സിൽവർലൈൻ സംവാദം: അലോക് വർമയും ആർ ശ്രീധറും പിൻമാറി

സിൽവർലൈൻ സംവാദത്തിൽ നിന്ന് അലോക് വർമയും ആർ ശ്രീധറും പിൻമാറി. സർക്കാരിന്റെ ഉദ്ദേശശുദ്ധിയെ സംശയിക്കുന്നുവെന്നാണ് അലോക് വർമ പറഞ്ഞത്.
സിൽവർലൈനെ എതിർക്കുന്ന രണ്ട് പേരാണ് നിലവിൽ സംവാദത്തിൽ നിന്ന് പിന്മാറിയിരിക്കുന്നത്. സംവാദത്തിൽ വ്യക്തത വേണമെന്ന ആവശ്യത്തിൽ മറുപടി ലഭിക്കാതിരുന്നതോടെയാണ് അലോക് വർമ പിൻമാറിയത്. സംവാദത്തിൽ പങ്കെടുക്കില്ലെന്ന് കാണിച്ച് അലോക് വർമ ചീഫ് സെക്രട്ടറിക്ക് മെയിൽ അയച്ചു. പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണനും പങ്കെടുക്കുന്നില്ല. ഇക്കാര്യം ശ്രീധർ കെ-റെയിലിനെ അറിയിച്ചു.
ഇന്നലെ ജോസഫ് സി മാത്യുവിനെ ഒഴിവാക്കി സർക്കാർ അന്തിമ പാനൽ പുറത്തിറക്കിയിരുന്നു.
സിൽവർ ലൈൻ വിരുദ്ധ പ്രതിഷേധങ്ങളും വിമർശനങ്ങളും തണുപ്പിക്കാൻ ലക്ഷ്യമിട്ടാണ്, എതിർസ്വരമുയർത്തുന്നവരെക്കൂടി ഉൾപ്പെടുത്തി സർക്കാർ സംവാദത്തിന് മുൻകൈ എടുത്തത്. എന്നാൽ, വെളുക്കാൻ തേയ്ച്ചത് പാണ്ടായി എന്ന സ്ഥിതിയിലാണ് ഇപ്പോൾ സർക്കാരും കെ റെയിലും. വിമർശകരിൽ പ്രധാനിയായ അലോക് വർമയും പാനലിലുൾപ്പെട്ട ശ്രീധർ രാധാകൃഷ്ണനും സംവാദത്തിൽ നിന്ന് പിന്മാറുന്നതായി ചീഫ് സെക്രട്ടറിയെയും കെ റെയിൽ അധികൃതരെയും അറിയിച്ചു. സംവാദത്തിൻറെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്ത് അലോക് വർമ ചീഫ് സെക്രട്ടറിക്കയച്ച കത്തിന് മറുപടി കിട്ടാതെ വന്നതോടെയാണ് എതിർക്കുന്നവരുടെ പാനലിലുൾപ്പെട്ട രണ്ടുപേരുടെയും പിന്മാറ്റം. ജോസഫ് സി മാത്യുവിനെ ഏകപക്ഷീയമായി പാനലിൽ നിന്ന് ഒഴിവാക്കിയതിലും പ്രതിഷേധം ശക്തമായിരുന്നു
അതേസമയം, വിയോജിപ്പുകളുണ്ടെങ്കിലും സംവാദത്തിൽ പങ്കെടുക്കുമെന്ന് ആർ വി ജി മോനോൻ അറിയിച്ചു. എതിർപ്പ് അറിയിക്കാനുളള വേദിയായി സംവാദത്തെ കാണുമെന്നും ആർ വി ജി മോനോൻ അറിയിച്ചു. പാനലിസ്റ്റുകൾ പിന്മാറിയെങ്കിലും നിശ്ചയിച്ച പ്രകാരം സംവാദവുമായി മുന്നോട്ട് പോകാനാണ് കെ റെയിൽ തീരുമാനം.
അതേസമയം, പ്രതിപക്ഷം വിഷയം രാഷ്ട്രീയായുധമാക്കിയിട്ടുണ്ട്. ജനങ്ങളുടെ കണ്ണിൽപ്പൊടിയിടാനുളള തട്ടിക്കൂട്ട് സംവാദമെന്നായിരുന്നു കെപിസിസി പ്രസിഡൻറിൻറെ വിമർശനം. സംവാദത്തെ സർക്കാർ പ്രഹസനമാക്കിയെന്ന് പ്രതിപക്ഷ നേതാവും കുറ്റപ്പെടുത്തി.
എതിർപ്പുയർത്തുന്നവർക്ക് വിയോജിപ്പ് രേഖപ്പെടുത്താൻ വേദിയൊരുക്കിയിട്ടും അവർ പിന്മാറിയെന്ന് ചൂണ്ടിക്കാട്ടിയാകും നിലവിലെ പ്രതിസന്ധിയെ സർക്കാർ പ്രതിരോധിക്കുക.
Story Highlights: alok verma withdrew from silverline debate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here