ഇന്നത്തെ പ്രധാന വാർത്തകൾ ( 07-05-2022 )
പത്തിന് ശമ്പളം നല്‍കാനാകില്ലെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ്; കെടിഡിസിയില്‍ നിന്ന് വായ്പയെടുക്കാന്‍ ശ്രമം ( may 7 news round up )
ഈ മാസം പത്തിന് ശമ്പളം നല്‍കാനാകില്ലെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ്. 10ന് ശമ്പളം നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാനാകില്ലെന്നാണ് മാനേജ്‌മെന്റ് അറിയിച്ചിരിക്കുന്നത്. തൊഴിലാളി യൂണിയനുകളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ഗതാഗതമന്ത്രി പത്തിന് ശമ്പളം നല്‍കുമെന്ന് അറിയിച്ചിരുന്നത്. ജീവനക്കാരുടെ പണിമുടക്ക് മൂലം 4 കോടി രൂപ നഷ്ടമുണ്ടായെന്നാണ് മാനേജ്‌മെന്റ് വ്യക്തമാക്കിയിരിക്കുന്നത്. ശമ്പള വിതരണത്തിനായി കെടിഡിസിയില്‍ നിന്ന് വായ്പയെടുക്കാനും കെഎസ്ആര്‍ടിസി ശ്രമിച്ച് വരികയാണ്.
പാര്‍ട്ടിയില്‍ സമൂല മാറ്റം വേണം; രാഹുല്‍ ഭാരതയാത്ര നടത്തട്ടെയെന്ന നിര്‍ദേശവുമായി ചെന്നിത്തല
കോണ്‍ഗ്രസില്‍ സമൂലമായ മാറ്റം വേണമെന്ന നിര്‍ദേശവുമായി രമേശ് ചെന്നിത്തല. ഈ മാസം 13-ന് രാജസ്ഥാനില്‍ ആരംഭിക്കുന്ന ചിന്തന്‍ ശിബിരിന്റെ ഭാഗമായി ഡല്‍ഹിയില്‍ ചേര്‍ന്ന ഉപസമിതി യോഗത്തിലാണ് ചെന്നിത്തല നിര്‍ദേശം മുന്നോട്ട് വച്ചത്.
കണ്ണൂരില്‍ അമ്മയും ഏഴുമാസം പ്രായമായ കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍
കണ്ണൂരില്‍ അമ്മയും ഏഴുമാസം പ്രായമായ കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍. കണ്ണൂര്‍ ചൊക്ലി നെടുമ്പ്രത്തെ ജ്യോത്സനയും മകന്‍ ധ്രുവനുമാണ് മരിച്ചത്.
സില്‍വര്‍ലൈന്‍ പദ്ധതിക്ക് കെ റെയില്‍ പറയുന്നതിനേക്കാള്‍ ഇരട്ടിത്തുക വേണമെന്ന് നീതി ആയോഗ്. 63,940 കോടി രൂപയെന്ന കെ റെയില്‍ ഡിപിആര്‍ എസ്റ്റിമേറ്റ് തള്ളിക്കൊണ്ടായിരുന്നു നീതി ആയോഗിന്റെ വിശദീകരണം. പദ്ധതി ചെലവ് ഏകദേശം 1.3 ലക്ഷം കോടി രൂപ വരുമെന്നാണ് നീതി ആയോഗിന്റെ കണക്കുകൂട്ടല്‍.
‘റിഫയും മെഹ്നാസും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു’; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് റിഫയുടെ കുടുംബം
വ്‌ലോഗര്‍ റിഫയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കുടുംബം. മകള്‍ ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും മകള്‍ക്ക് മറ്റെന്തോ സംഭവിച്ചതാണെന്ന് സംശയിക്കുന്നതായും കുടുംബം ട്വന്റിഫോറിനോട് പറഞ്ഞു. മകളുടെ മരണത്തിലെ സത്യം പുറത്തുവരണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.
ഐടി പാര്‍ക്ക് സിഇഒ ജോണ്‍ എം തോമസ് സ്ഥാനമൊഴിയുന്നു; തീരുമാനം സര്‍ക്കാരിനെ അറിയിച്ചു
കേരള ഐടി പാര്‍ക്ക് സിഇഒ ജോണ്‍ എം തോമസ് സ്ഥാനമൊഴിയുന്നു. സ്ഥാനമൊഴിയാന്‍ ആഗ്രഹിക്കുന്നതായി ജോണ്‍ എം തോമസ് സര്‍ക്കാരിനെ അറിയിച്ചു. തീരുമാനത്തിന് സ്വകാര്യ കാരണങ്ങള്‍ മാത്രമെന്നാണ് വിശദീകരണം. യുഎസില്‍ കുടുംബത്തിന്റെ അടുത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം സര്‍ക്കാരിന് മുന്നില്‍ വിശദീകരിച്ചു.
ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; സംസ്ഥാനത്ത് ഞായറാഴ്ച മുതൽ പരക്കെ മഴ
ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്. തെക്കൻ ആൻഡമാൻ കടലിലും തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിനും മുകളിലായി രൂപപ്പെട്ട ന്യുനമർദ്ദം വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് നാളെ വൈകുന്നേരത്തോടെ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും. വീണ്ടും ശക്തി പ്രാപിച്ച് ഞായറാഴ്ച്ചയോടെ ചുഴലിക്കാറ്റായി മാറുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പുണ്ട്. മെയ് 10 ഓടെ ചുഴലിക്കാറ്റ് ആന്ധ്രാ – ഒഡീഷ തീരത്ത് എത്താൻ സാധ്യതയെന്നും പ്രവചനം.
വീണ്ടും ഇരുട്ടടി…! പാചകവാതക വില വീണ്ടു കൂടി; 1000 കടന്നു
ജനങ്ങളുടെ നട്ടെല്ലൊടിച്ച് പാചകവാതകവില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. നേരത്തെ 956.50 രൂപയായിരുന്ന 14.2 കിലോ സിലിണ്ടറിന്റെ വില ഇനി 1006.50 രൂപയാകും. വാണിജ്യ സിലിണ്ടറുകളുടെ വില കഴിഞ്ഞ ദിവസം കൂട്ടിയിരുന്നു.
Story Highlights: may 7 news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here