‘നിയമനങ്ങള്‍ സര്‍ക്കാരിന് വിടാമെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന സമുദായ വഞ്ചന’; രൂക്ഷ വിമര്‍ശനവുമായി ഗോകുലം ഗോപാലന്‍
എസ്എന്‍ഡിപി യോഗത്തിലേയും എസ്എന്‍ ട്രസ്റ്റിലേയും എല്ലാ നിയമനങ്ങളും സര്‍ക്കാരിന് വിടാമെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന സമുദായ വഞ്ചനയാണെന്ന വിമര്‍ശനവുമായി ഗോകുലം ഗോപാലന്‍. എസ്എന്‍ഡിപി യോഗത്തിലെ മുഴുവന്‍ അംഗങ്ങള്‍ക്കും വോട്ടവകാശം നല്‍കിക്കൊണ്ടുള്ള ചരിത്രവിധിയുടെ പശ്ചാത്തലത്തിലാണ് ഇത്തരം പ്രലോഭനങ്ങളുമായി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തുന്നതെന്ന് ഗോകുലം ഗോപാലന്‍ പറഞ്ഞു. ഇതെല്ലാം തിരിച്ചറിയാന്‍ സര്‍ക്കാരിന് വിവേകമുണ്ടെന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘നിയമനം നടത്തുന്നത് മാനേജരും ശമ്പളം കൊടുക്കുന്നത് സര്‍ക്കാരും എന്നത് ജനാധിപത്യ വിരുദ്ധമാണെങ്കില്‍ 25 വര്‍ഷക്കാലം താന്‍ ജനാധിപത്യ വിരുദ്ധമായാണ് പ്രവര്‍ത്തിച്ചതെന്ന് കുറ്റസമ്മതം നടത്തുകയല്ലേ വെള്ളാപ്പള്ളി നടേശന്‍ ചെയ്യുന്നത്? ഇനി അതല്ല തന്റെ കീഴില്‍ ഈഴവര്‍ക്ക് സാമൂഹ്യ നീതി വാങ്ങിക്കൊടുക്കാന്‍ കഴിയാത്തത് കൊണ്ട് ഇനി സര്‍ക്കാര്‍ അത് ഏറ്റെടുത്ത് നടത്തട്ടെ എന്നാണോ? അത്രയും കൊള്ളരുതാത്തവനാണ് താനെന്ന തിരിച്ചറിവ് നടേശനുണ്ടാകുന്നത് ശുഭോതര്‍ക്കമാണ്. പക്ഷെ അതിനൊരു സമുദായത്തെ കുരുതികൊടുക്കാന്‍ അനുവദിക്കില്ല. ഗോകുലം ഗോപാലന്‍ പറഞ്ഞു’. ഫേസ്ബുക്കിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഗോകുലം ഗോപാലന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കാല്‍ നൂറ്റാണ്ടു കാലം എയ്ഡഡ് നിയമനങ്ങള്‍ വഴി ഈഴവ സമുദായത്തെ കൊള്ളയടിച്ചതിന് ശേഷം നിയമനം എല്ലാം സര്‍ക്കാറിന് വിട്ടുകൊടുക്കാം എന്ന് വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന കൊള്ളക്കാരന്റെ ജീര്‍ണിച്ച വേദോപദേശം പോലെ മലീമസമാണ്. പണമില്ലാത്ത ഈഴവര്‍ക്ക് സ്വന്തം സമുദായ സംഘടനയ്ക്ക് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തൊഴിലും അഡ്മിഷനും ലഭിക്കാത്ത സാഹചര്യമുണ്ടാക്കിയ ആളാണ് നടേശന്‍. മഹാനായ ആര്‍ ശങ്കര്‍ സ്ഥാപിച്ച എസ്എന്‍ ട്രസ്റ്റിലെ നിയമനങ്ങള്‍ വഴി ശതകോടികളാണ് വെള്ളാപ്പള്ളി നടേശനും കുടുംബവും ഇതിനോടകം സ്വന്തമാക്കിയത്. 5000 രൂപ കുറഞ്ഞതിന്റെ പേരില്‍ അഡ്മിഷന്‍ നിഷേധിക്കപ്പെട്ട അഞ്ജു എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് ഇതേ വെള്ളാപ്പള്ളിയുടെ കീഴിലെ സ്ഥാപനത്തിന്റെ കൊള്ളകൊണ്ടല്ലേ? അങ്ങനെ എത്രയോ പാവപ്പെട്ടവരുടെ ജീവിതം നശിപ്പിച്ചുകളഞ്ഞിട്ട് അധികാരം നഷ്ടപ്പെടുമെന്ന ഘട്ടമെത്തിയപ്പോള്‍ തന്റെ പൂര്‍വകാല ചരിത്രത്തെയെല്ലാം വെള്ളപൂശാന്‍ നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ ജനങ്ങള്‍ തള്ളിക്കളയും.
വെള്ളാപ്പള്ളി നടേശന് മുന്‍പ് മാതൃകപരമായി നിയമനങ്ങളുടെ കാര്യത്തില്‍ ഇടപെട്ടിരുന്ന നേതൃത്വം എസ്എന്‍ഡിപിക്കുണ്ടായിരുന്നു. എന്നാല്‍ വെള്ളാപ്പള്ളി നടേശന്‍ ജനറല്‍ സെക്രെട്ടറി ആയതിനു ശേഷം എസ് എന്‍ ട്രസ്റ്റിലെയും എസ്എന്‍ഡിപി യോഗത്തിലെയും നിയമനങ്ങള്‍ സ്വന്തം കീശ വീര്‍പ്പിക്കാനുള്ള ഉപാധിയാക്കി മാറ്റി. നിയമനം നടത്തുന്നത് മാനേജരും ശമ്പളം കൊടുക്കുന്നത് സര്‍ക്കാരും എന്ന സ്ഥിതി ജനാധിപത്യവിരുദ്ധമാണെങ്കില്‍ കഴിഞ്ഞ 25 വര്‍ഷം താന്‍ പ്രവര്‍ത്തിച്ചത് ജനാധിപത്യവിരുദ്ധമായിട്ടാണ് എന്ന് കുറ്റസമ്മതം നടത്തുകയല്ലേ നടേശന്‍ ചെയ്തത്? ഇനി അതല്ല തന്റെ കീഴില്‍ ഈഴവര്‍ക്ക് സാമൂഹ്യ നീതി വാങ്ങിക്കൊടുക്കാന്‍ കഴിയാത്തത് കൊണ്ട് ഇനി സര്‍ക്കാര്‍ അത് ഏറ്റെടുത്ത് നടത്തട്ടെ എന്നാണോ? അത്രയും കൊള്ളരുതാത്തവനാണ് താനെന്ന തിരിച്ചറിവ് നടേശനുണ്ടാകുന്നത് ശുഭോതര്‍ക്കമാണ്. പക്ഷെ അതിനൊരു സമുദായത്തെ കുരുതികൊടുക്കാന്‍ അനുവദിക്കില്ല.
എസ്എന്‍ഡിപി യോഗത്തിലെ മുഴുവന്‍ അംഗങ്ങള്‍ക്കും വോട്ടവകാശം നല്‍കിക്കൊണ്ടുള്ള ചരിത്രവിധിയുടെ പശ്ചാത്തലത്തില്‍ ഇനിയും ഇത്തരം പ്രലോഭനങ്ങളുമായി സര്‍ക്കാരിന് മുന്നില്‍ നടേശന്‍ എത്തുമെന്ന് ഉറപ്പാണ്. പക്ഷെ അതൊക്കെ തിരിച്ചറിയാന്‍ സര്‍ക്കാരിന് വിവേകമുണ്ട് എന്ന് തന്നെയാണ് ഞാന്‍ വിചാരിക്കുന്നത്.
Story Highlights: gokulam gopalan slams vellappalli natesan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here