Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ ( 09-05-2022 )

May 9, 2022
Google News 2 minutes Read
may 9 news round up

തെക്കേഗോപുര വാതിൽ തുറന്ന് എറണാകുളം ശിവകുമാർ; പൂര വിളംബരത്തിന് തുടക്കം ( may 9 news round up )

തൃശൂർ പൂരത്തിന് തുടക്കം കുറിച്ച് നെയ്തിലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ തെക്കേഗോപുര വാതിൽ തുറന്നെത്തി. വടക്കുംനാഥനെ വലംവച്ചുകൊണ്ടാണ് നെയ്തലക്കാവിലമ്മ എത്തിയത്. നൂറുകണക്കിനാളുകളാണ് ഈ ചടങ്ങിന് സാക്ഷിയാകാൻ വടക്കുംനാഥ ക്ഷേത്ര സന്നിധിയിലേക്കെത്തിയത്.

ട്വന്റി ട്വന്റി വോട്ടുകൾ ഇത്തവണ എൽഡിഎഫിലേക്ക് വരും; മന്ത്രി പി രാജീവ്

കഴിഞ്ഞ തവണ എഎപിക്കും ട്വന്റി ട്വന്റിക്കും വോട്ട് ചെയ്ത ജനങ്ങൾ ഇത്തവണ എൽഡിഎഫിന് വോട്ട് ചെയ്യുമെന്ന് മന്ത്രി പി രാജീവ്. പ്രൊഫഷണലുകൾ രാഷ്ട്രീയത്തിലെത്തണമെന്ന് വിചാരിക്കുന്ന ഒരു വിഭാ​ഗം വോട്ടർമാർ തൃക്കാക്കരയിലുണ്ട്. ഡോ. ജോ ജോസഫ് അല്ലാതെ എൽഡിഎഫിന് മറ്റൊരു ഓപ്ഷൻ ത്രിക്കാക്കരയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കാവ്യയെ ഉടന്‍ ചോദ്യം ചെയ്യും; ക്രൈംബ്രാഞ്ച് സംഘം ദിലീപിന്റെ വീട്ടിലെത്തി

നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനെ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച് സംഘം ആലുവയിലെ ദിലീപിന്റെ വീടായ പത്മസരോവരത്തിലെത്തി. അല്‍പ സമയത്തിനുള്ളില്‍ അന്വേഷണ സംഘം കാവ്യയെ ചോദ്യം ചെയ്യും.

ലിതാരയുടെ ആത്മഹത്യയ്ക്ക് തലേ ദിവസം സംഭവിച്ചതെന്ത് ? 24 Investigation

മലയാളിയായ ഇന്ത്യൻ ബാസ്‌കറ്റ് ബോൾ താരം കെ.സി ലിതാരയുടെ മരണം ആത്മഹത്യയോ കൊലപാതകമോ ? മകൾ ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം ആവർത്തിച്ച് പറയുമ്പോൾ സംഭവത്തിൽ ദുരൂഹത നിലനിൽക്കുകയാണ്. മരണത്തിലേക്കുള്ള വഴിയിൽ ലിതാര കടന്ന് പോയതും സംസാരിച്ചതും ആരോടൊക്കെയാണ് ? ലിതാരയുടെ ആത്മഹത്യയുടെ തലേന്ന് സംഭവിച്ചതെന്ത് ? ട്വന്റിഫോർ അന്വേഷണ പരമ്പര ആരംഭിക്കുന്നു ‘നീങ്ങുമോ ദുരൂഹത’.

നാളെ ശമ്പളം നൽകാനാവില്ലെന്ന് സൂചന നൽകി മന്ത്രി ആന്റണി രാജു

കെഎസ്ആർടിസി ജീവനക്കാർക്ക് നാളെ ശമ്പളം നൽകുന്നത് അസാധ്യമാണെന്ന സൂചന നൽകി ഗതാ​ഗത മന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം. സർക്കാരിന്റെ അഭ്യർത്ഥന കേൾക്കാതെ പണിമുടക്കിയതോടെ 10ന് ശമ്പളം നൽകുകയെന്ന കാര്യം അപ്രസക്തമായി. പണിമുടക്ക് നടത്തിയവർ തന്നെയാണ് ശമ്പളം വൈകുന്നതിന് മറുപടി പറയേണ്ടത്. സമരം മൂലം സാമ്പത്തിക നഷ്ടമുണ്ടാവുകയും പത്തിന് ശമ്പളം കൊടുക്കാമെന്ന മാനേജ്മെന്റിന്റെ കണട്ടുകൂട്ടൽ തെറ്റുകയും ചെയ്തു. സർക്കാർ 30 കോടിയുടെ സഹായമാണ് നൽകിയതെന്നും അധികസഹായം കൊടുക്കുന്നത് ആലോചനയിലില്ലെന്നും മന്ത്രി വ്യക്തമാക്കി.

തൃക്കാക്കരയിലേക്ക് പിസി ജോർജിനെ ക്ഷണിക്കും; എ എൻ രാധാകൃഷ്ണൻ

പിസി ജോർജിനെ തൃക്കാക്കരയിലെ ബിജെപി പ്രചാരണത്തിന് ക്ഷണിക്കുമെന്ന് എ എൻ രാധാകൃഷ്ണൻ. പിസി ജോർജ് തനിക്കുവേണ്ടി പ്രചാരണത്തിനിറങ്ങുന്നത് ബിജെപിക്ക് ​ഗുണം ചെയ്യും. എഎപിയുടെയും ട്വന്റി ട്വന്റിയുടെയും വോട്ടുകൾ ബിജെപിക്ക് ലഭിക്കുമെന്നും എൻഡിഎ സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണൻ വ്യക്തമാക്കി.

‘ബിജെപിയെ തെരഞ്ഞെടുത്താൽ തൃക്കാക്കരയെ ഐടി ഹബ്ബാക്കും’; എ.എൻ രാധാകൃഷ്ണൻ 24നോട്

തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചാൽ തൃക്കാക്കരയെ ഇന്ത്യയിലെ അറിയപ്പെടുന്ന ഐടി ഹബ്ബ് ആക്കുമെന്ന് വാഗ്ദാനം. സ്ഥാനാർത്ഥി എ.എൻ രാധആകൃഷ്ണനാണ് ഇക്കാര്യം ട്വന്റിഫോറിനോട് പറഞ്ഞത്. കേന്ദ്രവുമായുള്ള തന്റെ ബന്ധം ഇതിനായി ഉപയോഗിക്കാനാകുമെന്നും എ.എൻ രാധാകൃഷ്ണൻ പറഞ്ഞു.

‘എല്‍ഡിഎഫില്‍ പ്രവര്‍ത്തനം ഒറ്റക്കെട്ടായി, യുഡിഎഫില്‍ ഏകാധിപത്യം’; വീണ്ടും വിമര്‍ശിച്ച് കെ വി തോമസ്

തൃക്കാക്കരയിലെ രാഷ്ട്രീയ ചിത്രം പൂര്‍ണമായി തെളിയുന്ന പശ്ചാത്തലത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ കനത്ത പോരാട്ടം നടക്കുമെന്ന് കെ വി തോമസ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കഠിനാധ്വാനിയാണെന്നും എല്‍ഡിഎഫ് ഒറ്റക്കെട്ടായി നിന്ന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നും കെ വി തോമസ് വിലയിരുത്തി. എന്നാല്‍ കോണ്‍ഗ്രസില്‍ ഏകാധിപത്യ പ്രവണത ദൃശ്യമാകുന്നുണ്ട്. ഉമ തോമസ് മോശം സ്ഥാനാര്‍ത്ഥിയാണെന്ന് പറയുന്നില്ല എങ്കിലും തെരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി കാണണമായിരുന്നുവെന്നും കെ വി തോമസ് ട്വന്റിഫോറിനോട് പറഞ്ഞു.

‘ജോ ജോസഫുമായി ബന്ധമില്ല, ആകെ ബന്ധം ബിജെപിയോട്’; ആവശ്യപ്പെട്ടാല്‍ പ്രചരണത്തിനെത്തുമെന്ന് പി സി ജോര്‍ജ്

ജോ ജോസഫ് പി സി ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിയാണെന്ന യുഡിഎഫിന്റെ ആരോപണങ്ങള്‍ക്കിടെ മറുപടിയുമായി പി സി ജോര്‍ജ്. തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായി ബന്ധമില്ലെന്ന് പി സി ജോര്‍ജ് പറഞ്ഞു. പൂഞ്ഞാറുകാരനെന്ന നിലയിലാണ് ജോ ജോസഫുമായി ബന്ധമെന്ന് പി സി ജോര്‍ജ് ട്വന്റിഫോറിനോട് പറഞ്ഞു. ആവശ്യപ്പെട്ടാല്‍ ബിജെപിക്കായി പ്രചരണത്തിനിറങ്ങും. തനിക്ക് ബന്ധമുള്ള ഏക പാര്‍ട്ടി ബിജെപിയാണെന്നും പി സി ജോര്‍ജ് പറഞ്ഞു.

Story Highlights: may 9 news round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here