ഡോ. കെ.പി. സുധീരയുടെ ‘ഭൂഖണ്ഡങ്ങളിലൂടെ’ യാത്രാവിവരണം പ്രകാശനം ചെയ്തു

ഡോ. കെ.പി. സുധീരയുടെ ‘ഭൂഖണ്ഡങ്ങളിലൂടെ’ എന്ന യാത്രാവിവരണഗ്രന്ഥം ഗോവ ഗവര്‍ണര്‍ പി. എസ്. ശ്രീധരന്‍ പിള്ള പ്രകാശനം ചെയ്തു. 24 ന്യൂസ് ചാനല്‍ എഡിറ്റര്‍ പി.പി.ജയിംസ് ആദ്യകോപ്പി സ്വീകരിച്ചു.
പത്രപ്രവര്‍ത്തകന്‍ എ.സജീവന്‍ അധ്യക്ഷനായി. റഹിം പൂവാട്ടുപറമ്പ് സ്വാഗതം പറഞ്ഞു. ഡോക്ടര്‍ ശ്രീശൈലം ഉണ്ണികൃഷ്ണന്‍ പുസ്തകം പരിചയപ്പെടുത്തി. എസ്.കെ.പൊറ്റെക്കാട്ടിന്റെ മകള്‍ സുമിത്ര ജയപ്രകാശ്, ഡോക്ടര്‍ മിലി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കെ.പി.സുധീര മറുപടി പ്രസംഗം നടത്തി.
സംസ്ഥാന ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ അറുപതിലേറെ പുരസ്‌കാരങ്ങള്‍ ലഭിച്ച ഡോക്ടര്‍ കെ.പി.സുധീരയുടെ എണ്‍പത്തിയഞ്ചാമത്തെ പുസ്തകമാണ് ഭൂഖണ്ഡങ്ങളിലൂടെ.
ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക ,വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ ഭൂഖണ്ഡങ്ങളിലൂടെ സഞ്ചരിക്കുകയും യാത്രയുടെ അനുഭവങ്ങള്‍ വായനക്കാര്‍ക്ക് മുന്‍പില്‍ പ്രകാശനം ചെയ്യുകയുമാണ് ഡോ കെ.പി.സുധീര ഈ കൃതിയിലൂടെ. വടക്കേ ആഫ്രിക്കയിലെ ഈജിപ്തിലും മമ്മികളെ കുറിച്ചും രാജകുടീരങ്ങളെ കുറിച്ചും, ക്ലിയോപാട്രയും ഭരണവും, അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയെക്കുറിച്ചും വിശദമായി എഴുതിയിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ 6 സംസ്ഥാനങ്ങളിലൂടെ ഉള്ള യാത്ര ,സലാല, തായ്ലന്‍ഡ്, മലേഷ്യ, സിംഗപ്പൂര്‍ ,ചൈന, യുകെ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലൂടെയുള്ള യാത്രയാണ് ഈ പുസ്തകത്തില്‍.
കെ.സി പത്മനാഭന്റെയും ശാരദയുടെയും മകളായി കോഴിക്കോട് പുതിയറയിലാണ് ഡോ.കെ.പി.സുധീര (വിദ്യാ വാചസ്പതി) യുടെ ജനനം. കേരള ഗ്രാമീണ്‍ ബാങ്ക് മാനേജരായിരുന്നു. 12 സാഹിത്യ ശാഖകളിലായി 85 പുസ്തകങ്ങള്‍ എഴുതി. ദേശത്ത് നിന്നും വിദേശത്ത് നിന്നുമായി 52 ലധികം പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ലളിതാംബിക അന്തര്‍ജനം, കേസരി ബാലകൃഷ്ണപിള്ള, വൈക്കം മുഹമ്മദ് ബഷീര്‍, തകഴി, ഉറൂബ്, എസ്.കെ. പൊറ്റക്കാട്, ഒ.വി. വിജയന്‍ തുടങ്ങിയവരുടെ പേരിലുള്ള പുരസ്‌കാരങ്ങള്‍, മാതൃഭൂമി ഗൃഹലക്ഷ്മി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍, 2018 ല്‍ കമലാ സുരയ്യയുടെ പേരിലുള്ള കേരളാ ഗവ.വനിതാരത്‌നം പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 2023 ല്‍ കേരള സാഹിത്യ അക്കാദമി, സാഹിത്യത്തിലെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം നേട്ടത്തിലാണ് ഇപ്പോള്‍.
ദില്ലി സുലഭ് സാഹിത്യ അക്കാദമി അവാര്‍ഡ്, ബീജാപ്പൂര്‍ താജ് മുഗളിനി അവാര്‍ഡ്, ദില്ലി ഗായത്രി അവാര്‍ഡ്, മീരാ ഭായ് അവാര്‍ഡ്, കസ്തൂര്‍ ഭാ സമ്മാന്‍, ശ്രീമന്‍ അരവിന്ദ് ആശ്രമം അവാര്‍ഡ്, അക്ക മഹാദേവി പുരസ്‌കാരം എനിക്കങ്ങനെയുള്ള ദേശീയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. 2010ല്‍ ബീഹാര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വിദ്യാ വാചസ്പതി ഡോക്ടരേറ്റ് ലഭിച്ചു.
ലണ്ടന്‍ ലിംഗ്വല്‍ ഹാര്‍മണി അവാര്‍ഡ്, ശ്രീലങ്ക സംഘമിത്രാ അവാര്‍ഡ്, ഈജിപ്ത് ഡോട്ടര്‍ ഓഫ് നൈല്‍, 2019 ല്‍ ഇസ്താംബൂളില്‍ നിന്ന് ബ്ലസ്സിസ് ലേഡി ഓഫ് ദ ടൈം എന്നിവയും 2020 ല്‍ യൂറോപ്പിലും 2022 ല്‍ തുര്‍ക്കിയിലും ലഭിച്ച ആദരവ് ഉള്‍പ്പെടെയുള്ള അന്തര്‍ദേശീയ അവാര്‍ഡുകളും നേടിയിട്ടുണ്ട്. സാഹിത്യ സംബന്ധിയായി 42 വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ഡോക്ടര്‍ കെ.പി.സുധീരയുടെ കൃതികള്‍ നിരവധി ഭാഷകളിലേക്കും തര്‍ജമ ചെയ്യപ്പെട്ടിട്ടുണ്ട്.
Story Highlights: Dr. KP Sudhira’s travelogue released
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here