Advertisement

ഇന്ധന നികുതി ഇനിയും കുറയ്ക്കാനാവില്ല; നിലപാട് വ്യക്തമാക്കി മന്ത്രി കെഎൻ ബാല​ഗോപാൽ

May 22, 2022
Google News 2 minutes Read
balagopal 1

ഇന്ധനത്തിന്റെ നികുതി ഇനിയും കുറയ്ക്കാനാവില്ലെന്ന് മന്ത്രി കെഎൻ ബാല​ഗോപാൽ. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. അവശ്യവസ്തുകൾ ഉൾപ്പെടെയുള്ള ചരക്കുകളുടെ വില പിടിവിട്ട് കുതിച്ചുയരുന്നതിനാലാണ് കേന്ദ്രസർക്കാർ പെട്രോളിന്‍റെ നികുതി 8 രൂപയും ഡീസലിന് 6 രൂപയും കുറയ്ക്കാൻ നിർബന്ധിതരായത്. ഇത് സ്വാഗതാർഹമായ ഒരു നടപടിയാണ്. എന്നാൽ 2014 മുതൽ നിരന്തരമായി വർധിപ്പിച്ച നികുതിയാണ് നിവൃത്തിയില്ലാത്ത സാഹചര്യത്തിൽ കേന്ദ്രസർക്കാർ കുറവു ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

2020 മാർച്ച്, മെയ് കാലയളവിലായി കേന്ദ്രം പെട്രോളിന് 13.32 രൂപയും ഡീസലിന് 17.97 രൂപയും നികുതി വർധിപ്പിച്ചിരുന്നു. ഇപ്പോൾ യഥാർത്ഥത്തിൽ ഈ വർദ്ധനവാണ് കുറവ് ചെയ്തിരിക്കുന്നത്. എന്നാൽ ബിജെപി സർക്കാർ 2014ൽ അധികാരത്തിൽ വരുമ്പോൾ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയും മാത്രമായിരുന്നു കേന്ദ്ര നികുതി. ഇപ്പോഴത്തെ ഇളവിന് ശേഷവും കേന്ദ്ര പെട്രോള്‍ നികുതി 2014 നേക്കാൾ രണ്ടിരട്ടിയും ഡീസലിന് നാലിരട്ടിയും കൂടുതലാണ്. കേന്ദ്രം 2021 നവംബർ 4ന് ഡീസലിന് നികുതി 10 രൂപയും പെട്രോളിന് 5 രൂപയും കുറച്ചപ്പോൾ യഥാർത്ഥത്തിൽ കേരളത്തിൽ കുറഞ്ഞതാവട്ടെ ഡീസലിന് 12.30 രൂപയും പെട്രോളിന് 6.56 രൂപയുമാണ്. ഇതിൽ 2.30 രൂപ ഒരു ലിറ്റർ ഡീസലിനും 1.56 രൂപ ഒരു ലിറ്റർ പെട്രോളിനും അധികമായി കുറഞ്ഞത് കേരളത്തിന്റെ വകയായിട്ടാണ്. ഇപ്പോള്‍ കേന്ദ്രം നികുതി കുറച്ചതിന്റെ ഫലമായി കേരളത്തിനു പെട്രോള്‍ നികുതിയില്‍ 2.41 രൂപയുടെയും ഡീസലിന് 1.36 രൂപയുടെയും കുറവ് വരും.

Read Also: ഇന്ധനവിലയിലെ കുറവ്, പ്രതിവർഷ വരുമാനനഷ്ടം 2,20000 കോടി; മന്ത്രി നിർമല സീതാരാമൻ

ആ രൂപത്തില്‍ 2021 നവംബറിന് ശേഷം കേരളം പെട്രോളിന് 3.97 രൂപയും ഡീസലിന് 3.68 രൂപയും നികുതി കുറച്ചു. കേരളത്തിൽ വന്ന നികുതി കുറവിനെ വെറും ആനുപാതിക കുറവ് എന്നുപറഞ്ഞു കുറച്ചു കാണേണ്ടതില്ല. പകരം നമ്മുടെ നികുതി ഘടനയുടെ പ്രത്യേകത കൊണ്ടുതന്നെ നികുതി നിരക്കിൽ കേരളത്തിലും കുറവ് വരുത്തി എന്നു തന്നെ പറയേണ്ടി വരും. എന്നാല്‍ കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 2014 സെപ്തംബർ മുതൽ നടത്തിയ സംസ്ഥാന നികുതി വർദ്ധനവ് കൂടി പരിശോധിക്കാം. സെപ്തംബറിൽ 99.96 ഡോളർ, ഒക്ടോബറിൽ 86.83 ഡോളർ, നവംബറിൽ 77.58 ഡോളർ ഡിസംബറിൽ 61.21 ഡോളർ 2015 ജനുവരി ആയപ്പോഴേക്കും വില 46.59 ഡോളറായി. ആ സമയത്ത് ഏറ്റവും കുറഞ്ഞ നിരക്കിലായി ക്രൂഡോയിൽ വില. ഈ വിലക്കുറവിന്റെ ആനുകൂല്യം ജനങ്ങൾക്ക് നൽകുന്നതിന് പകരം ഉമ്മൻചാണ്ടി 13 തവണയാണ് പെട്രോൾ നികുതി വർധിപ്പിച്ചത്.

2015 ഫെബ്രുവരി മുതൽ വീണ്ടും ക്രൂഡ് വില വർധിക്കാൻ തുടങ്ങി. വിലകുറയ്ക്കുന്നതിന് പകരം 2015 ഫെബ്രുവരിയിൽ പെട്രോള്‍ നികുതി 31.80 ശതമാനമായും ഡീസൽ നികുതി 24.52 ശതമാനമായും വർധിപ്പിക്കുകയാണ് അന്നത്തെ യുഡിഎഫ് സർക്കാർ ചെയ്തത്. എന്നാൽ 2016ൽ എൽഡിഎഫ് അധികാരത്തില്‍ വന്നത് മുതൽ കേരളം ഇന്നേവരെ ഇന്ധന നികുതി വർധിപ്പിച്ചിട്ടെയില്ല. 2018 ജൂണിൽ സർക്കാർ പെട്രോളിന്റെ നികുതി നിരക്ക് 31.80ല്‍ നിന്നും 30.08 ശതമാനമായും ഡീസലിന്റെ നികുതി നിരക്ക് 24.52ല്‍ നിന്നും 22.76 ശതമാനമായും കുറച്ചു.

Read Also: സാധാരണക്കാര്‍ക്ക് ആശ്വാസം; പുതുക്കിയ ഇന്ധനവില ഇന്നുമുതല്‍ പ്രാബല്യത്തില്‍

കൊവിഡ് കാലത്തു യുപി, ഗോവ, ഹരിയാന, ചത്തീസ്ഗഡ്, കർണാടക, ആസാം മുതലായ സംസ്ഥാനങ്ങൾ ഇന്ധന നികുതി വർധിപ്പിച്ചപ്പോൾ നികുതി വർധിപ്പിക്കാതെയിരുന്ന ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം.
ഇന്ധനവില കേരളം വീണ്ടും കുറയ്ക്കണമെന്ന് ആവർത്തിക്കുമ്പോൾ നമ്മൾ മറക്കുന്ന മറ്റു പല കണക്കുകളും ഉണ്ട്. 20,000 കോടി രൂപയിലധികമുള്ള ചെലവുകളാണ് കൊവിഡ് പാക്കേജിലൂടെ സർക്കാർ നിർവഹിക്കുന്നത്. കൊവിഡ് ബാധിച്ച് മരിച്ച ബിപിഎൽ കുടുംബങ്ങൾക്ക് പ്രതിമാസം 5000 രൂപ മൂന്നുവർഷത്തേക്ക് കൊടുക്കാൻ തീരുമാനിച്ചു. സാമൂഹിക സുരക്ഷാ പെൻഷന് വേണ്ടി 10,000 കോടിയിലധികം ചെലവാക്കുന്ന മറ്റു സംസ്ഥാനങ്ങൾ ഉണ്ടാവില്ല.

കമ്പോളത്തിൽ നിന്നും കടം എടുക്കുന്നതിന് കടുത്ത നിയന്ത്രണങ്ങളാണ് ഇപ്പോൾ കേന്ദ്രം കൊണ്ടുവന്നിരിക്കുന്നത്. കേരള സർക്കാർ ഏറ്റെടുത്തു നടത്തുന്ന സാമൂഹികക്ഷേമ പ്രവർത്തനങ്ങൾക്കുള്ള ചെലവ് വർദ്ധിക്കുന്ന സാഹചര്യത്തിൽ, വീണ്ടും കേരളം നികുതി കുറയ്ക്കണമെന്ന് വാശിപിടിക്കുന്നവർ ചുരുങ്ങിയ കാലംകൊണ്ട് നികുതി വർദ്ധനവ് വരുത്തിയ കേന്ദ്രനിലപാട് തിരിച്ചറിയുകയാണ് വേണ്ടത്. ഫലത്തിൽ സംസ്ഥാനത്തിലെയും ജനങ്ങളുടെയും താൽപ്പര്യത്തിന് വിരുദ്ധമാണ് കേരളം പെട്രോളിന്റയും ഡീസലിന്റയും നികുതി ഇനിയും കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നത്. ബാല​ഗോപാൽ വ്യക്തമാക്കി.

Story Highlights: Fuel tax cannot be reduced; KN Bala Gopal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here