Advertisement

‘ഷോർട്ട്‌സ് ധരിച്ചതിന് ശകാരിച്ചു, ഇന്ന് അവൾ ലോക ചാമ്പ്യനാണ്; നിഖത് സരീൻ്റെ പിതാവ്

May 20, 2022
Google News 3 minutes Read

മുൻ ഫുട്ബോൾ താരവും ക്രിക്കറ്റ് താരവുമായ മുഹമ്മദ് ജമീലിന്റെ നാല് പെൺമക്കളിൽ ഒരാൾ കായികരംഗത്തേക്ക് വരണമെന്നത്ത് അദ്ദേഹത്തിൻ്റെ വലിയ ആഗ്രഹമായിരുന്നു. നിസാമാബാദ് സ്വദേശി തന്റെ മൂന്നാമത്തെ മകൾ ‘നിഖാത് സറീന് അത്ലറ്റിക്സ്’ തെരഞ്ഞെടുത്തു നൽകി. തീരുമാനം തെറ്റിയില്ല, സ്പ്രിന്റ് ഇനങ്ങളിൽ യുവ നിഖത് സംസ്ഥാന ചാമ്പ്യനായി. പക്ഷേ പിതാവ് മുഹമ്മദ് ജമീലിന് തൻ്റെ മകളുടെ കഴിവിന് ഇത് പോരെന്ന് തോന്നി.

ഒടുവിൽ ബോക്സിംഗ് റിംഗിൽ എത്തിയ അവൾ 14-ാം വയസ്സിൽ ലോക യൂത്ത് ബോക്സിംഗ് ചാമ്പ്യനായി കിരീടമണിഞ്ഞു. ഇതായിരുന്നു തുടക്കം…11 വർഷങ്ങൾക്കിപ്പുറം ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഹൈദരാബാദുകാരിയെ കുറിച്ച് പിതാവ് പറയുന്നു.

മേരി കോമിനെതിരെ റിങ്ങിലും പുറത്തുമായുള്ള ‘പോരാട്ട’ങ്ങളിലൂടെ വാർത്തകളിൽ നിറഞ്ഞുനിന്ന നിഖാത് സരീൻ, നാലു വർഷത്തെ ഇടവേളയ്ക്കു ശേഷം ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം ഇന്ത്യയിലെത്തിച്ചാണ് ഇത്തവണ വാർത്തകളിലെ താരമാകുന്നത്. പിതാവിൻ്റെ കായിക കരുത്തിനും, പിന്തുണയ്ക്കും നടുവിൽ വളർന്ന നിഖത്തിൻ്റെ ആയുധം ‘ക്ഷമ’ ആയിരുന്നു.

മേരി കോമിന്റെ നിഴലിൽ നിന്ന് സൂര്യ വെളിച്ചത്തിലേക്ക് എത്താൻ ക്ഷമയോടെ കാത്തിരിക്കാൻ മകളോട് ഉപദേശിച്ചത് പിതാവ് തന്നെയാണ്. 2017ൽ തോളെല്ലിനേറ്റ പരുക്ക് അവളുടെ ഒരു വർഷം കവർന്നെടുത്തു. പക്ഷേ അഞ്ച് വർഷത്തിന് ശേഷം നിഖാത് ലോക ചാമ്പ്യനായി മാറിയപ്പോൾ വേദനയും, നിരാശയും എല്ലാം ഒരു ഓർമയായി മാറിയെന്ന് ജമീൽ അഭിമാനത്തോടെ പറയുന്നു.

“ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുക എന്നത് മുസ്ലീം പെൺകുട്ടികൾക്കും രാജ്യത്തെ ഓരോ പെൺകുട്ടികൾക്കും ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൈവരിക്കാനുള്ള പ്രചോദനമായി വർത്തിക്കും. ഒരു കുട്ടി, അവൻ ആണോ പെണ്ണോ ആവട്ടെ അവരുടേതായ വഴി കണ്ടെത്തണം, നിഖാത്ത് അവളുടെ സ്വന്തം വഴി കണ്ടെത്തി ഇന്ന് ചാമ്പ്യനായി മാറി” വികാരാധീനനായ ജമീൽ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

അമ്മാവൻ സംസമുദ്ദീന്റെ മക്കളായ ഇത്ഷാമുദ്ദീനും ഇതിഷാമുദ്ദീനും ബോക്സർമാരായതിനാൽ, യുവ നിഖത്തിന് അവളുടെ കുടുംബവൃത്തത്തിന് പുറത്ത് പ്രചോദനം തേടേണ്ടി വന്നില്ല. 2000-കളുടെ അവസാനത്തിൽ നിസാമാബാദിലോ ഹൈദരാബാദിലോ വനിതാ ബോക്‌സർമാർ ഇല്ലായിരുന്ന കായികരംഗത്തേക്ക് കടക്കുന്നതിൽ നിന്ന് മകളെ അവർ നിരുത്സാഹപ്പെടുത്തിയില്ല. എന്നാൽ സ്‌പോർട്‌സിൽ പെൺകുട്ടികൾ ഷോർട്ട്‌സും ട്രെയിനിംഗ് ഷർട്ടും ധരിക്കണമെന്ന വ്യവസ്ഥ അംഗീകരിക്കാൻ ജമീലിന്റെ വീട്ടുകാർക്ക് എളുപ്പമായിരുന്നില്ല. എന്നാൽ മകളുടെ സ്വപ്നത്തിനൊപ്പം അമ്മ പർവീൺ സുൽത്താനയും നിലകൊണ്ടു.

“ബോക്‌സർ ആകാനുള്ള അവളുടെ സന്നദ്ധതയെക്കുറിച്ച് നിഖത് പറഞ്ഞപ്പോൾ നമുക്ക് മടിയുമുണ്ടായിരുന്നില്ല. എന്നാൽ ഒരു പെൺകുട്ടി ഷോർട്ട്സ് ധരിക്കേണ്ട സ്പോർട്സ് കളിക്കരുതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞിരുന്നു. എന്നാൽ നിഖത് എന്ത് ആഗ്രഹിച്ചാലും ഞങ്ങൾ അവളുടെ സ്വപ്നത്തെ പിന്തുണയ്ക്കും” ജമീൽ പറഞ്ഞു.

ലോക ചാമ്പ്യന്റെ തിരിച്ചുവരവിനുള്ള ഒരുക്കങ്ങൾ നടത്തുകയാണ് ജമീൽ. “കഴിഞ്ഞ 2-3 വർഷമായി അവളുടെ പ്രിയപ്പെട്ട ബിരിയാണിയും നിഹാരിയും മോൾക്ക് നഷ്ടമായി. ക്യാമ്പിൽ നിന്ന് തിരിച്ചെത്തി, വീണ്ടും പരിശീലനം ആരംഭിക്കും മുമ്പ് 1-2 ദിവസം അവൾക്ക് ഇതൊക്കെ ഫുൾ കഴിക്കാം” ജമീൽ വാത്സല്യപൂർവം കൂട്ടിച്ചേർത്തു.

Story Highlights: Don’t wear shorts they would tell Nikhat, today she is a world champion: Father Jameel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here