്രുതി പറയുന്നു.

പണ്ട് മുതലേ തന്റെ ഉള്ളിലുള്ള സ്ത്രീയ ശ്രുതി തിരിച്ചറിഞ്ഞിരുന്നു. എന്നിട്ടും സ്ത്രീയെന്ന സ്വത്വം ഉറക്കെ പ്രഖ്യാപിക്കാൻ 24 വയസ് വരെ ശ്രുതി കാത്തിരുന്നു. 2015 ൽ അമ്മ മരിച്ചതിൽ പിന്നെ ശ്രുതിക്ക് എല്ലാം അച്ഛനായിരുന്നു. അതുകൊണ്ട് തന്നെ അച്ഛനോടാണ് ശ്രുതി ഇക്കാര്യം ആദ്യം പറഞ്ഞത്. എന്നാൽ ശ്രുതിയെ ഞെട്ടിച്ചുകൊണ്ടുള്ള മറുപടിയാണ് അച്ഛൻ നൽകിയത്. താൻ ഇത് ആറ് വർഷം മുൻപേ തന്നെ തിരിച്ചറിഞ്ഞിരുന്നുവെന്ന് അച്ഛൻ പറഞ്ഞു. അച്ഛനാണ് ശ്രുതിയുടെ ഏറ്റവും വലിയ കരുത്ത്. ഇപ്പോഴും ശ്രുതിയുടെ ഏത് ആഗ്രഹത്തിനും സ്വപ്‌നത്തിനും കൂടെയുണ്ട് ഈ അച്ഛൻ.

Read Also : ‘കെ.ജി.എഫ്’ എന്ന് കേട്ടിട്ടുണ്ടോ? റോക്കിയുടെ മണ്ണല്ല, ഇത് യഥാർത്ഥ കോലാർ ​സ്വർണ്ണഖനി

ആദ്യ ഘട്ടത്തിൽ നഗരത്തിൽ വീട് വാടകയ്ക്ക് ലഭിക്കാനും മറ്റുമെല്ലാം ഭയങ്കര ബുദ്ധിമുട്ടായിരുന്നുവെന്ന് ശ്രുതി പറയുന്നു. എന്നാൽ താൻ പ്രശസ്തയായതോടെ അത്തരം ബുദ്ധിമുട്ടുകളൊന്നും ഇപ്പോൾ ഇല്ല. പക്ഷേ കമ്യൂണിറ്റിയിലെ മറ്റ് പലരും ഇപ്പോൾ ഇത്തരം ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് ശ്രുതി പറഞ്ഞു. മിസ് ട്രാൻസ് ഗ്രോബൽ പട്ടം നേടിയതോടെ തന്റെ ജീവിതം തന്നെ മാറി മറിഞ്ഞെന്ന് ശ്രുതി ട്വന്റിഫോർ ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. തെലുങ്ക് ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചതിലും, അഡിഡാസിന്റെ പരസ്യത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിലുമുള്ള സന്തോഷം ശ്രുതി പങ്കുവച്ചു.

സ്വവർഗരതി നിയമവിധേയമാക്കിയെങ്കിലും സ്വലർഗ വിവാഹം രാജ്യത്ത് ഇപ്പോഴും നിയമവിധേയമല്ല. തനിക്കും ദയയ്ക്കും ലിവിംഗ് ടുഗദർ എന്ന കോൺസെപ്റ്റിനോട് താത്പര്യമെങ്കിലും വിവാഹിതരായി ജീവിക്കാൻ താത്പര്യമുള്ളവർക്ക് വേണ്ടി ശബ്ദമുയർത്തുക തന്നെ ചെയ്യുമെന്ന് ശ്രുതി ട്വന്റിഫോർ ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

Story Highlights: kerala first lesbian trans couple

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here