Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ ( 29-04-2022)

April 29, 2022
Google News 1 minute Read
april 29 news round up

മാടമ്പിത്തരം കുടുംബത്ത് വച്ചാല്‍ മതി; കെഎസ്ഇബി സമരക്കാര്‍ക്കെതിരെ വീണ്ടും ചെയര്‍മാന്‍ ( april 29 news round up )

കെഎസ്ഇബിയില്‍ പോര് കനക്കുന്നതിനിടെ ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് കുമാറിനെതിരെ വിമര്‍ശനവുമായി കെഎസ്ഇബി ചെയര്‍മാന്‍. മാടമ്പിത്തരം കുടുംബത്ത് വച്ച് മര്യാദയോടെ തൊഴിലിടത്ത് വരണമെന്നാണ് ഡോ. ബി അശോകിന്റെ വിമര്‍ശനം. രാഷ്ട്രീയ വാരികയിലെ പുതിയ ലക്കത്തിലാണ് സുരേഷ് കുമാറിനെതിരായ വിമര്‍ശനം.

പള്ളിക്ക് മുകളിൽ കത്തീഡ്രൽ ബോർഡ് സ്ഥാപിച്ചു; എൽഎംഎസ് പള്ളിക്ക് മുന്നിൽ പ്രതിഷേധം കനക്കുന്നു

തിരുവനന്തപുരം എൽഎംഎസ് പള്ളിക്ക് മുന്നിൽ പ്രതിഷേധം കനക്കുന്നു. പള്ളി കത്തീഡ്രലാക്കിയതിനെതിരെയാണ് ഒരു വിഭാഗം വിശ്വാസികൾ പ്രതിഷേധിക്കുന്നത്. എന്നാൽ ഇതിനെ എതിർക്കുന്ന മറ്റൊരു വിഭാഗം വിശ്വാസികൾ പള്ളിക്ക് മുകളിൽ എംഎം സിഎസ്ഐ കത്തീഡ്രൽ എന്ന ബോർഡ് സ്ഥാപിച്ചു. ഇതാണ് പ്രശ്നം വഷളാക്കിയത്.

കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് കെ.വി തോമസിനെ നീക്കി

കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും കെപിസിസി നിർവാഹക സമിതിയിൽ നിന്നും കെ.വി തോമസിനെ നീക്കി. കെ.വി തോമസിനെതിരെ കടുത്ത നടപടിയില്ല. എഐസിസി അംഗത്വത്തിൽ തന്നെ തുടരും.

കേരളാ ഡാഷ് ബോര്‍ഡ് പരാജയം; 2021ലെ യോഗത്തിന്റെ മിനുട്‌സ് പുറത്ത്

ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് യാത്രയ്ക്കിടെ കേരളത്തിന്റെ ഡാഷ് ബോര്‍ഡ് പരാജയമെന്ന് വിലയിരുത്തല്‍. ഇതുസംബന്ധിച്ച് 2021ല്‍ ചീഫ് സെക്രട്ടറി വിളിച്ച ഉദ്യോഗസ്ഥ യോഗത്തിലെ മിനുട്‌സ് പുറത്തുവന്നു. സംസ്ഥാനത്തെ 578 സേവനങ്ങളില്‍ 278 എണ്ണത്തിന് മാത്രമാണ് ഡാഷ് ബോര്‍ഡുള്ളത്. ഇതില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നത് 75 എണ്ണം മാത്രമാണ് എന്നും യോഗത്തില്‍ വിലയിരുത്തലുണ്ടായി.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ക്രമക്കേട്; കര്‍ശന നടപടിയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ മരാമത്ത് പണികളില്‍ ക്രമക്കേട് കാണിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ ബോര്‍ഡിന്റെ സര്‍വീസിലുണ്ടാകില്ല. ഇത്തരം ഉദ്യോഗസ്ഥരെ ന്യായീകരിക്കാനോ സംരക്ഷിക്കാനോ ബോര്‍ഡ് തയാറാകില്ലെന്നും ബോര്‍ഡ് പ്രസിഡന്റ് ട്വന്റിഫോറിനോട് പറഞ്ഞു.

എ.എ.റഹീമും മുഹമ്മദ് റിയാസും സ്വന്തം അനുയായികളെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു; ഡിവൈഎഫ്‌ഐ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിലെ പൊതു ചര്‍ച്ചയില്‍ കേന്ദ്ര നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം. കേന്ദ്ര നേതൃത്വം സമരങ്ങള്‍ ചെയ്യുന്നതില്‍ പരാജയം എന്നായിരുന്നു പ്രതിനിധികളുടെ വിമര്‍ശനം. വൃന്ദാ കാരാട്ട് അടക്കമുള്ള മുതിര്‍ന്ന സിപിഐഎം നേതാക്കള്‍ക്കുള്ള ഊര്‍ജം പോലും ഡിവൈഎഫ്‌ഐ കേന്ദ്ര നേതൃത്വത്തിനില്ല എന്നും വിമര്‍ശനം ഉയര്‍ന്നു.

‘ശ്രീനാരായണഗുരുവില്‍ ഹിന്ദുത്വ അജണ്ട അടിച്ചേല്‍പ്പിക്കാന്‍ ശ്രമം’; നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോടിയേരി ബാലകൃഷ്ണന്‍

ശിവഗിരി നവതി ആഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടിയില്‍ ശ്രീനാരായണ ഗുരുവിനെ പുകഴ്ത്തി സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശ്രീനാരായണ ഗുരുവിനെ റാഞ്ചി തീവ്രവര്‍ഗീയതയുടെ ഇരിപ്പിടത്തില്‍ ഇരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുകയാണെന്ന് കോടിയേരി കുറ്റപ്പെടുത്തി. ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ പ്രസ്താവന.

സംസ്ഥാനത്തിന് കേന്ദ്രം നല്‍കിയ പകുതിയില്‍ അധികം വാക്‌സിനും പാഴാകുന്നു

സംസ്ഥാനത്തിന് കേന്ദ്രം നല്‍കിയ പകുതിയില്‍ അധികം വാക്‌സിനും പാഴാകുന്നു. 60വയസിന് താഴെയുള്ളവര്‍ക്കുള്ള കരുതല്‍ ഡോസ് ( ബൂസ്റ്റര്‍ ) സ്വകാര്യ ആശുപത്രിയില്‍ നിന്ന് പണം നല്‍കി സ്വീകരണക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശമാണ് വാക്‌സിന്‍ പാഴായി പോകാന്‍ കാരണം. അതിനിടെ, എല്ലാവര്‍ക്കും കരുതല്‍ ഡോസ് നല്‍കാന്‍ അനുമതി തേടി സംസ്ഥാനം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കത്തയച്ചു.

‘ജിഷ്ണുവിന്റെ മരണത്തില്‍ പൊലീസ് വാദം തെറ്റ്’; ജിഷ്ണു മദ്യപിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍

കോഴിക്കോട് നല്ലളത്ത് പൊലീസ് വീട്ടില്‍ വിളിച്ചിറക്കിയ യുവാവിന്റെ മരണത്തില്‍ ദുരൂഹത തുടരുന്നു. ജിഷ്ണുവിന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അമ്മയും ഭാര്യയും ആവശ്യപ്പെട്ടു. പൊലീസിന്റെ വാദം തെറ്റാണെന്നും ജിഷ്ണു മദ്യപിച്ചിട്ടില്ലെന്നും ഭാര്യ വൈഷ്ണവി ട്വന്റിഫോറിനോട് പറഞ്ഞു. വീട്ടില്‍ വന്ന പൊലീസുകാരെ തിരിച്ചറിയാന്‍ കഴിയുമെന്നും പൊലീസാണെന്ന കാര്യം വന്നവര്‍ മറച്ചുവച്ചെന്നും അമ്മ ഗീത പറഞ്ഞു.

Story Highlights: april 29 news round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here