Advertisement

തെങ്കാശിത്തമിഴകം, തെൻട്രലിൽ പൂമണം…

May 26, 2022
Google News 1 minute Read

..

യു എം ബിന്നി

ചിത്രകാരന്‍, ഡിസൈനര്‍

അതിര്‍ത്തികള്‍ പോലും അടച്ചിരുന്ന രോഗഭീതിയുടെ പേക്കിനാവുകളില്‍ യാത്രയുടെ നേര്‍ത്ത വഴികള്‍പോലും ഇല്ലാതാവുകയായിരുന്നു. പറ്റുമ്പോഴൊക്കെ ചെറുതും, ഇമ്മിണി വലുതുമായ പയണങ്ങള്‍ക്ക് ഇടം കണ്ടെത്തിയിരുന്ന ശീലങ്ങള്‍ക്കും നീണ്ട അവധിയായി. വീട്ടുമുറ്റം വിട്ടിറങ്ങാന്‍ സാധിക്കാത്ത കാലത്ത് എന്തെന്ത് ദേശാടനങ്ങള്‍….

കോവിഡ് 19 എന്ന വിചിത്രമഹാമാരിയില്‍ ലോകംതന്നെ മുങ്ങിമരിച്ചുകൊണ്ടിരുന്നു. അക്കാലം ഓര്‍മ്മയിലൊളിപ്പിച്ച്, ആര്യങ്കാവ് കോട്ടവാസല്‍ താണ്ടിവീണ്ടും തമിഴകത്തിന്റെ മണ്ണിലെത്തുമ്പോള്‍ മലയാളനാടിന്റെ അതിര്‍ത്തി ഭേദനത്തിന് നീണ്ട രണ്ടര വര്‍ഷത്തെ ഇടവേള. കൊല്ലത്തു നിന്നും തെങ്കാശി ഫാസ്റ്റില്‍ പാണ്ഡ്യനാട്ടില്‍ ചെന്നിറങ്ങുമ്പോള്‍ തെങ്കാശിയുടെ ഭൂമിശാസ്ത്രം തന്നെ മാറ്റിയെഴുതപ്പെട്ടുകഴിഞ്ഞിരുന്നു.

കോവിഡിന്റെ നിസംഗതയില്‍ ചെന്തരുണി വനങ്ങള്‍ കരിംപച്ചയായ് ആര്‍ത്തലച്ച് വളര്‍ന്നുപന്തലിച്ച പോലെ തോന്നി, ഒന്ന് ഒന്നിന് വളമാകുന്നതുപോലെ…, മാമലകള്‍ വളര്‍ന്നുതുടുത്തു. തിരുനെല്‍വേലി ജില്ലയെന്നത് കോവിഡിന് തൊട്ടുമുമ്പുതന്നെ തെങ്കാശി ജില്ലയായി പരിണമിച്ചിരുന്നു. ജില്ലാ ആസ്ഥാനമെന്ന പുതിയ പ്രൗഢിയില്‍ തെങ്കാശിപ്പട്ടണം തിരക്കേറി, തിളങ്ങിനില്ക്കുന്നു.

തെങ്കാശി തെന്‍ട്രല്‍

തെങ്കാശി വിശ്വനാഥന്റെമാത്രം പട്ടണമല്ല, അതുക്കുംമേലെ, കാറ്റിന്റെരാജധാനിയാണ്. തേന്‍ തെന്‍ട്രലും, ശുദ്ധമായ ദ്രാവിഡത്തമിഴും, താമ്രപര്‍ണി നദിയും തെങ്കാശിക്ക് തൊങ്ങലുകള്‍. പാണ്ഡ്യ സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരിയായി പരിലസിച്ച തെക്കിന്റ കാശി.

14ാം നൂറ്റാണ്ടിന്റെ തലയെടുപ്പുമായ് നില്കുന്ന വിശ്വനാഥക്ഷേത്രഗോപുരത്തിന് പത്ത് തെങ്ങിന്റെ ഉയരം. ചുറ്റും ഉയര്‍ന്ന കല്‍ക്കെട്ടുകളുള്ള ക്ഷേത്രനഗരിക്കു ചുറ്റുമാണ് തെങ്കാശിപ്പട്ടണം പണിഞ്ഞിരിക്കുന്നത്.

പൊതിഗൈ മലയടിവാരത്തിലൂടെ വരുന്ന ചൂളം കുത്തുന്ന തെങ്കാശിതെന്‍ട്രല്‍ ക്ഷേത്രഗോപുരനടയിലുടെ ഒരു കാട്ടാറിന്റെ കരുത്തോടെ അകത്തേക്ക് കുത്തിയൊഴുകും.

അയഞ്ഞു നിന്നാല്‍ ഗോപുരവാസലില്‍ കാറ്റിലിടറി മറിഞ്ഞു വീഴും. കാറ്റിന്റെ തിരമുറിക്കുന്ന അനുഭവത്തിനായി പല സൗഹൃദങ്ങളുമായും ഇവിടെയെത്തി കാറ്റിന്റെ പൂക്കാലം എന്ന തെങ്കാശി മാജിക്ക് അനുഭവിച്ചിട്ടുണ്ട്.

പൊതിഗൈ മലനിരകളില്‍ നിന്ന് ചൂളം കുത്തി ആര്യവേപ്പുകളെത്തഴുകിയുഴിഞ്ഞ് തെങ്കാശിത്തെരുവുകളിലൂടെ ചുറ്റിയടിച്ച് പറന്നുവരുന്ന തേന്‍ തെന്‍ട്രലില്‍ മുല്ലൈ മണവും ജമന്തിപ്പൂവാസനയും ഇടകലരും. അകത്തുകയറുന്ന കാറ്റ് വലംചുറ്റി ഉദ്യാന വൃക്ഷങ്ങളെത്തഴുകി ചന്ദന ഗന്ധവുമായി പുറത്തേക്ക് പ്രവഹിക്കും. ഉദ്യാന മുറ്റത്തെ പൂവാകകളും പൂങ്കമരങ്ങളും വേഗക്കാറ്റിന്റെ സ്‌നേഹതാഢനങ്ങളില്‍ ബോണ്‍സായി മരങ്ങള്‍പോലെ കാറ്റുപിടിച്ച് വകഞ്ഞൊതുങ്ങി, കുരിടിച്ചുനില്‍ക്കുന്നു.
മുറ്റത്തെ പുല്‍മേടിനുപോലുമുണ്ട് കാറ്റുവന്നുവിളിച്ച കഥപറയാന്‍…

കാറ്റുവന്നുചെവിയിലൂതിമറുചെവിയിലൂടെ പുറത്തേക്കൊഴുകുമ്പോള്‍ അകതാരില്‍ അനുഭൂതികളുടെ ഇ ഇ ജി വരയ്ക്കപ്പെടും.., ഇലക്ട്രോ എന്‍സഫലോ ഗ്രാം! ന്യൂറോ സര്‍ജന്‍മാര്‍ ക്ഷമിക്കുക, ഇത് പുതിയ വേര്‍ഷന്‍..!

ചിത്തിര മാസവും വൈകാശിയും (നടപ്പുമാസം) ആണ് കാറ്റിന്റെ കടും കളിയരങ്ങ്… വൈകാശി കാലത്തില്‍ വസന്തവും, തമിഴര്‍ക്ക് വിശിഷ്ടവുമാണ്. വസന്തം കാറ്റുമായ്‌ച്ചേരുമ്പോള്‍ അനുബന്ധമായി ചിലപ്പോള്‍ ആകാശത്തു നിന്നും നൂലുപോലെ പൊഴിയുന്ന സാറല്‍മഴയും വിരുന്നെത്തും. കാറ്റും സാറല്‍ മഴയും ഒത്തുവന്നാല്‍ അനുഭൂതികളുടെ അപൂര്‍വ്വ സിംഫണി.

കാറ്റിന് വരിപിടിച്ച് കണ്ണുചിമ്മി ഗോപുരനടയുടെ കിളിവാതിലുകളില്‍ വെയിലുകായുന്ന വാനരപ്പട ആര്‍ദ്രമായ മറ്റൊരു കൗതുകക്കാഴ്ച്ച. ഋതുവസന്തം അവരിലും പ്രണയംനിറക്കുന്നുണ്ടാകാം…

യാത്രാവിവരണം തയാറാക്കിയത്: യു എം ബിന്നി (ചിത്രകാരനും ഡിസൈനറുമാണ് സഞ്ചാരി)

Story Highlights: travelogue tenkashi tamil nadu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here