Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (23 – 04-2022)

April 23, 2022
Google News 1 minute Read
april 23 news round up

തിരക്കഥാകൃത്ത് ജോൺ പോൾ അന്തരിച്ചു ( april 23 news round up )

പ്രമുഖ തിരക്കഥാകൃത്ത് ജോൺ പോൾ അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ദീർഘകാലമായി ജോൺ പോൾ ചികിത്സയിലായിരുന്നു.

രാജ്യത്ത് കുട്ടികൾക്കും വാക്‌സിൻ നൽകാൻ ശുപാർശ

രാജ്യത്ത് കുട്ടികൾക്കും വാക്‌സിൻ നൽകാൻ ശുപാർശ. ആറ് വയസ് മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് കൊവിഡ് വാക്‌സിൻ നൽകാനാണ് ശുപാർശ. ആരോഗ്യ മന്ത്രാലയത്തിന്റെ ഉന്നതതല സമിതിയാണ് നിർദേശം മുന്നോട്ടുവച്ചത്. രാജ്യത്ത് കൊവിഡ് വ്യാപനം വീണ്ടും ഉയരുന്ന പശ്ചാത്തലത്തിലാണ് നിർദേശം.

കെ റെയിൽ ഉദ്യോ​ഗസ്ഥരെ കോൺ​ഗ്രസ് നേതാക്കൾ ഭീഷണിപ്പെടുത്തുകയാണെന്ന് എം.വി ജയരാജൻ

കെ റെയിൽ ഉദ്യോ​ഗസ്ഥരെ കോൺ​ഗ്രസ് നേതാക്കൾ ഭീഷണിപ്പെടുത്തുകയാണെന്ന് എം.വി ജയരാജൻ. ജനങ്ങളോടുള്ള വെല്ലുവിളിയാണ് കോൺ​​ഗ്രസ് സമരം. എല്ലാ പ്രദേശത്തും സമരത്തിനെത്തുന്നത് ഒരേയാളുകൾ തന്നെയാണ്. സിൽവർ ലൈനിന്റെ അതിരടയാളക്കല്ലുകൾ പിഴുതെറിയുന്നവർക്കെതിരെ കേസെടുക്കുകയാണ് വേണ്ടതെന്നും എം.വി ജയരാജൻ പറഞ്ഞു.

കുപ്പായം മാറുംപോലെ മുന്നണി മാറില്ലെന്ന് കുഞ്ഞാലിക്കുട്ടി

കുപ്പായം മാറുംപോലെ മുന്നണി മാറുന്ന പാർട്ടിയല്ല മുസ്ലിംലീ​ഗെന്ന് കുഞ്ഞാലിക്കുട്ടി എം.എൽ.എ. ഇപി ജയരാജന്റെ പ്രസ്താവനയിൽ ആശയക്കുഴപ്പം സിപിഐഎമ്മിന് മാത്രമാണ്. യുഡിഎഫിലും ലീ​ഗിലും യാതൊരു ആശയക്കുഴപ്പവുമില്ല. ചക്കിന് വെച്ചത് കൊക്കിനുകൊണ്ട അവസ്ഥയിലാണ് സിപിഐഎമ്മെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു.

ഒടുവില്‍ എയിംസ് കേരളത്തിലേക്ക്; ദീര്‍ഘകാലമായുള്ള ആവശ്യത്തിന് കേന്ദ്രത്തിന്റെ പച്ചക്കൊടി

കേരളത്തില്‍ എയിംസിന് തത്വത്തില്‍ അംഗീകാരം നല്‍കാന്‍ ശുപാര്‍ശ ചെയ്ത് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിന്റെ ദീര്‍ഘകാലമായുള്ള ആവശ്യത്തിന് കേന്ദ്രസര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയിരിക്കുകയാണ്. കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പവാര്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ രേഖാമൂലമാണ് ഇക്കാര്യം അറിയിച്ചത്.

കണ്ണൂരിൽ സിപിഐഎം പ്രവർത്തകന്റെ കൊലപാതകം; പ്രതി ഒളിവിൽ കഴിഞ്ഞത് മറ്റൊരു സിപിഐഎം പ്രവർത്തകന്റെ വീട്ടിൽ

കണ്ണൂരിൽ സിപിഐഎം പ്രവർത്തകൻ പുന്നോൽ ഹരിദാസനെ വധിച്ച കേസിലെ പ്രതിയായ ആർഎസ്എസ് പ്രാദേശിക നേതാവ് ഒളിവിൽ കഴിഞ്ഞത് സിപിഐഎം പ്രവർത്തകന്റെ വീട്ടിലാണെന്ന് സ്ഥിരീകരണം. സിപിഐഎം തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സംഭവത്തിൽ പാർട്ടിക്ക് നാണക്കേട് ഉണ്ടായിട്ടില്ല. ബോംബേറിൽ പാർട്ടിക്ക് പങ്കില്ല. സിപിഐഎം പിണറായി ലോക്കൽ കമ്മിറ്റി സെക്രട്ടറി കക്കോത്ത് രാജൻ 24നോട് പറഞ്ഞു. ഇന്നലെയാണ് പ്രതി നിജിലും വീട്ടുടമയും പിടിയിലായത്.

വയനാട് നിയമനത്തട്ടിപ്പ്: അന്വേഷണം അട്ടിമറിച്ചെന്ന് സൂചന; 12 വര്‍ഷമായിട്ടും എങ്ങുമെത്താതെ പരിശോധന

കേരളത്തെ ഞെട്ടിച്ച വയനാട് നിയമനത്തട്ടിപ്പ് നടന്ന് 12 വര്‍ഷമായിട്ടും സര്‍ക്കാര്‍തല അന്വേഷണവും പരിശോധനയും പൂര്‍ത്തിയായിട്ടില്ല. വിവിധ ജില്ലകളില്‍ 2001 മുതല്‍ 2010 വരെ നടന്ന നിയമനങ്ങളാണ് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് അനിശ്ചിതമായി അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കൊല്ലം ജില്ലയിലെ സര്‍ക്കാര്‍ സര്‍വീസില്‍ നടന്നിട്ടുള്ള നിയമനങ്ങള്‍ പരിശോധിക്കാന്‍ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് ഉത്തരവിറക്കിയത്. സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് നിര്‍ദ്ദേശിച്ച പരിശോധനയാണ് 12 വര്‍ഷമായിട്ടും പൂര്‍ത്തിയാകാത്തത്.

ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി സാധ്യതാ പട്ടികയിൽ ആരിഫ് മുഹമ്മദ് ഖാനും

ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി സാധ്യതാ പട്ടികയിൽ ഇടംനേടി ആരിഫ് മുഹമ്മദ് ഖാൻ. ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള നിയമവിദഗ്ദൻ എന്നതാണ് ആരിഫ് മുഹമ്മദ് ഖാനുള്ള അനുകൂല ഘടകം. ഏകസിവിൽ കോഡ് നിയമനിർമ്മാണ നടപടികൾ നടക്കുമ്പോൾ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിയായ് ഉണ്ടാകുന്നത് അനുകൂല ഘടകമാകും എന്നാണ് വിലയിരുത്തൽ.

കണ്ണൂർ സർവകലാശാലയിൽ വീണ്ടും ചോദ്യപ്പേപ്പർ അവർത്തനം; ബോട്ടണി പരീക്ഷയ്ക്ക് നൽകിയത് 2020 ലെ ചോദ്യപേപ്പറിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി

കണ്ണൂർ സർവകലാശാല ബിരുദ പരീക്ഷയിൽ വീണ്ടും ചോദ്യപ്പേപ്പർ ആവർത്തനം. മൂന്നാം സെമസ്റ്റർ ബോട്ടണി പരീക്ഷയിൽ വീഴ്ച വന്നതായാണ് റിപ്പോർട്ട്. വ്യാഴാഴ്ച നടന്ന പരീക്ഷയ്ക്കായി നൽകിയത് 2020ലെ ചോദ്യപേപ്പറിന്റെ തനിപ്പകർപ്പ്.

മിശ്ര വിവാഹങ്ങളെ സഭ പ്രോത്സാഹിപ്പിക്കില്ല : പാലക്കാട് ബിഷപ്പ് 24നോട്

സിൽവർലൈൻ മദ്യനയ വിഷയങ്ങളിൽ സർക്കാരിനെതിരെ പാലക്കാട് രൂപത. സിൽവർലൈനിൽ ജനങ്ങളുടെ ആശങ്കയകറ്റാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് പാലക്കാട് രൂപതയുടെ നിയുക്ത ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ട്വന്റിഫോറിനോട് പറഞ്ഞു. സാമ്പത്തിക നേട്ടത്തിനായി മദ്യ ഉപഭോഗം കൂട്ടുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. മിശ്ര വിവാഹങ്ങളെ സഭ പ്രോത്സാഹിപ്പിക്കില്ലെന്നും ലൗ ജിഹാദ് വിവാദത്തോട് അദ്ദേഹം പ്രതികരിച്ചു.

ശ്രീനിവാസന്‍ വധം: മൂന്ന് പേര്‍ കൂടി പിടിയില്‍

പാലക്കാട് മേലാമുറിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകത്തില്‍ മൂന്ന് പേര്‍ കൂടി പിടിയിലായി. ശംഖുവാരത്തോട് സ്വദേശികളാണ് പൊലീസിന്റെ പിടിയിലായത്. ഗൂഢാലോചനയില്‍ പങ്കാളികളായവരും വാഹനമെത്തിച്ചവരുമാണ് കസ്റ്റഡിയിലായത്. ഇതിലൊരാള്‍ കൃത്യം നടക്കുമ്പോള്‍ മേലാമുറിയിലെത്തിയിരുന്നു. ഇതോടെ പിടിയിലായവരുടെ എണ്ണം പത്തായി.

Story Highlights:  april 23 news round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here