Advertisement

കെഎസ്ഇബി സമരക്കാര്‍ക്കെതിരെ ആവശ്യമെങ്കില്‍ എസ്മ പ്രയോഗിക്കാം; എന്താണ് എസ്മ?

April 26, 2022
Google News 2 minutes Read
what is esma all you need to know

കെഎസ്ഇബിയിലെ സമരവുമായി ബന്ധപ്പെട്ട് ആവശ്യമെങ്കില്‍ എസ്മ പ്രയോഗിക്കുന്നതില്‍ തടസമില്ലെന്ന് കേരളാ ഹൈക്കോടതിയുടെ ഉത്തരവ് വന്നിരിക്കുകയാണ്. കെഎസ്ഇബിയുടെ പ്രവര്‍ത്തനം തടസപ്പെടുന്ന ഘട്ടം ഉണ്ടാകുകയാണെങ്കില്‍ ബോര്‍ഡിന് എസ്മ ഉപയോഗിക്കാം എന്നാണ് കോടതി ഉത്തരവിട്ടത്. സമരം ചോദ്യം ചെയ്തുള്ള പൊതുതാല്പര്യ ഹര്‍ജിയിലായിരുന്നു കോടതിയുടെ ഇടക്കാല ഉത്തരവ്.

എന്താണ് എസ്മ?

ഒരു വലിയ സമരമോ ബന്ദോ ഉണ്ടാകുമ്പോള്‍ ചിലപ്പോള്‍ എസ്മ എന്ന പദപ്രയോഗം കേള്‍ക്കാം. അവശ്യ സേവന പരിപാലന നിയമം എന്നതാണ് എസ്മയുടെ പൂര്‍ണനാമം. രാജ്യത്തെ ജനങ്ങളുടെ സാധാരണ ജീവിതത്തെ ബാധിക്കുന്ന അവശ്യ സേവനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ പണിമുടക്കിയാല്‍ അവശ്യഘട്ടത്തില്‍ എസ്മ പ്രയോഗിക്കാം.

എന്തൊക്കെയാണ് ഈ അവശ്യ സേവനങ്ങള്‍?

പാര്‍ലമെന്റിന് നിയമനിര്‍മ്മാണത്തിന് അധികാരമുള്ളതോ ജനജീവിതത്തെ ബാധിക്കുമെന്ന് സര്‍ക്കാരിന് തോന്നുന്നതോ ആയ ഏതൊരു സേവനവും അവശ്യ സേവനമായി കണക്കാക്കുന്നു.

ഏതൊക്കെ സേവനങ്ങളാണ് ഈ വിഭാഗത്തിന് കീഴില്‍ വരുന്നത്?

പൊതു സംരക്ഷണം, ശുചീകരണം, ജലവിതരണം, ആശുപത്രികള്‍, പ്രതിരോധവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ എന്നിവ അവശ്യ സേവനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്. പെട്രോളിയം, കല്‍ക്കരി, ഊര്‍ജം, ഉരുക്ക്, വളം എന്നിവയുടെ ഉല്‍പ്പാദനമോ വിതരണമോ എന്നിവയും അവശ്യ സേവന വിഭാഗത്തില്‍ പെടുന്നുണ്ട്. ഒപ്പം ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ട ഏത് സേവനത്തിനും എസ്മ ബാധകമാകും. സര്‍ക്കാരിന് കീഴിലുള്ള ആശയവിനിമയം, ഗതാഗത സേവനങ്ങള്‍, ഭക്ഷ്യധാന്യങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ടവ എന്നിവയിലും എസ്മ ബാധകമാണ്.

ഈ ജീവനക്കാര്‍ സമരം ചെയ്യുന്നത് നിയമവിരുദ്ധമാണോ?

ഒരു സമരവും നിയമവിരുദ്ധമല്ല. എന്നാല്‍ സമരം പൊതുജീവിതത്തെ സാരമായി ബാധിക്കുന്നുവെന്ന് തോന്നിയാല്‍ അത് നിരോധിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. അതിനായി സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ പൊതു ഉത്തരവോ പ്രത്യേക ഉത്തരവോ പുറപ്പെടുവിക്കണം. ഈ ഉത്തരവിന് ശേഷം ഏത് സമരവും നിയമവിരുദ്ധമാകും.

Read Also : സ്റ്റോക്ക് മാർക്കറ്റിലെ നിക്ഷേപം; എന്തെല്ലാം ശ്രദ്ധിക്കാം….

എസ്മ ചുമത്തിയാല്‍ ജീവനക്കാര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുക?

എസ്മ പ്രയോഗിച്ചാല്‍ പണിമുടക്ക് നടത്തുന്നവരും അതിന് പ്രേരിപ്പിക്കുന്നവരും അച്ചടക്ക നടപടിക്ക് ബാധ്യസ്ഥരാണ്. അതില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടലും ഉള്‍പ്പെടാം. എസ്മ പ്രയോഗിച്ച ശേഷം സമരം നിയമവിരുദ്ധമായതിനാല്‍ ഈ ജീവനക്കാര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കാം. പണിമുടക്കുന്നവരെ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാന്‍ ഏതൊരു പോലീസ് ഉദ്യോഗസ്ഥനും അധികാരമുണ്ട്. സമരത്തില്‍ പങ്കെടുക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്ന വ്യക്തികള്‍ക്ക് ഒരു വര്‍ഷം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.

Story Highlights: what is esma all you need to know

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here